
കൂട്ടുകാരുടെ 'കിങ് കോങ്'...അസൂറികളുടെ വിജയനായകനായി കെല്ലിനി
text_fieldsഇത്തവണ ഇറ്റലി യൂറോപ്പിലെ ഫുട്ബാൾ രാജാക്കന്മാരായതിനുള്ള നൂറു ശതമാനം ക്രെഡിറ്റും ഒരാൾക്കുള്ളതാണ് -അവരുടെ നായകൻ ജിയോർജിയോ കെല്ലിനിക്ക്. ഒരു നായകൻ എങ്ങനെയാകണം എന്ന് കളിക്കളത്തിനുള്ളിലും പുറത്തും അസാമാന്യ ചങ്കുറപ്പുമായി അസൂറിപ്പടയെ നയിച്ച ഈ പ്രതിരോധ ഭടൻ തെളിയിച്ചു. അഞ്ചു മത്സരങ്ങളിൽ ടീമിനൊപ്പം അണിനിരന്നും രണ്ടു മത്സരങ്ങളിൽ പരുക്കുമായി പുറത്തിരുന്നും മാതൃകാപരമായിരുന്നു കെല്ലീനിയുടെ നേതൃപാടവം...!
അന്നുവരെ അധികമാരും അറിയാതിരുന്ന ഇറ്റാലിയൻ ഡിഫൻസിലെ കാരണവർ 2014 ലോകകപ്പിലെ ആദ്യ റൗണ്ടിൽ ഉറൂഗ്വേക്കെതിരെയുള്ള മത്സരത്തിന്‍റെ 76ാം മിനിറ്റിലാണ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായത്. കളിക്കിടെ ജേഴ്സിയുടെ കൈ ഉയർത്തി കരഞ്ഞുകൊണ്ട് റഫറിയെ സമീപിച്ച ഈ വലിയ മനുഷ്യൻ കളി നിയന്ത്രിച്ചിരുന്ന ആളുടെ കണ്ണിൽ പെടാതെപോയ ഒരു വലിയ നെറികേട് വെളിപ്പെടുത്തുകയായിരുന്നു.
ഉറുഗ്വേയുടെ സൂപ്പർതാരമായ മുന്നേറ്റ നിരക്കാരൻ ലൂയി സുവാരസ് ഈ ഇറ്റാലിയൻ പ്രതിരോധ നായകനെ മറികടക്കുവാനായി പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടപ്പോൾ അയാളുടെ തോൾ ഭാഗം കടിച്ച് പറിക്കുകയായിരുന്നു. തുടർന്ന് സുവാരസിന്റെ ഭാവാഭിനയവും പുറത്താക്കലും ഒക്കെ നാം കണ്ടു.
അന്ന് 27കാരനായിരുന്ന പിൻനിരയിലെ ഈ 'കിങ് കോങ്' സ്ക്വാഡ്രാ അസൂറകൾക്ക് വേണ്ടി ഇതിനകം 112 മത്സരങ്ങളിൽ ബൂട്ട് കെട്ടി. അവരുടെ ജൂനിയർ ടീമുകളിലും ഒളിമ്പിക് ടീമിലുമൊക്കെ ഇടംപിടിച്ച ഈ ആറടി നാലിഞ്ചുകാരൻ ടീമിന്‍റെ നായകനായി ഇത്തവണ യൂറോകപ്പിലെത്തിയപ്പോൾ ചരിത്ര നിയോഗം പോലെ ആ കപ്പ് കരുത്തുറ്റ ആ കൈകളിൽ ചെന്നെത്തി. അതും നീണ്ട 53 വർഷത്തെ കാത്തിരിപ്പിനു ശേഷം.
ആരാണ് കെല്ലിനി?
ഇറ്റലിയിലെ ചരിഞ്ഞ ഗോപുരം സ്ഥിതിചെയ്യുന്ന പിസയിൽ 1984 ആഗസ്റ്റ് 14നായിരുന്നു ജിയോർജിയോയുടെ ജനനം. ഒപ്പം മൂന്നു മിനിറ്റു മുൻപേ ഭൂമിയിൽ എത്തിയ ഒരു സഹോദരൻ കൂടിയുണ്ട് ഇപ്പോഴത്തെ യൂറോപ്യൻ ചാമ്പ്യന്. പേര് ക്ലൗഡിയോ കെല്ലിനി. 'അനിയൻ' പന്തുകളിയിൽ ഇതിഹാസമായപ്പോൾ 'ചേട്ടൻ ബാവ' അനിയന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ജിയോർജിയോയുടെ മാനേജരാണ് ഇപ്പോൾ ക്ലൗഡിയോ.
