രണ്ടടിച്ച് റാമോസ്; തകർപ്പൻ ജയവുമായി പി.എസ്.ജി കിരീടത്തിനരികെ
text_fieldsപാരിസ്: ഫ്രഞ്ച് ലീഗിൽ തുടർച്ചയായ മൂന്നാം കിരീടത്തിലേക്ക് അടുത്ത് പി.എസ്.ജി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പി.എസ്.ജി ലിയോണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു. പോയന്‍റ് പട്ടികയിൽ തലപ്പത്തിരിക്കുന്ന പാരിസ് ക്ലബിന് ലീഗിൽ അഞ്ചു മത്സരങ്ങൾ ബാക്കി നിൽക്കെ രണ്ടാമതുള്ള മൊണോക്കോയേക്കാൾ 11 പോയന്‍റിന്‍റെ ലീഡുണ്ട്.
പോർചുഗീസ് സ്ട്രൈക്കർ ഗോൺസാലോ റാമോസിനെ ഇരട്ടഗോളിന്‍റെ ബലത്തിലാണ് ലിയോണിനെ പി.എസ്.ജി തരിപ്പണമാക്കിയത്. ലൂകാസ് ബെറാൾഡോയും വലകുലുക്കി. ലിയോൺ താരം നെമഞ്ജ മാറ്റിച്ചിന്‍റെ വകയായിരുന്നു ഒരു ഗോൾ. ഏണസ്റ്റ് നുവാമ ലിയോണിന്‍റെ ആശ്വാസ ഗോൾ നേടി. ലീഗിലെ ടോപ് സ്കോറർ കിലിയൻ എംബാപ്പെയെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ ലൂയിസ് എന്റിക്വെ ടീമിനെ കളത്തിലിറക്കിയത്.
ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ വീഴ്ത്തി സെമിയിലെത്തിയതിനു പിന്നാലെയാണ് പി.എസ്.ജി ലീഗ് വൺ കിരീടവും ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്നത്. സെമിയിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് എതിരാളികൾ. ബുധനാഴ്ച ലോറിയന്‍റിനെതിരായ മത്സരത്തിൽ ജയിക്കുകയും മൊണോക്കോ നാലാമതുള്ള ലില്ലിക്കെതിരെ പരാജയപ്പെടുകയും ചെയ്താൽ പി.എസ്.ജി തങ്ങളുടെ 12ാം കിരീട നേട്ടത്തിലെത്തും. കഴിഞ്ഞ 12 സീസണുകളിൽ പത്താം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.

