Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘മൊളീന വിളിച്ചത് ഞാൻ...

‘മൊളീന വിളിച്ചത് ഞാൻ കേട്ടില്ല, പക്ഷേ, അവനെ ഞാൻ കണ്ടിരുന്നു...’; ആ അവിശ്വസനീയ അസിസ്റ്റിനെക്കുറിച്ച് മെസ്സി

text_fields
bookmark_border
Lionel Messi Assist
cancel
camera_alt

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സ് താരത്തിന്റെ കാലുകൾക്കിടയിലൂടെ പാസ് നൽകുന്ന മെസ്സി (ഫയൽ ചിത്രം)

ബ്വേനസ് എയ്റിസ്: അസാധ്യതയുടെ അവിശ്വസനീയ കോണിൽനിന്ന് അയാൾ അദ്ഭുതങ്ങൾ കാട്ടുമെന്നറിയാവുന്നതുകൊണ്ട് അവർ ആറുപേർ ഏതപകടവും തടയാൻ സന്നദ്ധരായി സ്വന്തം ഗോൾമുഖത്തേക്കുള്ള സകല വഴികളു​മടയ്ക്കാൻ ജാഗരൂകരായിരുന്നു. പക്ഷേ, ലയണൽ മെസ്സിയെന്ന മഹാമാന്ത്രികൻ ആ കോട്ടകൊത്തളങ്ങളെ പൊളിച്ചടുക്കിയത് ലോകത്തെ അമ്പരപ്പിച്ച അസിസ്റ്റുകൊണ്ടായിരുന്നു. നെതർലൻഡ്സിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ആദ്യഗോൾ കുറിക്കാൻ മെസ്സി സഹതാരം നാഹുവൽ മൊളീനക്ക് നൽകിയ പാസ് കളിയഴകിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ചതായിരുന്നു. ഫുട്ബാളിന്റെ എക്കാലത്തേയും മികച്ച അസിസ്റ്റുകളിലൊന്ന്.

35-ാം മിനിറ്റിൽ റൈറ്റ്ബാക്ക് പൊസിഷനിൽനിന്ന് മൊളീന കയറിയെത്തിയത് ഡച്ചുകാരുടെ പെനാൽറ്റി ബോക്സിലാണ്. രണ്ടു എതിർതാരങ്ങളെ ഡ്രിബിൾ ചെയ്തശേഷം തൊട്ടുമുന്നിൽ തടയാനെത്തിയ എതിർതാരത്തിന്റെ കാലുകൾക്കിടയിലൂടെയായിരുന്നു മെസ്സിയുടെ പാസ്. നിരന്നുനിൽക്കുന്ന അരഡസൻ ഓറഞ്ചു​കുപ്പായക്കാർക്കിടയിലെ നേരിയ വഴികളിലൂടെ പന്ത് കൃത്യമായെത്തിയത് ബോക്സിനുള്ളിലേക്ക് പ്രതീക്ഷയോടെ ഓടിയെത്തിക്കൊണ്ടിരുന്ന മൊളീനയിലേക്ക്. ഗോളിയുടെ പ്രതിരോധനീക്കങ്ങളെ തകർത്ത് മൊളീനയുടെ ​േപ്ലസിങ് ഷോട്ട് വലയിലേക്ക്. നിശ്ചിത സമയത്ത് 2-2ന് തുല്യനിലയിലായ ശേഷം മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ജയിച്ചുകയറിയത്.

ഈ ‘അതിശയ പാസി’നെക്കുറിച്ച് മെസ്സിയും മൊളീനയും അർജന്റീനയിലെ ‘ടെലിവിഷൻ പബ്ലിക്ക’ക്ക് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം വിശദമായി സംസാരിച്ചു. ‘ആ പാസ് നൽകുന്നതിനുമുമ്പ് നിങ്ങൾ എന്നെ കണ്ടിരുന്നോ?’ -മൊളീനയുടെ ചോദ്യം മെസ്സിയോടായിരുന്നു.

‘അതേ, ഞാൻ നിന്നെ കണ്ടിരുന്നു. നീ മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നത് ഞാൻ കണ്ടു. അതുകൊണ്ട് ആ ഭാഗത്തേക്ക് പാസ് ചെയ്യുകയെന്നതായിരുന്നു സ്വഭാവികമായി ചെയ്യാനുള്ള കാര്യമെന്ന് ഞാൻ മനസ്സിലാക്കി. എതിർ പ്രതിരോധം മറ്റെന്തെങ്കിലുമൊരു നീക്കം പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് പന്ത് മൊളീനക്ക് കൊടുക്കുന്നത് കൂടുതൽ നന്നായിരിക്കുമെന്നും എനിക്ക് തോന്നി. അവൻ വിളിക്കുന്നതൊന്നും ഞാൻ കേട്ടിരുന്നില്ല. എന്നാൽ, ഞാനവനെ കൃത്യമായി കണ്ടിരുന്നു’ -മെസ്സിയുടെ മറുപടി ഇതായിരുന്നു.

അത്‍ലറ്റികോ മഡ്രിഡ് താരമായ മൊളീന അർജന്റീനക്കുവേണ്ടി 28 മത്സരങ്ങളിൽ മെസ്സിയോടൊപ്പം കളത്തിലിറങ്ങിയിട്ടുണ്ട്. ഇരുവരും ചേർന്ന് രണ്ടു ഗോളുകൾക്കുവേണ്ടി കളത്തിൽ ഒരുമിച്ചുചരടുവലിച്ചിട്ടുമുണ്ട്. അതിലൊന്നായിരുന്നു നെതർലൻഡ്സിനെതിരെ ലോകകപ്പിലേത്.

സൗദി അറേബ്യയോ​ടേറ്റ ഞെട്ടിക്കുന്ന തോൽവിക്കുശേഷം ലോകകപ്പിൽ ഐതിഹാസികമായി തിരിച്ചുവന്ന അർജന്റീന സഹതാരങ്ങളെ അഭിമുഖത്തിൽ മെസ്സി പ്രകീർത്തിച്ചു. ‘ഞങ്ങളുടേത് കരുത്തുറ്റതും ഒറ്റക്കെട്ടായതുമായ സംഘമായിരുന്നു. സൗ​ദി അറേബ്യക്കെതിരായ തിരിച്ചടിക്കുശേഷവും മഹത്തരമായി ടീം തിരിച്ചുവന്നു. ഒരു ലോകകപ്പ് കളിക്കുകയെന്നത് എളുപ്പമൊന്നുമല്ല. എന്നാൽ, ഈ സംഘം ഏറെ കരുത്തരാണെന്നും ലക്ഷ്യത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആധി പിടിക്കാത്തവരാണെന്നും അവർ തെളിയിച്ചു.

നെതർലൻഡ്സിനെതിരെ ഗോൾ നേടിയശേഷം ആഹ്ലാദം പങ്കിടുന്ന മൊളീനയും മെസ്സിയും


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiQatar World CupNahuel MolinaBest Assist
News Summary - "I did not hear him, but I saw him” - Lionel Messi reveals about that assist to Argentina teammate at 2022 FIFA World Cup
Next Story