ഫ്രാൻസിന് പിന്നാലെ നെതർലാൻഡ്സിനെയും വീഴ്ത്തി; ജർമനിക്ക് ജയത്തുടർച്ച
text_fieldsഫ്രാങ്ക്ഫർട്ട്: സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിന് മുന്നോടിയായി നടന്ന തുടർച്ചയായ രണ്ടാം സൗഹൃദ മത്സരത്തിലും ജയം പിടിച്ചെടുത്ത് ജർമനി. കഴിഞ്ഞ ദിവസം ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫ്രഞ്ചുപടയെ അവരുടെ മണ്ണിൽ എതിരില്ലാത്ത രണ്ട് ഗോളിന് മുട്ടുകുത്തിച്ച ജൂലിയൻ നെഗൽസ്മാന്റെ സംഘം, നെതർലാൻഡ്സിനെ 2-1നാണ് തോൽപിച്ചത്.
ജർമനിയുടെ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യം അക്കൗണ്ട് തുറന്നത് ഡച്ചുകാരാണ്. നാലാം മിനിറ്റിൽ ജർമൻ മിസ്പാസ് വലതുവിങ്ങിലൂടെ ഓടിയെടുത്ത മെംഫിസ് ഡിപെ നൽകിയ ക്രോസ് ജോയ് വീർമൻ തകർപ്പൻ വോളിയിലൂടെ പോസ്റ്റിനുള്ളിലെത്തിക്കുകയായിരുന്നു. എന്നാൽ, ഏഴ് മിനിറ്റിനകം ജർമനി തിരിച്ചടിച്ചു. അവർക്കനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്ന് പന്ത് ലഭിച്ച ജമാൽ മുസിയാല ഒഴിഞ്ഞുനിന്ന മാക്സിമിലിയൻ മിറ്റൽസ്റ്റാറ്റിന് കൈമാറി. താരത്തിന്റെ ശക്തമായ ഇടങ്കാലൻ ഷോട്ട് ക്രോസ്ബാറിലുരുമ്മി വലയിൽ കയറുകയായിരുന്നു. വൈകാതെ മുസിയാല നൽകിയ പാസിൽ ഗുണ്ടോഗന് സുവർണാവസരം ലഭിച്ചെങ്കിലും ഇത്തവണ ഡച്ച് ഗോൾകീപ്പർ വെർബ്രഗ്ഗൻ തടസ്സംനിന്നു.
61ാം മിനിറ്റിൽ മാലൻ നൽകിയ ക്രോസ് മെംഫിസ് ഡിപെ പോസ്റ്റിന് നേരെ തൊടുത്തുവിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുടൻ മിറ്റൽസ്റ്റാറ്റ് ഡച്ച് ഗോൾപോസ്റ്റിന് നേരെ വീണ്ടും നിറയൊഴിച്ചെങ്കിലും ഗോൾകീപ്പർ ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചു.
നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ജർമനി വിജയഗോൾ നേടി. ടോണി ക്രൂസ് എടുത്ത കോർണർ കിക്ക് നിക്ലാസ് ഫുൾക്രഗിന്റെ തോളിൽ തട്ടി പോസ്റ്റിലേക്ക് നീങ്ങിയപ്പോൾ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചെങ്കിലും ഗോൾലൈൻ കടന്നെന്ന് കണ്ടെത്തിയതിനാൽ ഗോൾ അനുവദിക്കുകയായിരുന്നു.
ലോകകപ്പിലെയും തുടർന്നുമുള്ള ദയനീയ പ്രകടനത്തിലൂടെ വൻ വിമർശനം നേരിടുന്ന ജർമൻ ടീമിന് ആത്മവിശ്വാസം പകരുന്നതാണ് കരുത്തർക്കെതിരായ വിജയങ്ങൾ.
ബ്രസീൽ-സ്പെയിൻ പോരാട്ടം 3-3നും ഇംഗ്ലണ്ട്-ബെൽജിയം മത്സരം 2-2നും സമനിലയിൽ പിരിഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും പോർച്ചുഗൽ സ്ലോവേനിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. ഫ്രാൻസ് ചിലിയെ 3-2നും സ്വിറ്റ്സർലൻഡ് റിപ്പബ്ലിക് ഓഫ് അയർലൻഡിനെ 1-0ത്തിനും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

