രാജിയില്ല, വിവാദത്തിനിടെ മാപ്പു പറഞ്ഞ് മുഖംരക്ഷിക്കാൻ ഫിഫ പ്രസിഡന്‍റ് ഇൻഫാന്‍റിനോ; ഇനി ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി അംഗരാജ്യങ്ങൾക്ക് കത്ത്
text_fieldsജിയാനി ഇൻഫാന്‍റിനോ
സൂറിച്ച്: ഫിഫയുടെ പ്രധാന ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നടപടി വിവാദത്തിലായതിനു പിന്നാലെ മാപ്പു പറഞ്ഞ് പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ. എന്നാൽ, അംഗരാജ്യങ്ങളിൽനിന്ന് കടുത്ത പ്രതിഷേധം ഉയർന്നിട്ടും രാജിവെക്കാൻ അദ്ദേഹം തയാറായില്ല.
മൊറോക്കോയിൽ ചേർന്ന ഫിഫയുടെ മുതിർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇൻഫാന്‍റിനോ മാപ്പു പറഞ്ഞത്. എക്സിക്യൂട്ടീവ് സമിതിയുടെ പിന്തുണയോടെ പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യവത്കരണ നീക്കത്തിൽ പ്രതിഷേധം കടുത്തതോടെ പദ്ധതി ഉപേക്ഷിച്ചിരുന്നു. പിന്നാലെയാണ് മൊറോക്കൻ തലസ്ഥാനമായ റബാത്തയിൽ ഫിഫയുടെ ബോർഡ് യോഗം വിളിച്ചത്. യോഗത്തിനു പിന്നാലെ ലോക ഫുട്ബാൾ ഭരണസമിതി ഇൻഫാന്‍റിനോക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന പുറത്തിറക്കി.
വിവാദ തീരുമാനങ്ങളിൽ വെയ്ൽസ്, ഫിൻലാൻഡ്, സ്വീഡൻ, സെർബിയ തുടങ്ങിയ നിരവധി യുവേഫ അംഗരാജ്യങ്ങൾ ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. യുവേഫ, കോൺകകാഫ്, ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷനുകൾ എന്നിവ ഫിഫയിലെ സ്വകാര്യ നിക്ഷേപവിഷയത്തിൽ എതിർപ്പുമായി രംഗത്തുള്ളതിനാൽ ഇൻഫാന്റിനോക്കുമേൽ രാജിവെക്കാനുള്ള സമ്മർദം ശക്തമായിരുന്നു. സെക്രട്ടറി ജനറൽ മത്യാസ് ഗ്രാഫ്സ്ട്രോം ഉൾപ്പെടെ ഫിഫക്കുള്ളിൽ നിന്നുതന്നെ വലിയ വിമർശനങ്ങൾ ഉയർന്നതും ഇൻഫാന്‍റിനോക്ക് തിരിച്ചടിയായി.
പിന്നാലെയാണ് സ്വകാര്യ നിക്ഷേപ പദ്ധതി ഔദ്യോഗികമായി പിൻവലിക്കുന്നത്. എന്നാൽ, യോഗത്തിന് ശേഷമുള്ള പ്രസ്താവനയിൽ ഗ്രാഫ്സ്ട്രോമും ഫിഫ ബോർഡും ഇൻഫാന്‍റിനോക്ക് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് കണ്ടത്. പിഴവുകൾക്ക് ആത്മാർഥമായി മാപ്പ് ചോദിക്കുന്നു എന്നും ഇനി ആവർത്തിക്കില്ലെന്ന് എന്നും ചൂണ്ടിക്കാട്ടി ഇൻഫാന്റീനോയും ഗ്രാഫ്സ്ട്രോമും ഒപ്പിട്ട കത്ത് ഫിഫയുടെ വൈസ് പ്രസിഡന്റുമാർക്കും കൗൺസിലിനും 211 അംഗ അസോസിയേഷനുകൾക്കും അയച്ചു. നടപടിക്രമങ്ങളിലും ആശയവിനിമയത്തിലും ഗുരുതരമായ തെറ്റുകൾ സംഭവിച്ചതായി ഫിഫ സമ്മതിക്കുന്നു. കൗൺസിലിനെയും അംഗരാജ്യങ്ങളെയും പ്രക്രിയയിൽ നിന്ന് ഒഴിവാക്കിയത് ബോധപൂർവമല്ലെന്നും സംഭവത്തിൽ സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും ഫിഫ വ്യക്തമാക്കി.
യോഗശേഷം റബാത്തിൽ നടന്ന വനിത ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് മത്സരം കാണാൻ ഇൻഫാന്‍റിനോയും ഗ്രാഫ്സ്ട്രോമും എത്തിയിരുന്നു. പുരുഷ-വനിതാ ലോകകപ്പുകൾ ഉൾപ്പെടെയുള്ള ഫിഫയുടെ പ്രധാന ടൂർണമെന്റുകളിൽ എഫ്.എഫ്.ഇ എന്ന പുതിയ അനുബന്ധ സ്ഥാപനം വഴി സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നിർദേശത്തെ പിന്തുണക്കുകയാണെങ്കിൽ എല്ലാ അസോസിയേഷനുകൾക്കും 40 ദശലക്ഷം ഡോളർ (30 ദശലക്ഷം പൗണ്ട്) ഇൻഫാന്‍റിനോ വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ഇൻഫന്റിനോക്ക് ഫിഫ ബോർഡിന്റെ പിന്തുണയുണ്ടെങ്കിലും യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും പ്രമുഖ ഫുട്‌ബാൾ അസോസിയേഷനുകളുമായുള്ള വിശ്വാസ്യത തകർന്നത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയാണ്.
അടുത്ത മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ വീണ്ടും ഫിഫയുടെ തലപ്പത്ത് എത്താനുള്ള ഇൻഫാന്‍റിനോയുടെ നീക്കമാണ് ഇതോടെ പ്രതിസന്ധിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

