ഐ ലീഗ്: ഗോകുലം-ഐസോൾ മത്സരം സമനിലയിൽ
text_fieldsഐസോൾ: ഐ ലീഗ് ഫുട്ബാളിൽ വിജയവഴിയിലെത്താനാവാതെ ഗോകുലം കേരള എഫ്.സി. ഐസോൾ എഫ്.സിക്കെതിരെ നടന്ന കളി 1-1ന് സമനിലയിൽ പിരിഞ്ഞു. 31ാം മിനിറ്റിൽ ലാൽബിയാക്ഡിക ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു. ആദ്യ പകുതിയുടെ ആഡ് ഓൺ ടൈമിൽ തന്നെ ക്യാപ്റ്റൻ അലക്സാൻഡ്രോ സാഞ്ചസ് ലോപ്പസിലൂടെ (45+4) ഗോകുലം സമനിലയും പിടിച്ചു. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന കളിയുടെ രണ്ടാം പകുതിയിൽ ഇരു ടീമും ജയത്തിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
പത്ത് മത്സരങ്ങളിൽ 14 പോയന്റുമായി മലബാറിയൻസ് ആറാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമാണ് സമ്പാദ്യം. 10 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ 18 പോയന്റുമായി നാലാം സ്ഥാനത്താണ് ഐസോൾ. 10 ഗോളുകളുമായി നിലവിൽ ടൂർണമെന്റിലെ ഏക ടോപ് സ്‌കോററാണ് സാഞ്ചസ്. ഡിസംബർ 19ന് ഡെക്കാൻ അരീനയിൽ ശ്രീനിധി ഡെക്കാനെ ഗോകുലം നേരിടും. ശ്രീനഗറിൽ നടന്ന കളിയിൽ റിയൽ കശ്മീർ 3-1ന് ഷില്ലോങ് ലജോങ്ങിനെയും തോൽപിച്ചു.

