ജർമനിയെ തകർത്ത് തുർക്കിയ; തോൽവി 3-2ന്
text_fieldsഅന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കരുത്തരായ ജർമനിക്ക് തോൽവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തുർക്കിയ അടുത്ത വർഷത്തെ യൂറോ ആതിഥേയരെ തകർത്തത്.
മത്സരത്തിൽ ആദ്യ ലീഡെടുത്തിട്ടും സ്വന്തം കാണികൾക്കു മുന്നിൽ തോൽവി വഴങ്ങുകയായിരുന്നു. പുതിയ പരിശീലകൻ ജൂലിയൻ നാഗൽസ്മാന്റെ ഹോം അരങ്ങേറ്റ മത്സരത്തിൽ തന്നെ ടീം തോൽവി ഏറ്റുവാങ്ങി. മോശം പ്രകടനത്തെ തുടർന്ന് സെപ്റ്റംബറിലാണ് ഹാൻസി ഫ്ലിക്കിനു പകരക്കാരനായി നാഗൽസ്മാൻ ടീം പരിശീലകന്‍റെ ചുമതല ഏറ്റെടുത്തത്. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ കായ് ഹാവെർട്സിലൂടെ ജർമനിയാണ് ആദ്യം മുന്നിലെത്തിയത്. 38ാം മിനിറ്റിൽ ഫെർഡി കാഡിയോഗ്ലുവിലൂടെ തുർക്കിയ ഒപ്പമെത്തി.
ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ (45+2) കെനാൻ യിൽഡിസിലൂടെ സന്ദർശകർ മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നിക്ലാസ് ഫുൾക്രഗിലൂടെ (49ാം മിനിറ്റിൽ) ജർമനി സമനില പിടിച്ചു. എന്നാൽ, 71ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യൂസുഫ് സാരി തുർക്കിയയുടെ വിജയഗോൾ കണ്ടെത്തി. മത്സരത്തിൽ 55 ശതമാനം പന്ത് കൈവശം വെച്ചത് ജർമനിയായിരുന്നു.
ചൊവ്വാഴ്ച ഓസ്ട്രിയക്കെതിരെയാണ് ജർമനിയുടെ അടുത്ത സൗഹൃദ മത്സരം.