കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സ് ശരിക്കും ഗോകുലത്തിനെ കണ്ടുപഠിക്കണം! ഐ ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി ഗോകുലം കേരള പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സുദേവ ഡൽഹി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് കേരള ടീം ജൈത്രയാത്ര തുടർന്നത്. നേരേത്ത ഒരു സമനിലയും തോൽവിക്കുംശേഷമാണ് ഹാട്രിക് ജയവുമായി ഗോകുലം തിരിച്ചുവന്നത്.
തീർത്തും ആധിപത്യം പുലർത്തിയ പ്രകടനമായിരുന്നു ഗോകുലം കേരള നടത്തിയത്. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളും മത്സരത്തിലുടനീളം സൃഷ്ടിക്കാനായി. രണ്ടാം പകുതിയിൽ 68ാം മിനിറ്റിലാണ് ഗോകുലത്തിെൻറ വിജയഗോൾ വന്നത്. ആൻറ്വിയുടെ ക്രോസ് ഫിലിപ് അഡ്ജ വലയിൽ എത്തിക്കുകയായിരുന്നു. വിലപ്പെട്ട മൂന്നു പോയൻറുമായി ഗോകുലം കേരള ഒമ്പതു മത്സരങ്ങളിൽനിന്ന് 16 പോയൻറുമായാണ് രണ്ടാം സ്ഥാനേത്തക്കുയർന്നത്. 17 പോയൻറുള്ള റിയൽ കശ്മീർ ആണ് ഒന്നാമത്.