ജസ്റ്റ് ഫൊണ്ടെയ്ൻ ഗോൾ മെഷീൻ
text_fieldsജസ്റ്റ് ഫൊണ്ടെയ്ൻ സഹതാരങ്ങൾക്കൊപ്പം
ഏഴു വർഷം ഫ്രാൻസിനുവേണ്ടി ദേശീയ കുപ്പായമണിഞ്ഞ ജസ്റ്റ് ഫൊണ്ടെയ്നായിരുന്നു സ്വീഡൻ ലോകകപ്പിന്‍റെ സൂപ്പർതാരം. വെറുമൊരു റിസർവ് താരമായി ലോകകപ്പ് വേദിയിലേക്ക് പറന്ന യുവതാരം, പക്ഷേ, ഒരുമാസത്തിനു ശേഷം മടങ്ങിയത് ചരിത്രത്തിൽ ഇളക്കമില്ലാത്തൊരു റെക്കോഡുമായാണ്. സെന്‍റർ ഫോർവേഡായി ടീമിനൊപ്പമെത്തിയ ഫൊണ്ടെയ്ൻ ആറു മത്സരങ്ങളിൽനിന്ന് അടിച്ചു കുട്ടിയത് 13 ഗോളുകൾ. ഒരു ലോകകപ്പ് ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോഡിൽനിന്നും ഫൊണ്ടെയ്നെ ഇനി ഇളക്കിമാറ്റുക അസാധ്യമായൊരു ദൗത്യം. ലോകകപ്പ് ഗോളടിയിൽ ഇദ്ദേഹത്തെ മറികടന്ന മിറോസ്ലാവ് ക്ലോസ്സെയും, റൊണാൾഡോയു ഗെർഡ് മുള്ളറുമെല്ലാം ഗോളുകൾ അടിച്ചുകൂട്ടിയത് നാലും അഞ്ചും ലോകകപ്പുകളിലെ പങ്കാളിത്തവുമായാണ്.
എന്നാൽ, ഫൗണ്ടെയ്ന് ഇത്രയും അടിച്ചുകൂട്ടാൻ ഒരു ചാമ്പ്യൻഷിപ്പുതന്നെ ധാരാളമായി. പരഗ്വേക്കെതിരെ ഗ്രൂപ് റൗണ്ടിൽ ഫ്രാൻസ് ഏഴ് ഗോളിന് ജയിച്ചപ്പോൾ മൂന്നെണ്ണം ഫൊണ്ടെയ്ൻ വക. യുഗോസ്‍ലാവ്യക്കെതിരെ ഫ്രാൻസ് നേടിയ മൂന്നും, സ്കോട്ലൻഡിനെതിരെ ഒരു ഗോളും നേടി. ക്വാർട്ടറിൽ രണ്ടും, സെമിയിൽ ബ്രസീലിനോട് തോറ്റ കളിയിൽ ഒരു ഗോളും കുറിച്ചു. പശ്ചിമ ജർമനിക്കെതിരായ ലൂസേഴ്സ് ഫൈനലിൽ നാല് ഗോളും കുറിച്ചായിരുന്നു ഫൊണ്ടെയ്ൻ 13 ഗോൾ എന്ന അതുല്യനേട്ടം സ്വന്തം പേരിൽ കുറിച്ചത്.
സെന്‍റർ സർക്കിളിൽ നിന്നും മിന്നായം പോലെയുള്ള കുതിപ്പും, ഡ്രിബ്ൾ ചെയ്ത് നടത്തുന്ന മുന്നേറ്റവുമായിരുന്നു ആ 25കാരനെ സ്വീഡനിലെ ഗോൾമെഷീനാക്കി മാറ്റിയത്. കരുത്തുറ്റ ഇടങ്കാലനടിയിൽ അന്നത്തെ സൂപ്പർ ഗോളിമാരും പ്രതിരോധ മലകളും ഇളകി. പക്ഷേ, തുടർച്ചയായ പരിക്കുകൾ ഫൊണ്ടെയ്ന്‍റെ കരിയറിന് 28ാം വയസ്സിൽ തന്നെ തിരശ്ശീലയിട്ടു. രണ്ടു കാലുകൾക്കുമേറ്റ പരിക്കോടെ രണ്ടു വർഷത്തിനുള്ളിൽ റിട്ടയർമെന്‍റ് പ്രഖ്യാപിച്ച് കളം വിടേണ്ടിയും വന്നു. എങ്കിലും, 2004ൽ പെലെ നൂറ്റാണ്ടിന്‍റെ 125 താരങ്ങളെ തെരഞ്ഞെടുത്തപ്പോൾ അവരിൽ ഒരാളായി ഈ മൊറോക്കോയിൽ നിന്നും ഫ്രാൻസിൽ കുടിയേറിയ ഫുട്ബാളറുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

