ജയിക്കാനായി ഗോകുലം
text_fieldsകോഴിക്കോട്: ഐ ലീഗിൽ വ്യാഴാഴ്ച ഗോകുലം എഫ്.സിക്ക് നിർണായക മത്സരം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന് ജയിച്ചേ മതിയാവൂ. ഇംഫാലിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ നെറോക്ക എഫ്.സിയോട് തോൽവി വഴങ്ങിയ ക്ഷീണവുമായെത്തുന്ന ഗോകുലം പഞ്ചാബുകാരിൽനിന്ന് കടുത്ത മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
15 മത്സരങ്ങളിൽനിന്ന് 31 പോയന്റുമായി രണ്ടാം സ്ഥാനത്താണ് റൗണ്ട് ഗ്ലാസ് പഞ്ചാബ്. 14 മത്സരങ്ങളിൽനിന്ന് 24 പോയന്റുള്ള ഗോകുലം മൂന്നാമതാണ്. കഴിഞ്ഞ രണ്ട് എവേ മത്സരങ്ങളിലും സമനില വഴങ്ങിയാണ് പഞ്ചാബ് മലബാറിയൻസിന്റെ മണ്ണിൽ കളിക്കാനെത്തുന്നത്.
നെറോക്കയോട് തോറ്റെങ്കിലും മികച്ച കളിയാണ് ടീം പുറത്തെടുത്തതെന്ന് ഗോകുലം ഹെഡ് കോച്ച് ഫ്രാൻസെസ് ബോണറ്റ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകൾ തിരുത്തി ജയത്തിനായി പോരാടുമെന്ന് ഗോകുലത്തിന്റെ താരം വികാസ് സൈനി പറഞ്ഞു. വൈകുന്നേരം 4.30നാണ് മത്സരം.

