ലബനാനെ തകർത്തു; ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് രണ്ടാം മുത്തം
text_fieldsഭുവനേശ്വർ: അഞ്ചു വർഷത്തെ ഇടവേളക്കുശേഷം ഇന്റർ കോണ്ടിനന്റൽ ഫുട്ബാളിൽ ഇന്ത്യൻ വിജയഗാഥ. ഫൈനലിൽ ലബനാനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ചാണ് ആതിഥേയർ ഒരിക്കൽക്കൂടി ജേതാക്കളായത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യക്കായി 87ാം അന്താരാഷ്ട്ര ഗോൾ സ്കോർ ചെയ്ത മത്സരത്തിൽ ലാലിയൻസുവാല ചാങ്തേയും വലകുലുക്കി. 46ഉം 66ഉം മിനിറ്റുകളിലായിരുന്നു ഗോളുകൾ. 2018ലെ പ്രഥമ എഡിഷനിൽ കെനിയയെ തോൽപിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
മലയാളികളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദിനും തുടർച്ചയായ രണ്ടാം മത്സരത്തിലും ആദ്യ ഇലവനിൽ ഇടംനൽകി കോച്ച് ഇഗോർ സ്റ്റിമാക്.
ലബനീസ് ആക്രമണത്തോടെയാണ് കളമുണർന്നത്. ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കാന്റെ സന്ദർഭോചിത ഇടപെടൽ ദുരന്തമൊഴിവാക്കി. ആറാം മിനിറ്റിൽ ആഷിഖിനെ ബോക്സിൽ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ഇന്ത്യൻ ക്യാമ്പിന്റെ പെനാൽറ്റി അപ്പീൽ റഫറി അംഗീകരിച്ചില്ല. ഛേത്രിയും ആഷിഖും സഹലും ലബനീസ് ഗോൾമുഖത്ത് അപകടം വിതറിയെങ്കിലും പന്ത് വലയിൽനിന്നകന്നുനിന്നു. 38ാം മിനിറ്റിൽ ഫാരനെ ഫൗൾ ചെയ്തതിന് ആഷിഖിന് മഞ്ഞക്കാർഡ്. ആദ്യ പകുതി തീരാനിരിക്കെ സഹൽ ഫൗളിനിരയായതിലൂടെ ലഭിച്ച ഫ്രീകിക്കും ഇന്ത്യക്ക് തുണയായില്ല.
ഗോൾരഹിത പകുതിക്കുശേഷം കളി പുനരാരംഭിച്ചതിനു പിന്നാലെ ഛേത്രി സ്കോർ ചെയ്തു. 46ാം മിനിറ്റിൽ നിഖിൽ പൂജാരി ലബനീസ് പ്രതിരോധത്തിൽ വിള്ളലുണ്ടാക്കി ചാങ്തേക്ക് പന്ത് നൽകി. കുതിച്ച ചാങ്തേ തന്ത്രപരമായി ഛേത്രിയിലേക്ക് നീക്കിയതോടെ ക്ലോസ് ഡിസ്റ്റൻസിൽ വലയിലാക്കി നായകൻ. 59ാം മിനിറ്റിൽ ഇന്ത്യയുടെ സബ്സ്റ്റിറ്റ്യൂഷൻ. ജീക്സണെയും ആഷിഖിനെയും പിൻവലിച്ച് രോഹിതിനെയും ഛേത്രിയെയും ഇറക്കി. 66ാം മിനിറ്റിൽ ബോക്സിൽനിന്ന് മഹേഷിന്റെ ഒന്നാന്തരം ഷോട്ട് ലബനീസ് ഗോളി സബാഹ് രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഞൊടിയിടയിൽ അടിച്ചുകയറ്റി ചാങ്തെ. 73ാം മിനിറ്റിൽ സഹലിനു പകരം റഹീം അലിയെത്തി. അവസാന മിനിറ്റുകളിലും ഗോൾ നേടാൻ ഇരു ടീമും ശ്രമിച്ചെങ്കിലും സ്കോർ 2-0ത്തിൽ തുടർന്നു. ചാങ്തേയാണ് മാൻ ഓഫ് ദ മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

