ടൈറ്റാവാതെ ഗുജറാത്ത് ഫൈനലിൽ; രാജസ്ഥാനെതിരെ ഏഴു വിക്കറ്റ് ജയം
text_fields38 പന്തിൽ മൂന്നു ബൗണ്ടറിയും അഞ്ചു സിക്സുമടക്കം 68 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലറാണ് ഗുജറാത്തിന്റെ വിജയശിൽപി. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരിക്കെ പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ മൂന്നു പന്തും സിക്സറടിക്കുകയായിരുന്നു മില്ലർ. പാണ്ഡ്യ 27 പന്തിൽ 40 റൺസെടുത്ത് ക്രീസിലുണ്ടായിരുന്നു. ശുഭ്മാൻ ഗില്ലും മാത്യു വെയ്ഡും 35 റൺസ് വീതമെടുത്ത് മടങ്ങി.
നേരത്തേ, രാജസ്ഥാനുവേണ്ടി ഓപണർ ജോസ് ബട്‍ലർ 56 പന്തിൽ 12 ഫോറും രണ്ടു സിക്സുമടക്കം 89 റൺസ് നേടി ടോപ് സ്കോററായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 26 പന്തിൽ അഞ്ചു ബൗണ്ടറിയും മൂന്നു സിക്സറും പറത്തി 47 റൺസടിച്ചു. രണ്ടാം ഓവറിൽത്തന്നെ ഓപണർ യശസ്വി ജയ്‍സ്വാളിനെ (മൂന്ന്) യാശ് ദയാൽ മടക്കി.
തുടർന്ന് ബട്‍ലർ-സഞ്ജു സഖ്യം സ്കോർ ഉയർത്തി. പത്താം ഓവറിൽ ടീം സ്കോർ 79ൽ നിൽക്കെ സഞ്ജുവിനെ ജയ് കിഷോറിന്റെ പന്തിൽ അൽസരി ജോസഫ് പിടിച്ചു. പിന്നെ മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലിന്റെ ഊഴമായി. 20 പന്തിൽ രണ്ടു വീതം ഫോറും സിക്സുമായി 28 റൺസടിച്ച ദേവ്ദത്തിനെ പാണ്ഡ്യ ബൗൾഡാക്കി.