കിക്കോഫിന് മുമ്പേ സൗഹൃദത്തിരക്ക്
text_fieldsഅടർക്കളത്തിൽ പോരാടാനുള്ള അവസാന 26 പേരെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് പരിശീലകർ. ആരാധകർ കിരീടപ്രതീക്ഷയോടെ കാത്തിരിക്കുന്ന അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർചുഗൽ, ഇംഗ്ലണ്ട് ഉൾപ്പെടെ 20ഓളം പേർ തങ്ങളുടെ അവസാന സംഘത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ശേഷിച്ചവർകൂടി നവംബർ 14ന് മുന്നോടിയായി തങ്ങളുടെ 26 അംഗ സംഘത്തെ പ്രഖ്യാപിക്കുന്നതോടെ, ഖത്തറിലെ കളിയാവേശം കൊടുമുടിയേറും.
ടീമുകളിൽ ഏറെ പേരും സന്നാഹ മത്സരങ്ങൾകൂടി പൂർത്തിയാക്കിയാണ് ഖത്തറിലേക്ക് പറക്കുന്നത്. വരും ദിനങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലന മത്സരങ്ങൾ പൂർത്തിയാക്കിയാവും എല്ലാവരും മത്സരത്തിനെത്തുന്നത്. സുപ്രധാന ടീമുകൾ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങൾക്കായി കാത്തിരിക്കുമ്പോൾ, സൗദി അറേബ്യ ഉൾപ്പെടെ ചില ടീമുകൾ ദേശീയ ലീഗുകൾക്ക് ഇടവേള പ്രഖ്യാപിച്ച് നേരത്തെതന്നെ കളത്തിലിറങ്ങിക്കഴിഞ്ഞു.
നവംബർ ആദ്യവാരങ്ങളിൽതന്നെ മെക്സികോ, ഖത്തർ, സൗദി ടീമുകൾ സൗഹൃദ മത്സരങ്ങൾക്ക് ബൂട്ടുകെട്ടി. കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ ഇറാഖിനെ വീഴ്ത്തിയാണ് മെക്സികോ തങ്ങളുടെ ഒരുക്കം ഗംഭീരമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ കോസ്റ്ററീക നൈജീരിയയെയും ഇറാൻ നികരാഗ്വയെയും തോൽപിച്ചു. സൗദി പാനമയോട് സമനിലയും പാലിച്ചു.
നവംബർ 16, 17 തീയതികളിലാണ് സന്നാഹ മത്സരങ്ങൾ ഏറെയും ഷെഡ്യൂൾ ചെയ്തത്. രണ്ടു ദിവസം മുമ്പു മാത്രം അവസാനിക്കുന്ന ലീഗ് സീസണും കഴിഞ്ഞ് ദേശീയ ടീമുകൾക്കൊപ്പം ചേർന്നായിരിക്കും മെസ്സിയും നെയ്മറും മാനുവൽ നോയറുമെല്ലാം ഖത്തറിലേക്ക് ഒരുങ്ങുന്നത്. അർജന്റീനയും യു.എ.ഇയും തമ്മിൽ ബുധനാഴ്ച അബൂദബിയിൽ നടക്കുന്ന സന്നാഹ മത്സരമാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം, ബ്രസീലിനും ഇംഗ്ലണ്ടിനുമൊന്നും സൗഹൃദ അങ്കങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടില്ല.