അച്ഛൻ ഫാബിയോ അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധൻ. അമ്മ ലൂസിയ ഫിനാൻസ് മാനേജ്മെന്റ് വിദഗ്ധ. അതിസമ്പന്നമായ കുടുംബത്തിൽ പിറന്ന് എല്ലാ പ്രിവിലേജുകളും ഉണ്ടായിരുന്ന ബാല്യം. ഈ സമയത്ത് ഏതു കായിക വിനോദമാണ് തനിക്കു ഇണങ്ങുക എന്നറിയാതെ ജിയോർജിയോ വിഷമിച്ചിരുന്നു. ചെറുപ്പത്തിലേ നല്ല ഉയരമുണ്ടായിരുന്നതിനാൽ ബാസ്കറ്റ്ബാളിനോടായിരുന്നു ആദ്യ പ്രണയം.
രണ്ടുവർഷം ലെവോർണോ എലീറ്റ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷമാണ് കാൽപന്തിന്‍റെ കളത്തിലേക്കു വഴിമാറിയത്. അപ്പോഴേക്കും അയാൾ ബാസ്‌ക്കറ്റ്ബാൾ ലെജൻഡ് കോബീ ബ്രയിന്‍റിന്‍റെ കടുത്ത ആരാധകനായി മാറിയിരുന്നു. ഇന്നും അത് തുടരുന്നു. വിമാന അപകടത്തെ തുടർന്നുള്ള ഇതിഹാസതാരത്തിന്‍റെ മരണ ശേഷമുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ജിയോർജിനോ എത്തിയിരുന്നു.
പത്താം വയസിലാണ് ഫുട്ബാൾ കളി കാര്യമായിട്ടെടുത്തത്. ലെവോർണോ എഫ്.സി അക്കാദമിയിൽ പരിശീലനത്തിന് ചേർന്നതും കളിക്കളത്തിലെ ശക്തമായ ഇടപെടലും കരുത്തുറ്റ ടാക്ലിങ്ങും കണ്ടറിഞ്ഞവർ നന്നേ ചെറുപ്പത്തിലെ കെല്ലിനിക്ക് ഒരു പുതിയ ഓമനപ്പേര് സമ്മാനിച്ചിരുന്നു- 'കിങ് കോങ്'. അസാധാരണ ശക്തിയും വലുപ്പവും ചലനാത്മകതയും ഉണ്ടായിരുന്ന സാങ്കൽപിക കഥാപാത്രം കിങ്‌കോങ് എന്ന ഗറില്ലയെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളായിരുന്നു ജിയോർജിയോക്ക് എന്ന് ആദ്യ കാല പരിശീലകരും സഹകളിക്കാരും അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ആ വിളിപ്പേര് ഇന്നും അസൂറികളുടെ നായകൻ ആസ്വദിക്കുന്നു.
2000 മുതൽ 2004 വരെ എ.എസ് ലെവോർണോക്ക് കളിച്ച ശേഷം കെല്ലിനി 2004ൽ ഇറ്റലിയിലെ വിഖ്യാത ടീമായ യുവന്‍റസിൽ ചേർന്നു. അതിനുശേഷം ഇതുവരെയായി 404 മത്സരങ്ങളിൽ യുവന്‍റസിനായി ഈ വിശ്വസ്ത പ്രതിരോധനിരക്കാരൻ ബൂട്ടുകെട്ടിയിറങ്ങി. ടീമിനുവേണ്ടി നാല് ഗോളുകളും നേടി.
