
ഒന്നാം സ്ഥാനക്കാരെയും അട്ടിമറിച്ച് ഗോകുലത്തിന്റെ വിജയക്കുതിപ്പ്; (3-0)
text_fieldsകൊൽക്കത്ത: ഐ ലീഗിൽ തോൽവിയറിയാതെ കുതിച്ച ചർച്ചിൽ ബ്രദേഴ്സിനെ അട്ടിമറിച്ച് ഗോകുലം കേരള. ചാമ്പ്യൻഷിപ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ഗോകുലം ഒന്നാം സ്ഥാനക്കാരായ ചർച്ചിലിെൻറ അടിതെറ്റിച്ചത്. ചാമ്പ്യൻഷിപ് നിർണയത്തിൽ നിർണായകംകൂടിയാണ് ഈ ജയം. ഇതോടെ ചർച്ചിലും (12 കളി, 25 പോയൻറ്) ഗോകുലവും (22) തമ്മിലെ പോയൻറ് വ്യത്യാസം കുറച്ചു. റിയൽ കശ്മീരിനെ തോൽപിച്ച ട്രാവു എഫ്.സിയും 22 പോയൻറുമായി ഗോകുലത്തിനൊപ്പമുണ്ട്.
പ്രതിരോധനിരയിൽ മുഹമ്മദ് അവാലിെൻറ തിരിച്ചുവരവ് ഗോകുലത്തിെൻറ കെട്ടുറപ്പിന് കരുത്തുപകർന്നു. രണ്ടു ഗോൾ നേടുകയും ആദ്യ സെൽഫ് ഗോളിന് അവസരമൊരുക്കുകയും ചെയ്ത സ്റ്റാർ സ്ട്രൈക്കർ ഡെന്നിസ് ആൻറ്വിയായിരുന്നു ഗോകുലത്തിെൻറ തുറുപ്പുശീട്ട്. നാലാം മിനിറ്റിൽ ആൻറ്വി നൽകിയ ക്രോസ് ചർച്ചിൽ ഡിഫൻഡർ മമിത് വാൻലാൻഡുസാങ്കയിൽ തട്ടിയാണ് ഗോളായത്. രണ്ടാം പകുതിയിൽ രണ്ടു ഗോൾ കൂടി പിറന്നു. 56ാം മിനിറ്റിൽ ആൻറ്വി പെനാൽറ്റിയിലൂടെയും 62ാം മിനിറ്റിൽ ഒന്നാന്തരമൊരു ഡ്രിബ്ലിങ് കുതിപ്പിലൂടെയുമായിരുന്നു ഗോളുകൾ.