ഐ ലീഗ്: ഗോകുലത്തിന് റയൽ കശ്മീരിനെതിരെ സമനില (1-1)
text_fieldsശ്രീനഗർ: ഐ. ലീഗിൽ മുൻചാമ്പ്യന്മാരായ ഗോകുലത്തിന് സമനിലയുമായി മടക്കം. റയൽ കശ്മീരുമായി അവരുടെ തട്ടകത്തിൽ നടന്ന മത്സരമാണ് ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞത്. ആദ്യം വല കുലുക്കി മുന്നിൽ കയറിയത് ആതിഥേയരാണ്. വിസിൽ മുഴങ്ങി 120 സെക്കൻഡ് പൂർത്തിയാകുംമുമ്പുതന്നെ മലബാറിയൻസ് പിന്നിലായി.
വലതു വിങ്ങിൽ കശ്മീരുകാർക്ക് ലഭിച്ച ത്രോയിലായിരുന്നു ഗോളിന്റെ പിറവി. മുഹമ്മദ് ആക്വിബ് എറിഞ്ഞ നീണ്ട ത്രോയിൽ കാമറൂണുകാരനായ ബൂബാ അമീനൂ ഉയർന്നുചാടി തലവെച്ച് വലയിലെത്തിക്കുകയായിരുന്നു. മൂന്ന് സീസണിൽ ഗോകുലത്തിനായി കളിച്ച് ഐ. ലീഗ് ചാമ്പ്യൻമാരാക്കിയ ശേഷം ടീം വിട്ട താരമാണ് അമീനൂ. ഗോൾ വീണശേഷവും മുന്നിൽനിന്ന് കളി നയിച്ചത് ആതിഥേയർ തന്നെ. എന്നാൽ, ഷോട്ടുകളും ഹെഡറുകളും പലവട്ടം പിഴച്ചത് ഗോകുലത്തിന് തുണയായി. സെനഗാൾ സ്ട്രൈക്കർ കരീം സാംബായിരുന്നു കൂടുതൽ അപകടകാരി.
ഇടവേളക്കു ശേഷം പക്ഷേ, ശരിക്കും മാറിയ മുഖവുമായാണ് ഗോകുലം ഇറങ്ങിയത്. 76ാം മിനിറ്റിൽ ടീം സ്കോർ ചെയ്യുകയും ചെയ്തു. ഫ്രീകിക്കിൽ അതുൽ ഉണ്ണികൃഷ്ണനായിരുന്നു ടീമിനെ ഒപ്പമെത്തിച്ച് വല കുലുക്കിയത്. ശ്രീനഗറിൽ ഗോകുലം നാലു തവണ കളിച്ചതിൽ ആദ്യമായാണ് എതിർ വല കുലുക്കുന്നതെന്ന സവിശേഷതയുമുണ്ടായിരുന്നു ഗോളിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