അസാധാരണ ഗതിവേഗമുള്ള കെല്ലിനിയുടെ തുടക്കം സെൻട്രൽ മിഡ് ഫീൽഡറായിട്ടായിരുന്നു. എന്നാൽ, കിങ്‌കോങ് പരിവേഷം ഒടുവിൽ അയാളെ പ്രതിരോധക്കോട്ടയുടെ നായകനാക്കി. പരമ്പരാഗത ഇറ്റാലിയൻ ഡിഫൻസീവ് ശൈലിയിലെ എല്ലാ റോളും തനിക്ക് ഇണങ്ങുമെന്ന് അദ്ദേഹം ഇതിനകം തെളിയിക്കുകയും ചെയ്‌തു. അണ്ടർ 15 മുതൽ ഒളിമ്പിക്, സീനിയർ ഉൾപെടെ അസൂറിപ്പടയുടെ വിവിധ ടീമുകളിൽ അംഗമായിരുന്നു കൂട്ടുകാരുടെ പ്രിയ കിങ്‌കോങ്. ഒടുവിൽ നിയോഗം പോലെ അവരുടെ നായകനുമായി. 2003ൽ അണ്ടർ19 യൂറോപ്യൻ ചാമ്പ്യൻ, 2004 ഏതൻസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ, 2012ൽ യൂറോകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനം. ഒടുവിൽ നായകനായി 2020 യൂറോകപ്പിൽ നീണ്ട 53 വർഷത്തെ കാത്തിരിപ്പിന് ശേഷം കിരീട വിജയം.
ഗ്രൂപ്പ് ഒന്നിൽ തുർക്കി, വെയിൽസ്, സ്വിറ്റ്സർലൻഡ് എന്നിവർക്കൊപ്പം. മൂന്നു മത്സരങ്ങളും അനായാസം വിജയിച്ച് പ്രീ ക്വാർട്ടറിലേക്ക്. സ്വിറ്റ്സർലൻഡിന് എതിരെയുള്ള മത്സരത്തിൽ ഹാം സ്ട്രിങ് മസിലിനേറ്റ പരുക്കുമായി കെല്ലിനിക്ക് പുറത്തു പോകേണ്ടി വന്നു. എന്നാൽ, അവിടെയും അയാളുടെ നായക മികവ് ലോകം കണ്ടു. കുമ്മായവരക്ക് പുറത്തിരുന്നുകൊണ്ട് അയാൾ അസൂറിപ്പടയുടെ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ടീമിന് അളവറ്റ പ്രചോദനമേകുകയും ചെയ്‌തു.
സ്പെയിനിന് എതിരെയുള്ള സെമിയിലായിരുന്നു തന്ത്രശാലിയായ കെല്ലിനിയെ നാം കാണുന്നത്. അധിക സമയ ശേഷവും മത്സരം 1-1 സമ നിലയിൽ ആയപ്പോൾ ലഭിച്ച പെനാൽറ്റി ഷൂട്ടൗട്ടിന് മുന്നേ ഇറ്റലി ജയിച്ചിരുന്നു. തികഞ്ഞ ആത്മ വിശ്വാസത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട് കെല്ലിനി സ്പാനിഷ് നായകൻ ജോർഡി ആൽബയുടെ കവിളിലൊരു തട്ടുകൊടുത്തപ്പോഴേ വരാനിരിക്കുന്നതിന്‍റെ വിധിയെഴുതിയിരുന്നു. വിറളിപിടിച്ച ആൽബയുടെ മുഖം കെല്ലീനിയുടെ ആത്മവിശ്വാസത്തിന്‍റെ ബഹിഷ്‍ഫുരണമായിരുന്നു. 2012 ലെ ഫൈനൽ പരാജയത്തിന് മധുരമായി പകരംവീട്ടി കിങ്കോങ്ങും കൂട്ടരും 3-2ന്‍റെ മുൻതൂക്കവുമായി കലാശക്കളിയിലേക്ക്.
ഫുട്ബാളിന്‍റെ തറവാട്ടു കാരണവന്മാരായ ഇംഗ്ലീഷ് പടയായിരുന്നു ഫൈനലിലെ പ്രതിയോഗികൾ. തൊണ്ണൂറുമിനിട്ടും അധികസമയവും കഴിഞ്ഞിട്ടും വിജയികളെ കണ്ടെത്താനാകാനാകാതെ പോയപ്പോൾ കിരീടം ആർക്കെന്ന തീരുമാനം ഷൂട്ടൗട്ടിലേക്ക്. അവിടെയും ഭാഗ്യം കെല്ലിനിനൊപ്പം. ടൈബ്രേക്കറിൽ തുടക്കത്തിൽ പിന്നിലായിട്ടും ഒടുവിൽ രണ്ടിനെതിരെ മൂന്നു ഗോൾ വിജയവുമായിട്ടവർ കപ്പ് റോമിലെത്തിച്ചു. 'ഫുട്ബാൾ കമിങ് ഹോ'മിന് പകരം അപാരമായ നിശ്ചയദാർഢ്യത്തോടെ അസൂറികൾ അത് 'കമിങ് റോം' ആയി മാറ്റിയെഴുതി.
