ചരിത്രമെഴുതിയ ഗോകുലത്തിന് കരിപ്പൂർ വിമാനത്താവളത്തിൽ രാജകീയ സ്വീകരണം
text_fieldsകൊണ്ടോട്ടി: സംസ്ഥാനത്തേക്കാദ്യമായി ഐ ലീഗ് കിരീടമെത്തിച്ച ഗോകുലം കേരള എഫ്.സി ടീമിന് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രൗഢ സ്വീകരണം. കൊൽക്കത്തയില്‍നിന്ന് തിങ്കളാഴ്ച 12.45ന് പുറപ്പെട്ട് ചെന്നൈ വഴി രാത്രി 7.45നാണ് ഇന്‍ഡിഗോ വിമാനത്തില്‍ അഭിമാന താരങ്ങള്‍ കരിപ്പൂരിലെത്തിയത്. ടെര്‍മിനലില്‍നിന്ന് പുറത്തിറങ്ങിയ താരങ്ങള്‍ക്കും കോച്ച് വിന്‍സെന്‍സോ അനീസെക്കും രാജകീയ പ്രൗഢിയില്‍ ഗോകുലം മാനേജ്മെൻറും ടീം ഫാന്‍സും സ്വീകരണം നൽകി.
19 കളിക്കാരും സ്റ്റാഫുമാണ് സംഘത്തിലുണ്ടായിരുന്നത്. അഞ്ച് താരങ്ങള്‍ വ്യക്തിപരമായ ആവശ്യത്താല്‍ കൊല്‍ക്കത്തയില്‍ തന്നെ തങ്ങുകയായിരുന്നു. നൂറുകണക്കിന് ടീം ആരാധകര്‍ ഐ ലീഗ് ജേതാക്കളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് ടീമിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. ടി.വി. ഇബ്രാഹിം എം.എല്‍.എ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

