ജർമൻ ഫുട്ബാളർ റോബർട്ട് ബോവർ ഇസ്ലാം മതം സ്വീകരിച്ചു; ഭാര്യക്കും കുടുംബത്തിനും നന്ദി പറഞ്ഞ് താരം
text_fieldsജർമൻ ഫുട്ബാൾ താരം റോബർട്ട് ബോവർ ഇസ്ലാം മതം സ്വീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇസ്ലാം സ്വീകരിക്കുന്നതിന് തനിക്ക് വഴികാട്ടിയായത് ഭാര്യയും കുടുംബവുമാണെന്ന് വ്യക്തമാക്കിയ താരം, ഇൻസ്റ്റഗ്രാമിൽ നമസ്കരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തു.
നിലവിൽ സൗദി പ്രോ ലീഗ് ക്ലബായ അൽ -തായി എഫ്.സിയുടെ താരമാണ് ഈ 28കാരൻ. ‘ഇന്ന് എനിക്ക് സന്ദേശം അയക്കുന്ന എല്ലാവർക്കും വേണ്ടി, ഭാര്യയും അവരുടെ കുടുംബവുമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതിന് വഴികാട്ടിയായത്. ഈ യാത്രയിൽ എന്നെ സഹായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു’ -ബോവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സീസണിൽ ഒരു വർഷത്തെ കരാറിലാണ് താരം സൗദി ക്ലബിലെത്തുന്നത്.
2014 ഒക്ടോബർ 31ന് എഫ്.സി ഇൻഗോൾസ്റ്റാഡ് ക്ലബിലൂടെ താരം ബുണ്ടസ് ലീഗയിൽ അരങ്ങേറ്റം കുറിച്ചു. ഫോർച്യൂണ ഡസൽഡോർഫിനെതിരായ മത്സരത്തിൽ ആൽഫ്രെഡോ മൊറേൽസിന് പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. 2016 ആഗസ്റ്റിൽ വെർഡർ ബ്രെമെനിലേക്കും വർഷാവസാനം വായ്പാടിസ്ഥാനത്തിൽ എഫ്.സി ന്യൂറൻബർഗിലേക്കും കൂടുമാറി.
പിന്നാലെ റഷ്യൻ ക്ലബ് എഫ്.സി ആഴ്സണൽ തുലയിലേക്കും 2021ൽ ബെൽജിയം ക്ലബ് സിന്‍റ്-ട്രൂയിഡനിലേക്കും പോയി. 2015ൽ ന്യൂസിലൻഡിൽ നടന്ന ഫിഫ അണ്ടർ -20 ലോകകപ്പിലും 2016 ഒളിമ്പിക്സിലും കളിച്ച ജർമൻ ടീമിൽ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

