ചാമ്പ്യൻസ് ഹോസ്റ്റിങ്; ഐ.എസ്.എല്ലിൽ ഇന്ന് ഹൈദരാബാദ്- എ.ടി.കെ ബഗാൻ സെമി ആദ്യ പാദം
text_fieldsഹൈദരാബാദ്: നിലവിലെ ജേതാക്കളും ആതിഥേയരുമെന്ന ബലത്തിൽ ഹൈദരാബാദ് എഫ്.സി, അവസാന മത്സരങ്ങളിലെ ജയത്തിലൂടെ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി ഉജ്ജ്വല ഫോം നിലനിർത്തി പ്ലേഓഫും കടന്ന് നാലിലൊരിടം കണ്ടെത്തിയ എ.ടി.കെ മോഹൻ ബഗാൻ... ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദത്തിന് വ്യാഴാഴ്ച രാത്രി ജി.എം.സി ബാലയോഗി സ്റ്റേഡിയം വേദിയാവുകയാണ്. പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരെന്ന ആനുകൂല്യത്തിൽ നേരിട്ട് സെമി ബെർത്ത് ലഭിച്ചവരാണ് ഹൈദരാബാദുകാർ.
മികച്ച മുൻനിര, ഫലപ്രദമായി കൈകാര്യംചെയ്യുന്ന പ്രതിരോധം, ബാറിനു കീഴിൽ ജാഗരൂകനായ ഗുർമീത് സിങ് തുടങ്ങി ആതിഥേയരെ സംബന്ധിച്ച് ശക്തമാണ് കാര്യങ്ങൾ. ജാവി സിവേരിയോ, ജോയൽ ചിയാനീസ്, ബോർജ ഹെരേര, മുഹമ്മദ് യാസിർ, ഹാലിചരൺ നർസാരി എന്നിവരോടൊപ്പം ക്ലബിന്റെ ടോപ് ഗോൾ സ്കോററായ ബാർത്തലോമിയോ ഒഗ്ബെച്ചെയെപ്പോലുള്ളവരെ നിയന്ത്രിക്കുക ബഗാൻ ഡിഫൻഡർമാർക്ക് ശ്രമകരമായ ജോലിയാണ്. ദിമിത്രി പെട്രാറ്റോസ്, ഹ്യൂഗോ ബൗമസ്, മൻവീർ സിങ്, ആഷിക് കുരുണിയൻ, ലിസ്റ്റൺ കൊളാസോ തുടങ്ങിയവരുടെ ഫോം ഹൈദരാബാദിനും വെല്ലുവിളിയാവും.