ഗ്രാൻഡ് ഫിനാലെ! ഐ.എസ്.എൽ ഫൈനലിൽ ഇന്ന് മോഹൻ ബഗാൻ-ബംഗളൂരു
text_fieldsമോഹൻ ബഗാൻ-ബംഗളൂരു ടീം പരിശീലകർ ഐ.എസ്.എൽ കപ്പിനരികെ
കൊൽക്കത്ത: കരുത്തിലും കളിയിലും അതികായരായ രണ്ട് വമ്പൻ ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടംതേടി ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് മൈതാനത്ത് മുഖാമുഖം. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാനെതിരെ അവരുടെ തട്ടകത്തിൽ സൂപ്പർമാൻ ഛേത്രി ബൂട്ടുകെട്ടുന്ന ബംഗളൂരുവാണ് എതിരാളികൾ. പുതുസാധ്യതകളുമായി ജംഷഡ്പൂരും ഗോവയും അങ്കം കുറിച്ച സെമിയിൽ മികവുറപ്പിച്ചാണ് ഇരുവരും കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിച്ചത്.
ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിൽനിന്ന മോഹൻ ബഗാൻ നിലവിലെ ലീഗ് ഷീൽഡ് ജേതാക്കളായാണ് സ്വന്തം തട്ടകത്തിൽ ചാമ്പ്യൻപട്ടം നിലനിർത്താൻ ഇറങ്ങുന്നത്. എന്നാൽ, പോയന്റ് നിലയിൽ മൂന്നാമതായിട്ടും പിന്നീടെല്ലാം ആധികാരികമായി പൂർത്തിയാക്കിയാണ് ബംഗളൂരു കിരീടത്തിലേക്ക് ഒരു ചുവട് അരികെ നിൽക്കുന്നത്.
എട്ടു സീസൺ പിന്നിടുന്ന ഐ.എസ്.എല്ലിൽ ബംഗളൂരുവിനിത് നാലാം ഫൈനലാണ്. എന്നാൽ, തുടർച്ചയായ മൂന്നാം ഫൈനൽ കളിക്കുകയെന്ന ചരിത്രവുമായാണ് ബഗാൻ എത്തുന്നത്. 2022-23 സീസൺ പോരാട്ടത്തിന്റെ തനിപ്പകർപ്പായാണ് ഇത്തവണ അവസാന അങ്കം.
അന്നും ഇരു ടീമുകളും തമ്മിൽ മുഖാമുഖം വന്നപ്പോൾ പെനാൽറ്റിയിൽ കൊൽക്കത്തക്കാർ ചാമ്പ്യന്മാരായി. സീസണിൽ ഇതുവരെയുള്ള പ്രകടനമികവും സ്വന്തം മൈതാനമെന്ന ആനുകൂല്യവും മാത്രമല്ല, ഇവിടെ തോൽവിയറിഞ്ഞില്ലെന്ന റെക്കോഡ് കൂടിയാകുമ്പോൾ കൊൽക്കത്തക്കാർക്ക് പഴയ ചരിത്രം ആവർത്തിക്കാമെന്ന ആത്മവിശ്വാസം കൂടും.
എന്നാൽ, ഈ േബ്ലാക്ക്ബസ്റ്റർ പോരാട്ടത്തിൽ പഴയ കണക്കുകളിൽ കാര്യമില്ലെന്ന് ബംഗളൂരു കോച്ച് ജെറാർഡ് സരഗോസ പറയുന്നു. 2018-19 സീസണിൽ ബംഗളൂരു ചാമ്പ്യന്മാരാകുമ്പോൾ ടീമിന്റെ സഹപരിശീലകക്കുപ്പായത്തിൽ മികവു കാട്ടിയയാളാണ് സരഗോസ. ബഗാൻ കോച്ച് ഹോസെ മോളിനക്കുമുണ്ട് സമാന ചരിത്രം. 2016ൽ എ.ടി.കെ ചാമ്പ്യന്മാരാകുമ്പോൾ മോളിനയായിരുന്നു പരിശീലകൻ.
ബംഗളൂരു തിരിച്ചുവരവ്
ഒരു ഘട്ടത്തിലും എതിരാളികൾക്ക് അവസരം നൽകാതെ മുന്നിൽനിന്നാണ് ബഗാൻ എത്തിയതെങ്കിൽ ഇടക്ക് കളിമറന്ന് സാധ്യതകളുടെ കണക്കു പുസ്തകം എതിരാളികൾക്കായി തുറന്നുവെച്ച ശേഷമായിരുന്നു ബംഗളൂരുവിന്റെ കിരീടയാത്ര. അവസാന അഞ്ചു കളികളിൽ മൂന്നും ജയിക്കുകയും ഒന്ന് സമനിലയിലാകുകയും ചെയ്താണ് ടീം മൂന്നാമന്മാരാകുന്നത്.
സുനിൽ ഛേത്രി, രാഹുൽ ഭെകെ, ആൽബർട്ടോ നോഗ്വേര എന്നിവർക്കൊപ്പം പുതുരക്തങ്ങളായ വിനീത് വെങ്കടേഷ്, സുരേഷ് സിങ് വാങ്ജാം, നാംഗ്യാൽ ഭൂട്ടിയ തുടങ്ങിയവർകൂടി സജീവമായത് ടീമിന് കാര്യങ്ങൾ എളുപ്പമാക്കി. കരുത്തുകാട്ടിയ വിദേശ താരങ്ങളെക്കാൾ ഒരുപടി മുന്നിൽനിന്ന് സുനിൽ ഛേത്രി പ്രായം 40ലെത്തിയിട്ടും ഒന്നാമനായി. സെമിയിൽ താരത്തിന്റെ സൂപ്പർ ഹെഡറാണ് ബംഗളൂരുവിനെ ഫൈനലിലെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.