ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം എഫ്.സിക്ക് ജയം
text_fieldsഗോകുലത്തിനായി ഗോൾ നേടിയ ഫർഷാദ് നൂറിന് സഹതാരങ്ങളുടെ അഭിനന്ദനം
മഡ്ഗാവ്: വാസ്കോഡഗാമയിലെ തിലക് മൈതാനിയിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ ജയത്തോടെ ഗോകുലം കേരള എഫ്.സി ഐ ലീഗ് പോയന്റ് പട്ടികയിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് കയറി. 21ാം മിനിറ്റിൽ ഫർഷാദ് നൂറിന്റെ ഗോളിലാണ് മലബാറിയൻസ് തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചത്.
21ാം മിനിറ്റിൽ കിങ്സ് ഫെർണാണ്ടസിന്റെ മിസ് പാസാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി മുന്നേറിയ നൗഫലിന്റെ ക്രോസിൽ ഗോകുലത്തിന്റെ അഫ്ഗാൻ താരം ഫർഷാദ് നൂർ വല ചലിപ്പിച്ചു. രണ്ടാം പകുതിയിൽ സമനില ഗോളിനുവേണ്ടി ചർച്ചിൽ ശ്രമിച്ചെങ്കിലും ഗോകുലത്തിന്റെ പ്രതിരോധം ആതിഥേയരുടെ എല്ലാ നീക്കങ്ങളും തടഞ്ഞു. മറുവശത്ത് ഗോകുലം ലീഡ് ഇരട്ടിയാക്കാനും നോക്കി. ഇടക്ക് ശ്രീക്കുട്ടൻ പെനാൽറ്റി ഏരിയയിലേക്ക് ഓടിക്കയറി നൂറിന് കട്ട് ബാക് നൽകിയെങ്കിലും ചർച്ചിൽ ഗോൾകീപ്പർ ഗോമസിന്റെ ഒരു റിഫ്ലെക്സ് സേവിൽ ഗോൾ ഒഴിവായി.
ഈ വിജയത്തോടെ 18 കളികളിൽനിന്ന് 30 പോയന്റുമായി ഗോകുലം കേരള ഒന്നാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനുമായി 10 പോയന്റ് പിന്നിലാണ്. 26 പോയന്റുമായി ചർച്ചിൽ ബ്രദേഴ്സ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഗോകുലത്തിന്റെ അടുത്ത മത്സരം മിസോറം ടീമായ ഐസോൾ എഫ്.സിയുമായി ഫെബ്രുവരി 25ന് കോഴിക്കോട്ട്.

