അരങ്ങേറ്റത്തിൽ താരമായി സിറാജ്, തകർപ്പൻ തുടക്കമിട്ട് ഖത്തർ
text_fieldsഗൾഫ് കപ്പിലെ ആദ്യ മത്സരത്തിൽ കുവൈത്തിനെ കീഴടക്കിയ ഖത്തർ ടീമിന്റെ ആഹ്ലാദം
ദോഹ: ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെ 25ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാളിന്റെ പോരിടത്തിലിറങ്ങിയ ഖത്തറിന് തകർപ്പൻ ജയത്തോടെ തുടക്കം. പ്രമുഖ താരങ്ങളിൽ പലരുമില്ലാതെ പടക്കിറങ്ങിയ അന്നാബികൾ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കുവൈത്തിനെയാണ് കീഴടക്കിയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങി ഗോൾ നേടിയ അംറോ സിറാജിനൊപ്പം അൽ ഗറാഫ ക്ലബിലെ സഹതാരമായ അഹ്മദ് അലാവുദ്ദീനും വല കുലുക്കിയതോടെ ഗ്രൂപ് ‘ബി’യിൽ ജയത്തോടെ തലപ്പത്തെത്തി.
ബസ്റയിലെ അൽമിന ഒളിമ്പിക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ തന്ത്രപരമായ ഗെയിമിലൂടെ മുൻതൂക്കം നേടുകയായിരുന്നു ഖത്തർ. 4-2-3-1 ഫോർമേഷനിൽ ഇരുടീമും കളത്തിലിറങ്ങിയ കളിയിൽ പ്രതിരോധത്തിൽ ജാഗ്രത പാലിച്ചതിനൊപ്പം അവസരം കിട്ടുമ്പോൾ കയറിയെത്തുന്ന കൗണ്ടർ അറ്റാക്കിങ് ഗെയിമിനാണ് ഖത്തർ പ്രാധാന്യം നൽകിയത്. മത്സരത്തിൽ പന്തിന്മേൽ വ്യക്തമായ മേധാവിത്വം പുലർത്തിയത് കുവൈത്ത് ആയിരുന്നെങ്കിലും ഫിനിഷിങ്ങിലെ മിടുക്കുമായി ഖത്തർ യുവനിര ആദ്യ കടമ്പ മറികടക്കുകയായിരുന്നു. ഗൾഫ് കപ്പിൽ പത്തു തവണ കിരീടം ചൂടിയ കുവൈത്താണ് മത്സരത്തിൽ കൂടുതൽ തവണ ഗോൾ ലക്ഷ്യമിട്ട് നിറയൊഴിച്ചത്. എന്നാൽ, ഫിനിഷിങ്ങിലെ പോരായ്മകൾക്കൊപ്പം പ്രതിരോധത്തിലെ പാളിച്ചകളും അവർക്ക് വിനയാവുകയായിരുന്നു.
സിറാജിനും തമീം മൻസൂറിനും രാജ്യാന്തര ഫുട്ബാളിൽ അരങ്ങേറ്റത്തിന് അവസരമൊരുക്കിയാണ് ഖത്തർ കോച്ച് ബ്രൂണോ പിനീറോ പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചത്. മുൻ ഖത്തർ സ്ട്രൈക്കർ മൻസൂർ മുഫ്ത്തയുടെ മകനാണ് തമീം മൻസൂർ. കളി തുടങ്ങി 23ാം മിനിറ്റിൽ കുവൈത്ത് ഡിഫൻഡർ അൽ എനേസിയുടെ മോശം ക്ലിയറൻസിൽ പന്ത് കൈക്കലാക്കിയ സിറാജ് വലയുടെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. കളി 15 മിനിറ്റുകൂടി പിന്നിടുംമുമ്പേ ഖത്തർ ലീഡുയർത്തി. അലാവുദ്ദീനെ മെഷരി ഗനം ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത അലാവുദ്ദീൻ അനായാസം കുവൈത്ത് ഗോളി സുലൈമാൻ അബ്ദുൽ ഗഫൂറിനെ കീഴടക്കി.
രണ്ടാം പകുതിയിൽ കുവൈത്ത് കളത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും ജാസിം അബ്ദുൽ സലാമും താരീഖ് സൽമാനും നയിച്ച ഖത്തർ പ്രതിരോധത്തെ മറികടക്കാനായില്ല. അവസാന ഘട്ടത്തിൽ കുവൈത്തിന്റെ ശാഹിബ് അൽ ഖാലിദിയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പുറത്തേക്കായിരുന്നു. കളി തീരാനിരിക്കെ ഗോൾ തേടി നിരന്തരം ആക്രമിച്ചുകയറിയ കുവൈത്തിനെ പിന്നണിയിൽ പടുകോട്ടകെട്ടി പിടിച്ചുനിർത്തിയ ഖത്തർ വിജയം സ്വന്തമാക്കുകയായിരുന്നു. കാണികളുടെ നിറഞ്ഞ പിന്തുണയും മത്സരത്തിൽ ഖത്തർ ടീമിന്റെ തുണക്കെത്തി. അംറോ സിറാജ് ആണ് കളിയിലെ കേമൻ.
കാൽമുട്ടിന് പരിക്കേറ്റ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് മുൻതാരി ഉൾപ്പെടെ പ്രമുഖർ ഗൾഫ് കപ്പിൽ കളിക്കുന്നില്ല. മുതിർന്ന താരങ്ങളായ ഹസൻ അൽ ഹൈദൂസ്, അക്രം അഫീഫ്, അൽ മുഈസ് അലി, അബ്ദുൽ അസീസ് ഹാതിം, ബൂഅലാം ഖൗഖി, ബസാം അൽ റാവി, പെഡ്രോ മിഗ്വേൽ, സഅദ് അൽ ശീബ് എന്നിവർക്കും വിശ്രമം നൽകിയ ബ്രൂണോ പിനീറോ യുവരക്തത്തിന് മുൻതൂക്കം നൽകിയാണ് ഖത്തർ ടീമിനെ പ്രഖ്യാപിച്ചത്. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ മൂന്നു ഗ്രൂപ് മത്സരങ്ങളും തോറ്റശേഷം ഖത്തർ കളിക്കാനിറങ്ങുന്ന ആദ്യ ടൂർണമെന്റാണിത്.
നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനെതിരെ ജനുവരി 10നാണ് ഖത്തറിന്റെ രണ്ടാം മത്സരം. കഴിഞ്ഞ ദിവസം നടന്ന തങ്ങളുടെ ആദ്യ കളിയിൽ ബഹ്റൈൻ 2-0ത്തിന് യു.എ.ഇയെ പരാജയപ്പെടുത്തി. ഗൾഫ് കപ്പിൽ മൂന്നു തവണ കിരീടം നേടിയ ഖത്തറിന്റെ ഗ്രൂപ്പിലെ അവസാന അങ്കം യു.എ.ഇക്കെതിരെ ജനുവരി 13ന് നടക്കും. ഇറാഖിന് പുറമെ യമൻ, സൗദി അറേബ്യ, ഒമാൻ എന്നിവരാണ് ഗ്രൂപ് ‘എ’യിലെ മറ്റു ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

