സർക്കാറിന് നേരിട്ട് ഫുട്ബാൾ ടൂർണമെന്‍റ് നടത്താനാകില്ല; ഐ.എസ്.എല്ലിന്റെ ഭാവി വീണ്ടും തുലാസിൽ?
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പ്രീമിയർ ഫുട്ബാൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അടുത്ത മാസം പുതിയ സീസൺ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ക്ലബ് മത്സരങ്ങൾക്കുള്ള ഫിഫയുടെ മാർഗനിർദേശങ്ങൾ ആശങ്കയാകുന്നു. ഫിഫയുടെ ഫുട്ബാൾ നിയമപ്രകാരം അന്താരാഷ്ട്ര ഫുട്ബാളിന്‍റെ ഭാഗമായി നിൽക്കുന്ന ഒരു ടൂർണമെന്‍റ് സർക്കാറിന് നേരിട്ട് നടത്താനാകില്ല. അംഗത്വമുള്ള ഒരു ദേശീയ ഫുട്ബാൾ അസോസിയേഷന്‍റെ ആഭ്യന്തര കാര്യങ്ങളിലോ സ്വയംഭരണത്തെ ലംഘിക്കുന്ന തരത്തിലോ സർക്കാർ ഇടപെടുന്നതിനെ ഫിഫ വിലക്കുന്നുണ്ട്.
സർക്കാർ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളുടെ ഇടപെടലോ സ്വാധീനമോ ഫുട്ബാൾ ഫെഡറേഷന് മേൽ ഉണ്ടായിരിക്കരുത്. അതായത്, ദേശീയതലത്തിൽ ഫുട്ബാൾ മത്സരങ്ങളും ടൂർണമെന്‍റുകളും സംഘടിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള പൂർണമായ അവകാശം ഫുട്ബാൾ അസോസിയേഷനായിരിക്കും. സർക്കാറിന് ഇതിൽ ഇടപെടാനാകില്ല. യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും അസോസിയേഷനുമേൽ ഉണ്ടാകാൻ പാടില്ല. അസോസിയേഷനിലെ അംഗങ്ങളെ നിയമിക്കുന്നതിൽ ഉൾപ്പെടെ രാഷ്ട്രീയ ഇടപെടലുകൾ പാടില്ല. ഫിഫ മാനദണ്ഡ പ്രകാരമായിരിക്കണം തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഫുട്ബാൾ അസോസിയേഷന്‍റെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടുന്നുവെന്ന് ബോധ്യപ്പെട്ടാൽ, അന്താരാഷ്ട്ര മത്സരങ്ങളിലും ടൂർണമെന്‍റുകളിലും പങ്കെടുക്കുന്നതിൽനിന്ന് ദേശീയ ഫുട്ബാൾ അസോസിയേഷന് വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഫിഫക്കാകും. ലോകകപ്പിനു പുറമെ ഏഷ്യകപ്പ്, അന്താരാഷ്ട്ര ക്ലബ് ടൂർണമെന്‍റുകൾ എന്നിവക്ക് ഈ വിലക്ക് ബാധകമാകും.
സർക്കാറിന് നേരിട്ട് ടൂർണമെന്‍റ് സംഘടിപ്പിക്കാനാകില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാർഗനിർദേശം തയാറാക്കോനോ നയരൂപീകരണം നടത്തുന്നതിനോ തടസ്സമില്ല. അസോസിയേഷന്‍റെ സ്വയംഭരണാവകാശത്തിൽ കൈകടത്താതെ, താരങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിൽ നിയമം പോലുള്ളവ നടപ്പാക്കാൻ സർക്കാറിനാകും. ക്ലബ്ബുകളുടെ ഉടമസ്ഥാവകാശം സർക്കാറിന് ഏറ്റെടുക്കാനാകില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കാൻ സ്വതന്ത്ര സമിതിയെ (നിലവിൽ യു.കെയിലുള്ളതിന് സമാനമായി) നിയോഗിക്കാം. ചുരുക്കത്തിൽ, സർക്കാർ നിയന്ത്രണത്തിലല്ലാത്ത സ്വതന്ത്ര അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്‍റിന് മാത്രമേ അന്താരാഷ്ട്ര അംഗീകാരമുണ്ടാകൂ.
ഐ.എസ്.എൽ പുതിയ സീസണ് ഫെബ്രുവരി 14ന് തുടക്കമാകുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര കായികമന്ത്രി മൻസൂക് മാണ്ഡവ്യയാണ് അറിയിച്ചത്. വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സാധാരണ സെപ്റ്റംബറിൽ ആരംഭിക്കേണ്ട സീസൺ നീണ്ടുപോയത്. എന്നാൽ ഫിഫയുടെ മാനദണ്ഡങ്ങൾ ഏതുരീതിയിലാകും ബാധിക്കുകയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്.എസ്.ഡി.എൽ) മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കിയിരുന്നില്ല. വാണിജ്യ പങ്കാളിയെ കണ്ടെത്താൻ എ.ഐ.എഫ്.എഫ് നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഫെഡറേഷൻതന്നെ നേരിട്ട് രംഗത്തിറങ്ങി മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അതിനുപക്ഷേ സർക്കാർ ഇടപെടൽ വേണ്ടിവന്നുവെന്നത് ഫിഫ ചട്ടത്തിന്‍റെ ലംഘനമാകുമോ എന്ന് ആശങ്കയുണ്ടെന്ന് ഫസ്റ്റ്പോസ്റ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
സീസണിൽ 14 ക്ലബുകളും പങ്കെടുക്കുമെന്ന് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. ഹോം-എവേ അടിസ്ഥാനത്തിൽ 91 മത്സരങ്ങളുണ്ടാകും. സീസണിൽ മത്സരങ്ങൾ വെട്ടിക്കുറച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഐ.എസ്.എല്ലിന്റെ നടത്തിപ്പ് ചെലവ് 25 കോടി വരുമെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. ഫുട്ബാൾ ഫെഡറേഷനും വാണിജ്യ പങ്കാളിയും ചേർന്നാണ് ഇതു വഹിക്കുക. വാണിജ്യ പങ്കാളിയെ കണ്ടെത്താത്ത പക്ഷം ഫെഡറേഷൻ 14 കോടി രൂപ ഐ.എസ്.എല്ലിനായും 3.2 കോടി ഐ ലീഗിനുമായും മാറ്റിവെക്കുമെന്ന് ചൗബെ കൂട്ടിച്ചേർത്തു.
നേരത്തെ രാജ്യത്തെ ഫുട്ബാളിന്റെ ദുരവസ്ഥ വിവരിച്ച് ഫിഫയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി, ദേശീയ താരങ്ങളായ ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാൻ, മൻവീർ സിങ്, രാഹുൽ ഭേകെ ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തുവന്നിരുന്നു. പത്തു വർഷം പിന്നിട്ട ഐ.എസ്.എല്ലിന്റെ ഭാവി അനിശ്ചിതമായി മുടങ്ങിയതോടെയാണ് താരങ്ങൾ ഫിഫയുടെ സഹായം തേടിയത്.
പത്തുവർഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്.എസ്.ഡി.എൽ) മാസ്റ്റർ റൈറ്റ്സ് കരാർ കാലാവധി കഴിഞ്ഞതോടെയാണ് ഐ.എസ്.എൽ പ്രതിസന്ധിയിലായത്. ഇതിനകം തന്നെ വിവിധ ക്ലബുകൾ വിദേശ താരങ്ങളെ ഒഴിവാക്കുകയും, പരിശീലനം നിർത്തിവെക്കുകയും ചെയ്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

