സ്വന്തം തട്ടകത്തിൽ അവസാന പോരിനൊരുങ്ങി ഗോകുലം
text_fieldsrepresentational image
മഞ്ചേരി: സ്വന്തം മൈതാനത്തെ ‘പോരിശ’ തുടരാൻ ഗോകുലം കേരള എഫ്.സി മണിപ്പൂർ ടീം ട്രാവു എഫ്.സിക്കെതിരെ പോരിനിറങ്ങുന്നു. ഞായറാഴ്ച വൈകുന്നേരം 4.30ന് പയ്യനാട് സ്റ്റേഡിയത്തിലെ അവസാന മത്സരത്തിനിറങ്ങുമ്പോൾ മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും മലബാറിയൻസിന്റെ മനക്കോട്ടയിലില്ല.
കഴിഞ്ഞ കളികളിൽ പരിധിവിട്ട് മഞ്ഞക്കാർഡ് പോക്കറ്റിലിട്ട ക്യാപ്റ്റൻ അമിനോ ബൗബ ട്രാവു എഫ്.സിക്കെതിരെ കളിക്കില്ല. ഗോകുലത്തിന്റെ പുതിയ പരിശീലകൻ ഫ്രാൻസെക് ബോണറ്റ് കഴിഞ്ഞ കളികളിൽനിന്ന് വ്യത്യസ്തമായ പരീക്ഷണങ്ങൾ നടപ്പാക്കുമെന്നാണ് സൂചന.
മുന്നേറ്റ നിരയുടെ ചുക്കാൻ പിടിക്കാൻ കഴിഞ്ഞ കളിയിലെ താരമായ സെർജിയോ മെൻഡിയെ തന്നെയാവും ഏൽപ്പിക്കുക. പി.എൻ. നൗഫൽ, ശ്രീകുട്ടൻ എന്നിവരെയും മുന്നേറ്റ പദ്ധതികളിൽ സജീവമാക്കും.
പയ്യനാട്ട് ഇതുവരെ തോൽവിയറിയാതെയാണ് ആതിഥേയരുടെ മുന്നേറ്റം. കഴിഞ്ഞ കളിയിൽ ചർച്ചിൽ ബ്രദേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പൂട്ടിയാണ് 11-ാം മത്സരത്തിന് കച്ചകെട്ടുന്നത്. പയ്യനാട് നടന്ന അഞ്ച് മത്സരത്തിൽ നാല് വിജയവും ഒരു സമനിലയുമാണ് സമ്പാദ്യം. 10 കളികളിൽനിന്ന് 18 പോയന്റോടെ നാലാം സ്ഥാനത്താണ് ഗോകുലം.

