ഗോകുലത്തിന് ജയിക്കണം: ഗോകുലം-റിയൽ കശ്മീർ മത്സരം ഇന്ന് രാത്രി ഏഴിന്
text_fieldsകോഴിക്കോട്: ഐ ലീഗിൽ വിജയ വഴി തിരിച്ചുപിടിക്കാൻ ഗോകുലം ഇന്ന് സ്വന്തം കളിമുറ്റത്ത്. ചർച്ചിൽ ബ്രദേഴ്സിനെതിരെ അവരുടെ തട്ടകത്തിലേറ്റ തോൽവിയുടെ ക്ഷീണം തീർക്കാനാണ് മലബാറിയൻസ് ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ റിയൽ കശ്മീർ എഫ്.സിയെ നേരിടുന്നത്. അവസാന മത്സരത്തിൽ മികവ് കാട്ടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മാണ് ഗോകുലത്തിന് തിരിച്ചടിയായത്.
കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ചെത്തണമെങ്കിൽ ഗോകുലത്തിന് ഇന്ന് ജയിക്കണം. നവംബറിൽ റിയൽ കശ്മീരിന്റെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 1-1 എന്ന നിലയിൽ മത്സരം അവസാനിച്ചിരുന്നു. ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ഗോകുലം ആഗ്രഹിക്കുന്നില്ല. അവസാന മത്സരത്തിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ മലബാറിയൻസ് ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച ജയം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
13 മത്സരത്തിൽനിന്ന് 19 പോയന്റുള്ള ടീം പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്ന് ജയിക്കുകയാണെങ്കിൽ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്താൻ ഗോകുലത്തിന് കഴിയും. ‘‘അവസാന മത്സരത്തിലെ തോൽവിയിലുള്ള തെറ്റുകൾ തിരുത്തിയിട്ടുണ്ട്. അറ്റാക്കിങ് ശക്തമാക്കി തുടക്കത്തിൽതന്നെ കൂടുതൽ ഗോളുകൾ നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്. ജയിച്ച് മൂന്ന് പോയന്റ് നേടാൻ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോൾ ടീമിനുണ്ട്’’ -പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി.