എന്താണ് കെല്ലിനിയുടെ സവിശേഷത?
ഡിഫൻസീവ് മിഡ് ഫീൽഡറായി കളി തുടങ്ങിയ ചെല്ലിനി തന്‍റെ ഗതിവേഗവും ആകാരമികവും അസാധാരണമായ ബാൾ കൺട്രോളും കൊണ്ട് അതിവേഗം പിൻനിരയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. കൺകെട്ട് വിദ്യക്കാരന്‍റെ ലാഘവത്തോടെയാണ് അവിടെനിന്ന് എതിർ പ്രതിരോധ നിര പിന്നിട്ടു അവരുടെ ഗോൾ ലൈനിൽ എത്തുന്നത്. അവസരങ്ങൾ തുറക്കാനുള്ള മിടുക്കും അതൊക്കെ ഗോളാക്കാൻ മുന്നേറ്റ നിരക്കാരിലേക്ക് പന്തെത്തിക്കുന്ന ചാതുര്യവും അയാളെ വേറിട്ടു നിർത്തുന്നു. ഒപ്പം ഇടങ്കാലൻ ക്ലിയറൻസുകളുടെ അസാധാരണ പ്രഹരശേഷിയും ..!
നായകൻ എന്ന നിലയിലുള്ള അയാളുടെ നേതൃപാടവവും ആജ്ഞാശക്തിയും സമഭാവനയുമൊക്കെ വയസൻ പട എന്ന കുറവിനെ മറികടക്കാൻ അസൂറികളെ പ്രാപ്തമാക്കിയിട്ടുണ്ട്. എന്നിട്ടും വിമർശകർ പരിഹാസേത്താടെ നൽകുന്ന വിശേഷണം കാൽപന്തു കളി കണ്ടു പിടിച്ച കാലത്തുള്ള സെന്‍റർ ബാക്ക് എന്നാണ്..!! എന്നാൽ, ഈ 36 കാരന്‍റെ ഗോൾ ആഘോഷങ്ങളാകട്ടെ ഗോൾഡൻ ജനറേഷൻ പിള്ളേരെ വിസ്മയിപ്പിക്കുന്നതും. ഫലിതക്കാരനായ അദ്ദേഹം ഏതു നേരവും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും ടീമിനെ മോട്ടിവേറ്റ് ചെയ്യിപ്പിക്കുന്ന നായകൻ കൂടിയാണ്.
ഇതിനൊക്കെ പുറമെ മറ്റൊരാളാണ് 'സീനിയോറോ' കെല്ലിനി അഥവാ മിസ്റ്റർ കെല്ലിനി. കളത്തിൽ നിറഞ്ഞുകളിക്കുന്നതിനിടയിലും അക്ഷരങ്ങളെയും അക്കങ്ങളെയും നെഞ്ചോട് ചേർത്ത പന്തുകളിക്കാരൻ. തിരക്കുപിടിച്ച ഫുട്ബാൾ ജീവിതത്തിനിടയിലും അയാൾ 2010ൽ ടൂറിൻ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ഡിഗ്രിയും 2017ൽ ബിരുദാനന്തര ബിരുദവും നേടി.
കരോളിനാ ബോണിസ്റ്റാളിയാണ് കെല്ലിനിയുടെ ജീവിത സഖി. 12 വർഷത്തെ പ്രണയത്തിന് ശേഷം 2014 ജൂലൈ 17നായിരുന്നു അവരുടെ വിവാഹം. ഒരു മകളുണ്ട് ഈ ദമ്പതികൾക്ക്. ആറു വയസ്സുള്ള നീന കെല്ലിനി. ഇരട്ട സഹോദരൻ േക്ലാഡിയോക്കൊപ്പം കൂടപ്പിറപ്പുകളായി ഒരു അനിയനും അനിയത്തിയും കൂടിയുണ്ട് ജിയോർജിയോക്ക്. ഗ്വിലിയോയും സിൽവിയയും.