ഐ ലീഗിൽ ഗോകുലം തലപ്പത്ത്; ശ്രീനിധി ഡെക്കാനെ 2-1ന് തോൽപിച്ചു
text_fieldsഗോകുലം കേരളയുടെ ഗോൾ നേടിയ അമീനു ബൗബ സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ
കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ അപരാജിത കുതിപ്പ് തുടരുന്ന നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സി ഒന്നാം സ്ഥാനത്തേക്കു കയറി. ഒമ്പതാം റൗണ്ടിൽ ശ്രീനിധി ഡെക്കാനെ 2-1ന് മറികടന്ന ഗോകുലത്തിന് 21 പോയന്റായി. 19 പോയന്റുള്ള മുഹമ്മദൻ സ്പോർട്ടിങ്ങിനെയാണ് ഗോകുലം പിന്തള്ളിയത്.
വിദേശതാരങ്ങളായ അമീനു ബൗബയും (4) ജോർഡൻ ഫ്ലെച്ചറും (30) നേടിയ ഗോളുകളിലായിരുന്നു ഗോകുലത്തിന്റെ ജയം. ശ്രീനിധിയുടെ ഗോൾ ഡേവിഡ് കാസ്റ്റനീഡയുടെ (49) വകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഗോകുലം ശരീഫ് മുഹമ്മദിന്റെ കോർണറിൽ കാമറൂൺ ഡിഫൻഡർ ബൗബയുടെ ഹെഡറിലൂടെയാണ് ലീഡെടുത്തത്. കളി അരമണിക്കൂർ പിന്നിടവെ കൗണ്ടർ അറ്റാക്കിൽനിന്നായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോൾ. ലൂക മയ്സെനിൽനിന്ന് പാസ് സ്വീകരിച്ച് ജമൈക്കൻ താരം ഫ്ലെച്ചർ വലകുലുക്കി.
ഗോളിനുപിന്നാലെ പരിക്കേറ്റ ഫ്ലെച്ചർ തിരിച്ചുകയറുകയും ചെയ്തു. രണ്ടാം പകുതിയിൽ രണ്ടും കൽപിച്ചിറങ്ങിയ ശ്രീനിധി നാലു മിനിറ്റ് പിന്നിടുമ്പോഴേക്കും കാസ്റ്റനീഡയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ, പിന്നീട് സമനില ഗോളിന് അവസരം നൽകാതെ പിടിച്ചുനിന്ന ഗോകുലം ജയവുമായി ഒന്നാം സ്ഥാനത്തേക്കു കയറി. ഗോകുലത്തിന്റെ അടുത്ത കളി ശനിയാഴ്ച ഇന്ത്യൻ ആരോസുമായാണ്.