മഞ്ചേരി: മഴയിലും ചോരാത്ത ആവേശവുമായി ഗാലറിയിൽ ആരവം തീർത്ത് വിദ്യാർഥികൾ. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ഒഡിഷ-ഗുജറാത്ത് പോരാട്ടം നേരിൽ കാണാനാണ് എളങ്കൂർ ചെറാംകുത്ത് ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾ എത്തിയത്.
പലരും ആദ്യമായി ദേശീയ മത്സരം നേരിൽ കാണുന്നതിന്റെ ആവേശത്തിലായിരുന്നു. രാത്രി ഏഴരയോടെ അധ്യാപകരുമൊത്ത് 30 വിദ്യാർഥികളാണ് സ്റ്റേഡിയത്തിൽ എത്തിയത്. ഗോൾവല ലക്ഷ്യമാക്കി കളിക്കാർ മുന്നേറ്റം നടത്തുമ്പോഴും കൈയടിച്ചും ജയ് വിളിച്ചും വിദ്യാർഥികൾ ആവേശം ഇരട്ടിയാക്കി. അഞ്ചാം ക്ലാസുകാരി സോനിഷക്കും അനശ്വരക്കും അനഘക്കുമെല്ലാം കളി പുതിയൊരു അനുഭവമായിരുന്നു.
വലിയ മത്സരങ്ങൾ ടി.വിയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. വലിയ സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഹമ്മദ് ഷാൻ, അനന്തു, അശ്വിൻ എന്നിവർ ഒരേ സ്വരത്തിൽ പറഞ്ഞു. പ്രധാനാധ്യാപകൻ കെ. ഷാജി, അധ്യാപിക ജയതി, പി.ടി.എ പ്രസിഡന്റ് ഐ. രാജേഷ് എന്നിവരും വിദ്യാർഥികൾക്ക് കൂട്ടായി സ്റ്റേഡിയത്തിൽ എത്തി.