Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ധ്വാ​ന​ത്തി​ന്റെ മ​ണ്ണ്; ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ആ​കാ​ശം

text_fields
bookmark_border
ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിർണയിക്കുന്നത് കിരീടങ്ങളല്ല, അതിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങളാണ്
അ​ധ്വാ​ന​ത്തി​ന്റെ മ​ണ്ണ്; ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ആ​കാ​ശം
cancel
camera_alt

2016ലെ ​യൂ​റോ കി​രീ​ട​വു​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

ആത്മവിശ്വാസത്തിന്റെ അളവുകോൽ അവസാനിക്കുന്നത് അഹങ്കാരത്തിന്റെ സ്കെയിലിന്റെ ആദ്യ അക്കത്തിലാണ്. മനുഷ്യ മനസ്സിന്റെ ഇരുധ്രുവങ്ങളുടെ ആ അതിർവരമ്പിൽ എടുപ്പോടെ നിൽക്കുന്ന വൻമരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതിന്റെ ശിഖരങ്ങൾ അഹങ്കാരത്തിന്റെ അംശത്തിലേക്കു ചായുന്നു എന്നു വിമർശകർ പറയും. ആത്മവിശ്വാസത്തിന്റെ ആകാശത്തേക്കു തന്നെ പടരുന്നു എന്ന് ആരാധകരും. എന്നാൽ, എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. അതിന്റെ വേരുകൾ അധ്വാനത്തിന്റെ മണ്ണിൽ തന്നെയാണ്!

മൈതാനത്തെ പ്രതിരോധപ്പൂട്ടുകളല്ല ക്രിസ്റ്റ്യാനോ ആദ്യം ഭേദിച്ചത്, അമ്മയുടെ ഗർഭപാത്രം എന്ന പത്മവ്യൂഹത്തെ തന്നെയാണ്. അമിതാധ്വാനം കൊണ്ടും മരുന്നുകൾ കൊണ്ടും അമ്മ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ആ ശിശു പിന്നീട് പോർചുഗീസ് ഫുട്ബാൾ ചരിത്രത്തെ തന്നെ രണ്ടായി പകുത്തു- തനിക്കു മുമ്പും ശേഷവും! ഫെർഡിനാൻഡ് മഗല്ലനും വാസ്കോ ഡാ ഗാമയും കീഴടക്കിയ വൻകരകളേക്കാൾ വലുതായി ക്രിസ്റ്റ്യാനോ കാൽക്കീഴിലൊതുക്കിയ സാമ്രാജ്യം. പോർചുഗൽ എന്ന രാജ്യത്തിന്റെ ആകെ ജനസംഖ്യയേക്കാളും നൂറിരട്ടിയോളം ആൾബലമുള്ളതാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ക്രിസ്റ്റ്യാനോയുടെ ആരാധകരാജ്യം. യുസേബിയോ മുതൽ ലൂയി ഫിഗോ വരെ ക്രിസ്റ്റ്യാനോക്ക് മുമ്പും പോർചുഗീസ് ഫുട്ബാളിന് ഇതിഹാസതാരങ്ങളുണ്ടായിരുന്നു.

പക്ഷേ ഫുട്ബാളർ എന്ന താരപ്രഭക്കപ്പുറം ഒരു സൂപ്പർ ബ്രാൻഡ് ആയി വളർന്നത് ക്രിസ്റ്റ്യാനോ മാത്രമാണ്. അയാളുടെ പ്രണയങ്ങളും കലഹങ്ങളുമെല്ലാം ആഗോള വാർത്തകളായി. ഒരു കൊക്കകോള ബോട്ടിൽ നീക്കിവെച്ചതു പോലും സാമ്പത്തികലോകത്ത് ചലനം സൃഷ്ടിച്ചു. മൈക്കലാഞ്ചലോയുടെ ഡേവിഡ് എന്ന ഉദാത്ത ശിൽപം പോലെ മനുഷ്യ ശരീരത്തിന്റെ ഉത്തമ മാനദണ്ഡമായി രാകിമിനുക്കിയ ആ മെയ്യഴക്. പത്താം നമ്പർ എന്ന ശ്രേഷ്ഠ ജഴ്സിയണിഞ്ഞ് ഇതിഹാസങ്ങളായവരുടെ കൂട്ടത്തിൽ ഏഴാം നമ്പർ ജഴ്സിയെ അയാൾ വിശിഷ്ടമാക്കി. ലോകത്ത് ഫുട്ബാൾ തട്ടിത്തുടങ്ങുന്ന കുട്ടികളെല്ലാം ആ ഒറ്റയക്കം കൊതിച്ചു.


