ബ്രിസ്ബേനിലെ ഐതിഹാസിക ജയത്തോടെ ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ആശംസകളുമായി ഫുട്ബാൾ ലോകവും കൂടെച്ചേർന്നു. ഇന്ത്യയുടേത് അവിസ്മരണീയ വിജയമാണെന്നും ഒാരോ ടെസ്റ്റ് മത്സരവും കാണാൻ വളരെ കൗതുകമുള്ളതാണെന്നും ഇംഗ്ലണ്ടിന്‍റെയും ടോട്ടൻഹാം ഹോട്സ്പറിന്റെയും സൂപ്പർതാരം ഹാരി കെയ്ൻ ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ്പ്രേമിയായ ഹാരി കെയ്ൻ ഇംഗ്ലീഷ് ക്രിക്കറ്റർമാരുമായും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായുമെല്ലാം അടുത്ത ബന്ധം പുലർത്തുന്നയാളാണ്. വിവിധ ഫുട്ബാൾ ക്ലബ്ബുകളും ഇന്ത്യൻ ഫുട്ബാൾ ടീമും വിജയത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകളർപ്പിച്ചു.
പരിശീലനത്തിനിടെ ക്രിക്കറ്റ് കളിക്കുന്ന ഹാരികെയ്നിന്റെയും ജോ ഹാർട്ടിന്‍റെയും വിഡിയോ പങ്കുവെച്ച് 'ഞങ്ങൾക്കും റിഷഭ് പന്തുണ്ട്' എന്നായിരുന്നു ടോട്ടൻഹാം തങ്ങളുടെ ഫേസ്ബുക്കിൽ കുറിച്ചത്. ചെൽസി ഫുട്ബാൾ ക്ലബും തങ്ങളുടെ ഔദ്യോഗിക പേജിൽ നിന്നും ഇന്ത്യൻ ഫോളോവേഴ്സിനായി ആശംസകളർപ്പിച്ചിട്ടുണ്ട്.