നെറോകയെ 4–1ന് തകർത്തു; ഗോൾകുലമായി ഗോകുലം
text_fieldsകൊൽക്കത്ത: ഐ ലീഗിൽ ഗോകുലം കേരളക്ക് തകർപ്പൻ ജയം. മണിപ്പൂരി ക്ലബായ നെറോക എഫ്.സിയെ 4-1ന് തകർത്താണ് ഗോകുലം സീസണിലെ രണ്ടാം ജയം കുറിച്ചത്. ആറു പോയൻറുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. കളിയിൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ച ഗോകുലം ഒന്നാം പകുതിയിൽതന്നെ മൂന്നു ഗോളുമായി എതിരാളികളെ വിറപ്പിച്ചിരുന്നു. 22ാം മിനിറ്റിൽ എമിൽ ബെന്നിയും മുഹമ്മദ് റാഷിദും നടത്തിയ നീക്കം, നെറോക താരം ജിതേശ്വർ സിങ്ങിെൻറ തലയിൽ തട്ടി സെൽഫ് ഗോളായി വലകുലുക്കി.
അധികം വൈകുംമുേമ്പ മറ്റു രണ്ടു ഗോളുകൾകൂടി പിറന്നു. 31ാം മിനിറ്റിൽ ഡെന്നിസ് ആൻറ്വിയുടെ ക്രോസിൽ ഫിലിപ് അഡ്ജയും 39ാം മിനിറ്റിൽ ദീപക് ദേവ്റാണി നൽകിയ ക്രോസിൽ ജസ്റ്റിൻ ജോർജും സ്കോർ ചെയ്തു.
രണ്ടാം പകുതിയിൽ നെറോക ആക്രമണം കനപ്പിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. എന്നാൽ, ഇതിനിടയിൽ ഒരു പെനാൽറ്റിയിലൂടെ ഗോകുലം നാലാം ഗോളും കുറിച്ചു. ഷെരീഫ് മുഹമ്മാണ് (86) സ്കോർ ചെയ്തത്. ഒടുവിൽ 88ാം മിനിറ്റിൽ സോങു സിങ്സിത് നെറോകയുടെ ആശ്വാസഗോൾ കുറിച്ചു. മറ്റൊരു മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് 2-0ത്തിന് സുദേവ എഫ്.സിയെ തോൽപിച്ചു.