ഹീറോ സൂപ്പർ കപ്പ്: കോഴിക്കോട്ടെ ആദ്യ മത്സരം പയ്യനാട്ടേക്ക് മാറ്റി
text_fieldsകോഴിക്കോട്: ഹീറോ സൂപ്പർ കപ്പ് ഫുട്ബാളിൽ ഞായറാഴ്ച കോഴിക്കോട്ട് നടക്കേണ്ടിയിരുന്ന റൗണ്ട് ഗ്ലാസ് പഞ്ചാബും ശ്രീനിധി ഡെക്കാനും തമ്മിലുള്ള ആദ്യ മത്സരം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാറ്റി. രാത്രി 8.30നാകും മത്സരം. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള മത്സരം ഇതേസമയത്ത് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറും.
നേരത്തെ വൈകീട്ട് അഞ്ചിനായിരുന്നു പഞ്ചാബും ഡെക്കാനും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഗ്രൂപ്പിൽനിന്ന് അടുത്ത റൗണ്ടിലേക്കുള്ള സ്ഥാനം നിർണയിക്കുന്ന മത്സരങ്ങളായതിനാൽ രണ്ടും ഒരേസമയം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇരു മത്സരങ്ങളുടെയും ടിക്കറ്റ് നിരക്ക് 125 രൂപയാകും. മത്സരത്തിന്റെ ടിക്കറ്റ് കൗണ്ടറിൽ മാത്രമേ ലഭിക്കൂ. ഓൺലൈനായി ആദ്യം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബുക്ക് മൈ ഷോ വഴി 125 രൂപ തിരിച്ചു നൽകും. ഇതിനായി റീഫണ്ടിനുള്ള ലിങ്ക് വഴി എസ്.എം.എസ് അയക്കണം. ഏഴ് ദിവസമാണ് റീഫണ്ടിന് സമയം അനുവദിച്ചിരിക്കുന്നത്.

