‘മുസിയാല, നിനക്കുവേണ്ടി പ്രാർഥിക്കുന്നു...’; ജർമൻ താരത്തിന് മെസേജ് അയച്ച് ഡൊണ്ണരുമ്മ, മാസങ്ങൾ പുറത്തിരിക്കണം
text_fieldsഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ ബയേൺ മ്യൂണിക്കിന്‍റെ ജമാല്‍ മുസിയാലക്ക് മെസേജ് അയച്ച് പി.എസ്.ജി ഗോൾകീപ്പർ ജിയാൻലൂയി ഡൊണ്ണരുമ്മ.
കഴിഞ്ഞ ദിവസം പി.എസ്.ജിക്കെതിരെ നടന്ന ക്വാർട്ടർ മത്സരത്തിനിടെയാണ് മുസിയാലക്ക് പരിക്കേറ്റത്. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിനിടെയാണ് സംഭവം. പെനാല്‍റ്റി ബോക്‌സില്‍നിന്ന് പന്ത് കൈക്കലാക്കാനുള്ള ശ്രമത്തിനിടെ മുസിയാല പി.എസ്.ജി ഗോള്‍കീപ്പര്‍ ഡൊണ്ണരുമ്മയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാലൊടിഞ്ഞ താരം വേദനകൊണ്ട് പുളഞ്ഞ് മൈതാനത്ത് കിടന്നു.
ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പാഞ്ഞെത്തി താരത്തിന് ചികിത്സ നല്‍കി. പരിക്കേറ്റതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിരിക്കേറ്റ മുസിയാലയെ കണ്ട് തലയില്‍ കൈവെക്കുന്ന സഹതാരം ഹാരി കെയ്നെയും പി.എസ്.ജിയുടെ അഷ്റഫ് ഹക്കീമിയെയും ദൃശ്യങ്ങളിൽ കാണാം. ഡൊണ്ണരുമ്മ കൈകൊണ്ട് മുഖം മറച്ച് വിഷമത്തോടെ ഗ്രൗണ്ടിൽ ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മൈതാനത്തുനിന്ന് താരത്തെ സ്ട്രെച്ചറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കണങ്കാലിന് ഗുരുതര പരിക്കേറ്റ താരത്തിന് ആറുമാസത്തോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് വിവരം. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് മുൻ എ.സി മിലാൻ താരമായ ഡൊണ്ണരുമ്മ മുസിയാലക്ക് പരിക്കിൽനിന്ന് വേഗം തിരിച്ചുവരാനാകട്ടെ എന്ന് ആശ്വസിപ്പിച്ച് മെസേജ് അയച്ചത്.
‘എന്റെ എല്ലാ പ്രാർഥനകളും ആശംസകളും നിങ്ങൾക്കൊപ്പമുണ്ട്’ -ഡൊണ്ണരുമ്മ പോസ്റ്റ് ചെയ്തു. മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേണിനെ വീഴ്ത്തി ഫ്രഞ്ച് ക്ലബ് ഫിഫ ക്ലബ് ലോകകപ്പിന്‍റെ സെമിയിലെത്തി. ഡിസയർ ഡൂവെ, ഉസ്മാൻ ഡെംബലെ എന്നിവരാണ് ഗോൾ നേടിയത്. ഈമാസം ഒമ്പതിന് നടക്കുന്ന ആദ്യ സെമിയിൽ ഫ്ലുമിനൻസ് ചെൽസിയെയും പത്തിന് നടക്കുന്ന രണ്ടാം സെമിയിൽ പി.എസ്.ജി റയൽ മഡ്രിഡിനെയും നേരിടും.
എംബാപ്പെ തന്‍റെ പഴയ ക്ലബിനെതിരെ കളിക്കാനിറങ്ങുമെന്ന പ്രത്യേകതയുമുണ്ട്. പി.എസ്.ജിയിൽനിന്നാണ് ഫ്രഞ്ച് സ്ട്രൈക്കർ റയലിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

