ഗോവ പിടിച്ച് മലബാറിയൻസ്; ഡെംപോയെ 1-0ന് കീഴടക്കി
text_fieldsഡെംപോക്കെതിരെ ഗോൾ നേടിയ ഗോകുലം താരം അഭിഷേക് സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ
പനാജി: മഡ്ഗാവിലെ മൈതാനത്ത് തീപടർത്തി അഭിഷേക് നേടിയ ഏക ഗോളിൽ നാട്ടുകാരായ ഡെംപോയെ കടന്ന് മലബാറിയൻസ്. തുടർച്ചയായ അഞ്ചാം മത്സരത്തിലും അപരാജിത കുതിപ്പുതുടർന്ന ഗോകുലം ജയത്തോടെ ഐ ലീഗ് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. തുടർച്ചയായ നാലാം തോൽവിയോടെ ഡെംപോ പട്ടികയിൽ കൂടുതൽ പിറകിലായി.
ഡെംപോയുടെ മുന്നേറ്റത്തോടെയാണ് കളിയുണർന്നത്. ഏഴാം മിനിറ്റിൽ പൃതുവേഷ് പെഡ്നേകറുടെ ക്രോസ് ശുഭം റാവത്ത് കാലിലെടുത്ത് പായിച്ച വോളി ക്രോസ്ബാറിന് മുകളിലൂടെ പറന്നു. അതോടെ പുതുജീവനുമായി പതിയെ നിയന്ത്രണമേറ്റെടുത്ത ഗോകുലം എതിരാളികൾക്കുമേൽ ആക്രമണം കനപ്പിച്ച് ഓട്ടം ശക്തമാക്കി. ആദം നിയേൻ ആയിരുന്നു മലബാറിയൻസിനായി ആദ്യ അവസരം തുറന്നത്.
ബോക്സിനു പുറത്തുനിന്ന് പായിച്ച ഷോട്ട് പക്ഷേ, വലക്കകത്തുകയറിയില്ല. മിനിറ്റുകൾ കഴിഞ്ഞ് ഇഗ്നാസിയോ ലയോളയും അപകടഭീഷണി സൃഷ്ടിച്ചെങ്കിലും എതിർ ഗോളി തട്ടിയകറ്റി. ആദ്യ പകുതി അവസാനിപ്പിച്ച് വിസിൽ മുഴങ്ങാനിരിക്കെ ലയോള- നിയേൻ കൂട്ടുകെട്ട് ഗോകുലത്തിന് ലീഡ് നൽകിയെന്ന് തോന്നിച്ചു. ആറു വാരക്കുള്ളിൽനിന്ന് കാലിന് കണക്കായി ലയോള ഹെഡ് ചെയ്ത് നൽകിയ പന്ത് വലക്കകത്താക്കുന്നതിനുപകരം നിയേൻ അലക്ഷ്യമായി ഗോളിക്കുമേൽ കാൽവെച്ച് കാർഡ് വാങ്ങി.
രണ്ടാം പകുതിയിലും തുടക്കം ഡെംപോ വകയായിരുന്നു. റാവത്ത് പായിച്ച മനോഹര ഫ്രീകിക്ക് ഗോകുലം ഗോളി ഷിബിൻരാജ് ആയാസപ്പെട്ട് അപകടമൊഴിവാക്കി. അതിനിടെ, ഗോകുലം മുന്നേറ്റങ്ങൾ പലതും ഡെംപോ കാവൽക്കാരൻ സിബിയുടെ കരുത്താർന്ന കൈകളിൽ തട്ടി മടങ്ങി. ഫിനിഷിങ്ങിലെ പ്രശ്നങ്ങളും സ്കോർ ബോർഡ് മാറ്റമില്ലാതെ നിലനിർത്തി. 86ാം മിനിറ്റിലാണ് കളിയുടെ ഗതി മാറ്റിയ ഗോളെത്തിയത്. പകരക്കാരനായി ഇറങ്ങിയ മാർട്ടിൻ ഷാവെസിന്റെ പാസിൽ രണ്ട് മിനിറ്റ് മുമ്പ് മാത്രം മൈതാനത്തെത്തിയ അഭിഷേക് വല കുലുക്കി. പിന്നീട് സ്വന്തം പകുതി ഭദ്രമാക്കി മലബാറിയൻസ് വിജയമുറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ 10 പേരുമായി കളിച്ച റിയൽ കശ്മീർ എഫ്.സി ശ്രീനിധി ഡെക്കാനെ 2-2ന് സമനിലയിൽ പിടിച്ചു. കശ്മീർ ടീമിനായി പൗലോ സീസർ, മുഹമ്മദ് ഹമ്മാദ് എന്നിവരും ശ്രീനിധിക്കായി ഫൈസൽ ഷായിസ്ത, എയ്ഞ്ചൽ ഒറേലിയൻ എന്നിവരും സ്കോർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

