സ്റ്റേഡിയം വാടക കൂട്ടി ജി.സി.ഡി.എ; ഐ.എസ്.എൽ മത്സരങ്ങൾ പ്രതിസന്ധിയിൽ
text_fieldsകലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ മൽസരത്തിന് മുന്നോടിയായി തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കൊച്ചി ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ഫോട്ടോ: രതീഷ് ഭാസ്കർ
കൊച്ചി: ഐ.എസ്.എൽ മത്സരം ഞായറാഴ്ച നടക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിസന്ധിയിലാക്കി കലൂര്‍ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ. സ്റ്റേഡിയത്തിന് വാടക ഇനത്തിൽ നൽകുന്ന തുക കൂട്ടണമെന്നാണ് ജി.സി.ഡി.എ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സീസണിൽ ഒരു മത്സരത്തിന് രണ്ടു കോടി രൂപ മതിയെന്നായിരുന്നു ജി.സി.ഡി.എ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഒരു മത്സരത്തിന് 4.20 കോടി രൂപ വേണമെന്നാണ് ജി.സി.ഡി.എയുടെ പുതിയ നിലപാട്. വാടക സംബന്ധിച്ച തർക്കം തുടരുന്നതിനിടെ സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് നടത്താനിരുന്ന വാർത്താസമ്മേളനം ജി.സി.ഡി.എയുടെ എതിർപ്പിനെ തുടർന്ന് അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നു.
സ്റ്റേഡിയത്തിൽ വെച്ച് വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് ജി.സി.ഡി.എ നിലപാടെടുത്തതു കാരണം സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ പുറത്തുപോകേണ്ടി വന്നു. സ്റ്റേഡിയം വാടക വെട്ടിക്കുറച്ച വിവരം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രന് പിള്ളയാണ് നേരത്തെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നത്. ഉയർന്ന വാടക താങ്ങാൻ കഴിയാതെ കൊച്ചി ഉപേക്ഷിച്ച് കുറഞ്ഞ വാടകയുള്ള കോഴിക്കോട്ടേക്ക് പോകാനൊരുങ്ങിയപ്പോഴാണ് ബ്ലാസ്റ്റേഴ്സിനെ ഇവിടെ പിടിച്ചുനിർത്താൻ വാടക കുറച്ചത്.
എന്നാൽ, ഇപ്പോൾ ജി.സി.ഡി.എ തീരുമാനം മാറ്റിയിരിക്കുകയാണ്. മേയ് വരെയുള്ള ഒമ്പതു മത്സരങ്ങൾ കലൂര്‍ സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ നേരിട്ടാണ് ഇത്തവണ ഐ.എസ്.എൽ സംഘടിപ്പിക്കുന്നത്. കലൂർ സ്റ്റേഡിയം നവീകരിച്ചതിനു ശേഷമുള്ള ആദ്യ മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. സ്റ്റേഡിയം മത്സര സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ കൊച്ചിയിൽ തുടരുകയാണ്. അതിനിടെയാണ് ആശങ്ക ഉയർന്നിരിക്കുന്നത്. മത്സരം നടക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ. ജി.സി.ഡി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ചെയർമാൻ എടുത്ത തീരുമാനം വെട്ടിയതെന്നാണ് വിവരം. കമ്മിറ്റിക്കാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരം. കഴിഞ്ഞ സീസണിൽ എട്ടര ലക്ഷം രൂപയോളം ഓരോ മത്സരത്തിനും ക്ലബ്ബ് ജി.സി.ഡി.എക്ക് വാടക ഇനത്തിൽ നൽകിയിരുന്നു.
ഇന്ന് വൈകിട്ട് 7ന് മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഫെബ്രുവരി 28ന് ഇന്റർകാശി, മാർച്ച് 7ന് ചെന്നൈയിൻ എഫ്.സി, 21ന് പഞ്ചാബ് എഫ്.സി, ഏപ്രിൽ 15ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, 18ന് ജംഷഡ്പൂർ എഫ്.സി, 23ന് ഒഡിഷ എഫ്.സി, മേയ് 10ന് മുഹമ്മദൻ എസ്.സി, 17ന് എഫ്.സി ഗോവ എന്നിങ്ങനെയാണ് കൊച്ചിയിലെ മറ്റു മത്സരങ്ങൾ. ചർച്ചകൾ തുടരുകയാണെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

