Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
David Beckham
cancel
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലണ്ട് ടീമിൽ...

ഇംഗ്ലണ്ട് ടീമിൽ പ്രതീക്ഷകളേറെ; ഖത്തറിലേ​ത് ആരാധകരും താരങ്ങളും ഇഷ്ടപ്പെടുന്ന ലോകകപ്പെന്ന് ബെക്കാം

text_fields
bookmark_border

ദോഹ: മിഡിലീസ്റ്റിലും അറബ് ലോകത്തുമായി ആദ്യമെത്തുന്ന കോംപാക്ട് ലോകകപ്പ് താരങ്ങൾക്കും ആരാധകർക്കും ഏറ്റവും പ്രിയപ്പെട്ടതാകുമെന്ന് ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം. ഫിഫ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് മൂന്ന് ലോകകപ്പുകളിൽ ഇംഗ്ലണ്ടിനായി ബൂട്ട് കെട്ടിയ 46കാരൻ മനസ്സ് തുറന്നത്.

ലോകകപ്പ് ആതിഥേയത്വത്തിന് ഖത്തർ തെരഞ്ഞെടുക്കപ്പെട്ടത് മുതൽ ദശാബ്ദത്തിലേറെ ഖത്തറിലെ നിത്യസന്ദർശകനായ ബെക്കാം, ലോകകപ്പിലേക്കുള്ള ഖത്തറിന്‍റെ ഓരോ സ്പന്ദനവും അടുത്തറിയുന്ന ചുരുക്കം വ്യക്തികളിലൊരാൾ കൂടിയാണ്. ഈ വർഷത്തെ ഫിഫ ലോകകപ്പിൽ സ്വന്തം നാടായ ഇംഗ്ലണ്ടിന്‍റെ സാധ്യതകളും മിഡിലീസ്റ്റിലെ ലോകകപ്പിന്‍റെ പ്രാധാന്യം സംബന്ധിച്ചും ഫിഫ ഡോട്ട് കോമിന് വിശദീകരിച്ചു. അഭിമുഖത്തിന്‍റെ സംഗ്രഹ വിവർത്തനം

മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ലോകകപ്പ്?

ഖത്തറിലുള്ളവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ് വരാനിരിക്കുന്നത്. ലോകകപ്പ് ലെഗസി പദ്ധതികളെ വിലയിരുത്തിയിരുന്നു. ഖത്തറിൽ മാത്രമായിരിക്കില്ല ലോകകപ്പിന്‍റെ ശേഷിപ്പ് പ്രകടമാകുക, ലോകത്തെല്ലായിടത്തും അതിന്റെ സാന്നിധ്യവും സ്വാധീനവും അനുഭവപ്പെടും. ഖത്തറിന്‍റെ ചരിത്രവും സംസ്കാരവും കാൽപന്ത് കളിയോടുള്ള അഭിനിവേശവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള സുവർണാവസരമാണിത്.

കോംപാക്ട് ലോകകപ്പാണ് ഖത്തറിലേത്. കളിക്കാർക്ക് ഇതെങ്ങനെ പ്രയോജനപ്പെടും?

താരങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് മത്സരവേദികൾ അടുത്താകുക എന്നത്. ഖത്തറിലെ ടൂർണമെൻറ് കളിക്കാർക്ക് വലിയ പ്രയോജനം ചെയ്യും. മുമ്പ് ടൂർണമെൻറിൽ പങ്കെടുത്തപ്പോൾ മത്സരത്തിന്‍റെ സമ്മർദത്തിൽ നിന്നും യാത്രാക്ഷീണത്തിൽ നിന്നും മുക്തമാകാൻ രണ്ടും മൂന്നും ദിവസം വരെ എനിക്ക് ആവശ്യമായി വന്നിട്ടുണ്ട്. ഖത്തറിലെ ഫിഫ ലോകകപ്പ് ടൂർണമെൻറ് ഇക്കാര്യത്തിൽ ഏറെ വ്യത്യസ്തമായിരിക്കും. താരങ്ങൾക്ക് മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇത്തവണ ലോകകപ്പ്. ക്ലബ് ഫുട്ബാൾ സീസണിന്‍റെ മധ്യസമയം. എങ്ങനെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ?

ഇംഗ്ലീഷ് താരമെന്ന നിലയിൽ ലോകകപ്പിനെത്തിയിരുന്നത് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ശേഷമാണ്. ലോകത്തിലെ ഏറ്റവും സമ്മർദമേറിയ, കാഠിന്യമേറിയ ലീഗ് ചാമ്പ്യൻഷിപ്പാണത്. ലീഗിന്റെ അവസാനത്തിലെത്തുമ്പോൾ താരങ്ങളിലധികവും സമ്മർദത്തിലായിട്ടുണ്ടാകും. ഇതിൽ നിന്നൊക്കെ മുക്തമാകാൻ ആഴ്ചകളാണെടുക്കുന്നത്. ഖത്തർ ലോകകപ്പ്, സീസൺ മധ്യത്തിൽ നടക്കുമ്പോൾ ഇംഗ്ലീഷ് താരങ്ങൾക്കും അതുപോലെ മറ്റു രാജ്യക്കാർക്കും ഏറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

ഇംഗ്ലണ്ടിന്‍റെ സാധ്യതകളെ കുറിച്ച്?

