പ്രമുഖ താരത്തെയും സ്പോർട്സ് ഡയറക്ടറെയും ഭൂകമ്പം കൊണ്ടുപോയി; തുർക്കി സൂപർ ലീഗിൽ കളിക്കാനില്ലെന്ന് ഹതായ്സ്പോർ ക്ലബ്
text_fields20,000 ലേറെ പേരുടെ ജീവനെടുത്ത തുർക്കി ഭൂകമ്പത്തിൽ വിലപിടിച്ച പലരെയും കൈവിട്ട് ഒരു ഫുട്ബാൾ ക്ലബുമുണ്ട്. ഭൂചലനത്തിന് തലേദിവസം വരെ മൈതാനത്ത് ഗോളടിച്ച് നിറഞ്ഞുനിന്ന താരത്തെ മാത്രമല്ല, സ്പോർട്സ് ഡയറക്ടറെയും തിരിച്ചുകിട്ടാത്ത വേദനയിലാണ് ആ ക്ലബ്. സൂപർ ലീഗിൽ കളിക്കുന്ന ഹതായ്സ്പോർ ആണ് വൻനഷ്ടത്തിന്റെ വേദനയിൽ കഴിയുന്നത്.
ഘാന സൂപർ താരമായിരുന്ന ക്രിസ്റ്റ്യൻ അറ്റ്സുവിനെ കണ്ടെത്തിയെന്നും ആശുപത്രിയിലെത്തിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ക്ലബ് തന്നെ പിന്നീട് നിഷേധിച്ചു. ഇനിയും താരത്തെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കൂടെയുണ്ടായിരുന്ന സ്പോർട്സ് ഡയറക്ടർ താനിർ സാവുതിനെയും ഇതുവരെ കണ്ടുകിട്ടിയില്ല.
ഇരുവരുടെയും നഷ്ടത്തിൽ കഴിയുന്ന ക്ലബ് തുർക്കി സൂപർ ലീഗിൽനിന്ന് പിൻമാറ്റം പ്രഖ്യാപിച്ചുകഴിഞ്ഞു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തോടടുത്തുള്ള ഗാസിയെൻടെപ് എഫ്.കെ ക്ലബും സീസണിൽ കളി നിർത്തുമെന്ന് സൂചനയുണ്ട്. നിലവിൽ ഹതായ്സ്പോർ പട്ടികയിൽ 14ാമതും ഗാസിയെൻടെപ് 10ാമതുമാണ്. ഇരു ടീമുകളും പിൻവാങ്ങിയാൽ 17 ടീമുകളുമായി അടുത്ത മാസം കളി പുനരാരംഭിക്കാനാണ് തുർക്കി ഫുട്ബാൾ ഫെഡറേഷൻ തീരുമാനം.
വിവിധ ക്ലബുകൾക്കായി കളിക്കുന്ന നിരവധി താരങ്ങളും ഇതിനകം ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവരിൽ പെടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