മെസ്സിയിൽ ദിവ്യത്വമാണ് ഫുട്ബാൾ ആരാധകർ ദർശിച്ചതെങ്കിൽ ക്രിസ്റ്റ്യാനോ മനുഷ്യാംശങ്ങളുടെയെല്ലാം ആൾരൂപമാണ്. പോരാളിയും നിഷേധിയും അയാളിൽ ഒരുമിച്ചു. ഗ്രീക്ക് പുരാണത്തിൽ ദൈവങ്ങളോടു പോരാടിയ ഹെർക്കുലീസിനെപ്പോലെ അങ്ങനെ ദൈവത്തോടു മത്സരിച്ച മനുഷ്യനായി ക്രിസ്റ്റ്യാനോയും. ലോകകപ്പ് എന്ന ദൈവികത്വം കൊണ്ട് അയാൾ അനുഗ്രഹിക്കപ്പെട്ടില്ല. പക്ഷേ, അതിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ ക്രിസ്റ്റ്യാനോയെ മറ്റെല്ലാവർക്കും അപ്രാപ്യമായ ഉയരങ്ങളിലെത്തിച്ചു. പന്തുകളിയിലെ പരമലക്ഷ്യമായ ഗോളുകളുടെയും പ്രായത്തിന്റെയും കണക്കിൽ തനിക്കു മുമ്പുള്ളവരെയും ഒപ്പമുള്ളവരെയും അയാൾ അതിശയിച്ചു. പിന്നാലെ വരുന്നവർക്കു മുന്നിൽ അതിവിദൂരമായ ലക്ഷ്യങ്ങൾ കുറിച്ചു.

ഉറച്ചുനിൽക്കാൻ ഒരു മണ്ണും തലക്കു മീതെ ഒരു മേൽക്കൂരയും എന്ന മനുഷ്യസഹജമായ സ്വാസ്ഥ്യം ഒരിക്കലും ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിച്ചില്ല. പോർചുഗീസ് പര്യവേക്ഷകരെപ്പോലെ പുതിയ മണ്ണും മേൽക്കൂരയും തേടിയായിരുന്നു അയാളുടെ പ്രയാണങ്ങളെല്ലാം. ആദ്യം ജന്മനാടായ മെദീരയിൽ നിന്ന് ലിസ്ബണിലേക്ക്. അവിടെ നിന്ന് സർ അലക്സ് ഫെർഗൂസന്റെ ക്ഷണപ്രകാരം ഇംഗ്ലണ്ടിലേക്ക്.

പിന്നീട് ക്ലബ് ഫുട്ബാളിലെ കൊടുമുടികൾ കീഴടക്കാൻ സ്പെയിനിലേക്ക്. ശേഷം ലോക ഫുട്ബാളിന്റെ പ്രതിരോധദുർഗമായ ഇറ്റലിയിലേക്ക്. ഒടുവിൽ തന്റെ പേരിനാൽ പുതിയ മേൽവിലാസം ആഗ്രഹിച്ച സൗദിയിലേക്ക്. പോർചുഗീസ് ജഴ്സിയിലെ പ്രയാണം മാത്രമാണ് അവസാനിക്കുന്നത്. അയാൾ ആഗ്രഹിക്കുന്ന, അയാളെ ആഗ്രഹിക്കുന്ന അടുത്ത വൻകര ഏതാകും എന്ന ആകാംക്ഷ ആരാധകർക്ക് ഇനിയും ബാക്കിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cristiano Ronaldo Announces Retirement from International Football
Next Story