ഇംഗ്ലണ്ട് ടീമിൽ പ്രതീക്ഷകളേറെയാണ്, ആരാധകരും അങ്ങനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്. പരിശീലകൻ ഗാരത്ത് സൗത്ത്ഗേറ്റ് മികച്ച രീതിയിലാണ് ടീമിനെ വാർത്തെടുത്തിരിക്കുന്നത്. ഞങ്ങളൊരുമിച്ച് കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ടീമിനെ യുവാക്കളുടെ ടീമെന്ന് വിളിച്ചു കൂടാ, എന്നാൽ കൂടുതൽ പേരും യുവ താരങ്ങളാണ്. അതോടൊപ്പം ഹാരി കെയ്ൻ പോലെയുള്ള പരിചയ സമ്പന്നരും ടീമിനൊപ്പമുണ്ട്. നല്ല അവസരമാണ് ഇംഗ്ലണ്ടിന് ലഭിച്ചിരിക്കുന്നത്. മികച്ച ഫോമിലാണ് ലോകകപ്പിനെത്തിയിരിക്കുന്നത്. അത് നിലനിർത്തും.

ഇംഗ്ലണ്ടിന്‍റെ പ്രധാന താരം?

കെയ്ൻ തന്നെ. അവനാണ് നേതാവ്. ക്യാപ്റ്റനും ഗോൾ സ്കോററുമാണ്. ടീമിന്റെ നെടുന്തൂൺ.

ടൂർണമെൻറിലെ പ്രധാന എതിരാളികൾ ആരെല്ലാമാണ്?

ലോകകപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വരുന്ന പേരുകളാണ് ബ്രസീൽ, അർജൻറീന, ഫ്രാൻസ്. ഫുട്ബാളിലെ മുമ്പന്മാരാണവർ, ഒന്നിലധികം ലോകകിരീടങ്ങൾ അവർ നേടിയിട്ടുണ്ട്. മറ്റൊരു രാജ്യം ഞാൻ കാണുന്നത് ഡെന്മാർക്കാണ്. മികച്ച ട്രാക്ക് റെക്കോഡുണ്ടവർക്ക്. ഒരുപിടി മികച്ച താരങ്ങളും. ഖത്തറും ടൂർണമെൻറിലെ പ്രധാന ടീമാണ്. യുവരക്തമാണ് അവർക്കുള്ളത്. കാലങ്ങളോളം ഒരുമിച്ച് കളിക്കുന്നവരാണവർ. സ്വന്തം നാട്ടിലെ ടൂർണമെൻറിന്‍റെ മുൻതൂക്കവും സ്റ്റേഡിയങ്ങളുമായി അവർക്കുള്ള പരിചയവും ഗുണം ചെയ്യും.

ആദ്യമായി ലോകകപ്പിൽ ബൂട്ട് കെട്ടുന്ന താരങ്ങളോട് പറയാനുള്ളത്?

ആസ്വദിക്കുക. ലോകകപ്പ് ഒരു കൊടുമുടിയാണ്. ആർക്കും അതിന്‍റെ ഉച്ചിയിലെത്താനാകും. ആസ്വദിച്ച് കളിക്കുക എന്നതാണ് അവരോട് വീണ്ടും ആവർത്തിക്കാനുള്ളത്.

ഇവിടെയുള്ള സ്റ്റേഡിയങ്ങളെല്ലാം പരിചിതമാണ് താങ്കൾക്ക്. പിച്ചിലൂടെ നടക്കുമ്പോൾ പന്തുതട്ടാനുള്ള പ്രേരണ എത്രയുണ്ട്?

ഇപ്പോൾ 46 വയസ്സാണ്. എന്നാൽ ഇപ്പോഴും ബൂട്ടണിയാനും ലോകകപ്പിൽ കളിക്കാനും കഴിയുമെന്ന് തോന്നുന്നുണ്ട്. ഈ വയസ്സ് അത്ര കൂടുതലല്ല. ഇപ്പോഴും പ്രീമിയർ ലീഗിലും ലാലിഗയിലും അല്ലെങ്കിൽ ഇംഗ്ലണ്ടിന് വേണ്ടിയും കളിക്കണമെന്ന് ആഗ്രഹമുണ്ട്. സ്റ്റേഡിയങ്ങളിലൂടെ നടക്കുമ്പോൾ കാലുകളിൽ ബൂട്ടുണ്ടായിരുന്നെങ്കിലെന്ന് എപ്പോഴും ആഗ്രഹിക്കാറുമുണ്ട്.

ഖത്തറിലേക്ക് വരുന്ന ആരാധകരോട്?

ഏറ്റവും മികച്ച അനുഭവങ്ങളാണ് ഖത്തറിൽ കാത്തിരിക്കുന്നത്. മുമ്പുള്ള ടൂർണമെൻറിൽ മത്സരങ്ങൾക്കായി ദീർഘസമയം യാത്ര ചെയ്യേണ്ടി വന്നിരുന്നെങ്കിൽ ഖത്തറിൽ തികച്ചും വിപരീതമാണ് കാര്യങ്ങൾ. ഒരുദിവസം തന്നെ ഒന്നിലധികം മത്സരങ്ങൾ കാണാനുള്ള അവസരമാണ് മുന്നിലുള്ളത്. കോംപാക്ട് ടൂർണമെൻറാണ് നടക്കാനിരിക്കുന്നത്. ഖത്തറെന്താണോ വാഗ്ദാനം ചെയ്യുന്നത്, അതവർക്ക് ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഖത്തറിന്റെ ആതിഥേയത്വവും ഭക്ഷണ ശീലങ്ങളും പുതിയ അനുഭവങ്ങളായിരിക്കും. മത്സരങ്ങൾ കാണുന്നതോടൊപ്പം ഒരുപിടി മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളും ആരാധകർക്കായി ഇവിടെയുണ്ട്.

Show Full Article
TAGS:qatar world cupDavid Beckhamengland Football Team
News Summary - hopes on England squad; Qatar World Cup 2022 loved by players and fans says david beckham
Next Story