ഗോളടിച്ചും അടിപ്പിച്ചും എംബാപ്പെ; ലീഡ് വർധിപ്പിച്ച് പി.എസ്.ജി
text_fieldsലീഗ് വണ്ണിൽ കരുത്തരായ പി.എസ്.ജിക്ക് തകർപ്പൻ ജയം. ഗോളടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ തിളങ്ങിയ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ലെൻസിനെ തോൽപിച്ചത്.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിക്ക് എട്ടുപോയന്റിന്റെ ലീഡായി. രണ്ടാം സ്ഥാനത്തുള്ള നീസിന് 35 പോയന്റാണുള്ളത്. ശനിയാഴ്ച നടന്ന മത്സരത്തിൽ നീസ് റെന്നസിനോട് പരാജയപ്പെട്ടിരുന്നു. 30ാം മിനിറ്റിൽ ബ്രാഡ്ലി ബാർകോളയാണ് പി.എസ്.ജിയുടെ ആദ്യ ഗോൾ നേടുന്നത്. എംബാപ്പെയാണ് ഗോളിന് വഴിയൊരുക്കിയത്.
ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ പ്രതിരോധ താരം ജൊനാഥൻ ഗ്രാഡിറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ലെൻസ് പത്തുപേരിലേക്ക് ചുരുങ്ങി. കളിയുടെ നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെയാണ് എംബാപ്പെ ടീമിന്റെ രണ്ടാം ഗോൾ നേടുന്നത്. ഉസ്മാൻ ഡെംബലയുടെ അസിസ്റ്റിൽനിന്നായിരുന്നു താരത്തിന്റെ ലീഗ് സീസണിലെ 19ാം ഗോൾ നേട്ടം.

