റഫീഞ്ഞക്ക് ഹാട്രിക്ക്; സെവിയ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്‌സ
text_fieldsബാഴ്‌സലോണ: ലാലിഗയിൽ അപരാജിത കുതിപ്പ് തുടർന്ന് സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്‌സലോണ. റാമോൺ സാഞ്ചസ്-പിസ്ജുവാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെവിയ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കറ്റാലൻപട പരാജയപ്പെടുത്തിയത്. മികച്ച ഫോമിൽ തുടരുന്ന ക്യാപ്റ്റൻ റഫീഞ്ഞയുടെ ഹാട്രിക്ക് കരുത്തിലാണ് ടീമിന്റെ വിജയം. ഇതോടെ ലീഗിൽ കളിച്ച ഏഴ് മത്സരങ്ങളിലും വിജയിച്ച് ബാഴ്‌സ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മത്സരത്തിൽ 19 -ാം മിനിറ്റിൽ യൂസഫ് ഫോഫാനയുടെ ഗോളിൽ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. ഗോളിന്റെ ആവേശം കൊട്ടടങ്ങും മുമ്പ് എതിരാളികളുടെ പ്രതിരോധത്തെ മറികടന്ന് റഫീഞ്ഞ ബാഴ്‌സയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരിക്കൽ കൂടി വല കുലുക്കി ബ്രസീലിയൻ താരം ബ്ലൂഗ്രാനയ്ക്ക് ലീഡ് സമ്മാനിച്ചു. തൊട്ട് പിന്നാലെ റഫീഞ്ഞ സെവിയ്യ ഗോൾകീപ്പർ ഒഡീസിയസ് വ്‌ലാച്ചോഡിമോസിനെ ചിപ്പ് ചെയ്ത് മറികടന്ന് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി.
രണ്ടാം പകുതിയിൽ റഫീഞ്ഞ അടിച്ച രണ്ട് ഗോളിനും വഴിയൊരുക്കിയത് ലമീൻ യമലാണ്. ഇത് റഫീഞ്ഞയുടെ ഈ സീസണിലെ തുടർച്ചയായ രണ്ടാം ഹാട്രിക്കാണ്. കഴിഞ്ഞ ബുധനാഴ്ച റേസിങ് സാന്റാണ്ടറിനെതിരായ മത്സരത്തിലും ബ്രസീലിയൻ താരം ഹാട്രിക്ക് നേടിയിരുന്നു. അന്ന് രണ്ടിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ വിജയം.
അതേസമയം, വിജയത്തോടെ ബാഴ്‌സയ്ക്ക് ടൂർണമെന്റിൽ തങ്ങളുടെ പോയിന്റ് 21 ആയും രണ്ടാം സ്ഥാനത്തുള്ള റയൽ മഡ്രിഡും റയൽ ബെറ്റിസും തമ്മിലുള്ള പോയിന്റ് വ്യത്യാസം ആറായി ഉയർത്താനും സാധിച്ചു. മത്സരത്തിൽ മൂന്ന് ഗോളുകൾ അടിച്ചതോടെ ബാഴ്‌സയുടെ സീസണിലെ ഗോൾ നേട്ടം 31 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

