'ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യുകയാണ്' ; കഫിയ ധരിച്ച് ഗ്വാർഡിയോള
text_fieldsവീണ്ടും ഫലസ്തീൻ അനുകൂല നിലപാടുമായി മാഞ്ചസ്റ്റർ സിറ്റി ഫുട്ബാൾ ക്ലബ് പരിശീലകൻ പെപ് ഗ്വാർഡിയോള. ഫലസ്തീൻ ഐകദാർഢ്യത്തിന്‍റെ പ്രതീകമായ കഫിയ ധരിച്ച ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ഗ്വാർഡിയോള വീണ്ടും തന്‍റെ നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിന് അനുകൂലമായി കമന്‍റ്ബോക്സിൽ ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം മാർക്ക് കാസഡോയും രംഗത്തെത്തി. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ഓണററി ബിരുദം സ്വീകരിച്ച ശേഷം പ്രസംഗിക്കവേ ഗ്വാർഡിയോള ഗസ്സക്ക് വേണ്ടി ശക്തമായി ശബ്ദമുയർത്തിയിരുന്നു. ഗസ്സയിലെ കാഴ്ചകൾ അങ്ങേയറ്റം വേദന നിറഞ്ഞതാണെന്നും ലോകം മൗനം തുടരരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'ഗസ്സയിൽ നമ്മൾ കാണുന്ന കാഴ്ചകൾ അങ്ങേയറ്റം വേദന നിറഞ്ഞതാണ്. അത് എന്നെയാകെ വേദനിപ്പിക്കുന്നുണ്ട്. ഞാൻ ഒരു കാര്യം വ്യക്തമാക്കട്ടെ -ഇത് ആശയധാരകളുടെ വിഷയമല്ല. ഞാൻ ശരിയാണെന്നോ നീ തെറ്റാണെന്നോ ഉള്ള വാദങ്ങളുടെ കാര്യമല്ല. ഇത് ജീവിതത്തോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമാണ്. നിങ്ങളുടെ അയൽക്കാരോടുള്ള കരുതലിനെ കുറിച്ചാണ്. നാലുവയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ ബോംബിനാൽ കൊല്ലപ്പെടുന്നത് നമ്മൾ കാണുകയാണ്. ആശുപത്രി എന്ന് വിളിക്കാൻ പോലും പറ്റാത്ത ആശുപത്രികളിൽ കൊല്ലപ്പെടുകയാണ്. എന്നാൽ, അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ലെന്ന് നമ്മൾ കരുതുന്നു. ആവട്ടെ, നമുക്ക് അങ്ങനെ കരുതാം. അത് നമ്മുടെ കാര്യമല്ലെന്ന് കരുതാം. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. അടുത്തത് നമ്മളായിരിക്കാം. അടുത്തതായി കൊല്ലപ്പെടുന്ന നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞുങ്ങൾ നമ്മുടേതായിരിക്കാം. ഗസ്സയിലെ ഈ ദുസ്വപ്നം ആരംഭിച്ചതു മുതൽ എല്ലാദിവസവും രാവിലെ ഞാൻ എന്‍റെ കുഞ്ഞുങ്ങളായ മരിയയെയും മാരിയസിനെയും വലന്‍റീനയെയും കാണുകയാണ്. ഞാൻ അങ്ങേയറ്റം ഭയപ്പെടുകയാണ്.
നമ്മൾ ഇപ്പോൾ കഴിയുന്നിടത്ത് നിന്ന് വളരെ അകലെയാണല്ലോ ഇതെല്ലാം സംഭവിക്കുന്നതെന്ന് നാം കരുതിയേക്കാം. നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ ചോദിച്ചേക്കാം. എനിക്ക് ഓർമയുള്ള ഒരു കഥ പറയാം. ഒരു കാട്ടിൽ തീ പടരുകയാണ്. എല്ലാ മൃഗങ്ങളും ഭയന്ന് നിൽക്കുകയാണ്. എന്നാൽ, ഒരു ചെറിയ പക്ഷി കടലിലേക്ക് നിരന്തരം പറന്ന് തന്‍റെ കൊക്കിൽ ഇത്തിരി വെള്ളവുമായി തിരികെ വന്ന് തീയിലേക്ക് വിതറുകയാണ്. ഒരു പാമ്പ് ഇത് കണ്ട് ചിരിച്ചുകൊണ്ട് ചോദിച്ചു, 'പക്ഷീ, നിന്നെക്കൊണ്ട് ഒരിക്കലും ഈ തീയണക്കാൻ കഴിയില്ല'. പക്ഷി മറുപടി നൽകി -'എനിക്കറിയാം എന്നെക്കൊണ്ട് കഴിയില്ലെന്ന്'. പിന്നെ നീ എന്തിനാണ് ഇത് തന്നെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പാമ്പ് ചോദിച്ചു. 'ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യുകയാണ്' -പക്ഷി അവസാനമായി പറഞ്ഞു. പക്ഷിക്കറിയാം ആ കാട്ടുതീ തന്നെക്കൊണ്ട് അണക്കാൻ കഴിയില്ലെന്ന്. പക്ഷേ ഒന്നും ചെയ്യാതെയിരിക്കാൻ പക്ഷി തയാറല്ല.
ഒരു മാറ്റം ഉണ്ടാക്കാൻ നമ്മളോരോരുത്തരും തീരെ ചെറുതാണെന്ന് നമ്മളോട് പറയുന്ന ഈ ലോകത്ത് ഈ കഥ എന്നെ ഓർമിപ്പിക്കുന്നത് ഒരാളുടെ ശക്തിയെ കുറിച്ചല്ല. അത് ചെയ്യാനുള്ള തീരുമാനത്തെ കുറിച്ചാണ്. അത് പ്രകടിപ്പിക്കുന്നതിനെ കുറിച്ചും ഏറ്റവും ആവശ്യമായി വരുന്ന ഒരു സമയത്ത് നിശബ്ദരായി ഇരിക്കരുതെന്നതിനെ കുറിച്ചുമാണ്' -ഗ്വാർഡിയോള പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.