‘താരങ്ങൾക്ക് നോമ്പ് തുറക്കാൻ കളി നിർത്തരുത്’- റഫറിമാർക്ക് നിർദേശം നൽകി ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ
text_fieldsറമദാനിൽ മുസ്‍ലിം താരങ്ങൾക്ക് നോമ്പ് തുറക്കാൻ സൗകര്യമൊരുക്കി മത്സരങ്ങൾ താൽക്കാലികമായി നിർത്തുന്നത് അനുവദിക്കില്ലെന്ന് അറിയിച്ച് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ റഫറിമാർക്ക് കത്തയച്ചു. വ്രതമെടുത്ത താരങ്ങൾ മൈതാനത്തിനരികിലെത്തി വെള്ളവും എനർജി ഡ്രിങ്കുകൾ, ലഘു ഭക്ഷണം എന്നിവയും കഴിക്കാനായി നിർത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഇ മെയ്ൽ സന്ദേശം.
ഇംഗ്ലീഷ് ലീഗിൽ ചെറിയ ഇടവേള അനുവദിച്ച് നോമ്പു തുറക്കാൻ നിർദേശം നൽകിയതിനു വിപരീതമായാണ് ഫ്രഞ്ച് ലീഗിലെ വിലക്ക്. ഇംഗ്ലണ്ടിൽ പ്രിമിയർ ലീഗിൽ മാത്രമല്ല, നാലു പ്രഫഷനൽ ഡിവിഷനുകളിലും വെള്ളം കുടിക്കാനും ചെറുഭക്ഷണം കഴിക്കാനും അവസരം നൽകണമെന്ന് നിർദേശമുണ്ട്. എന്നാൽ, ‘ഫുട്ബാൾ ഒരു വ്യക്തിയുടെയും രാഷ്ട്രീയയോ മതപരമോ ട്രേഡ് യൂനിയൻ പരമോ ആയ പരിഗണനകൾ മുഖവിലക്കെടുക്കുന്നില്ലെന്നും റഫറിമാർ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണെന്നും’ ഇ മെയിൽ സന്ദേശം വ്യക്തമാക്കുന്നു. റമദാൻ വ്രതാനുഷ്ഠാനത്തെ തുടർന്ന് മത്സരങ്ങൾ തടസ്സപ്പെടുന്നതായി ഫെഡറേഷന്റെ ശ്രദ്ധയിൽപ്പെട്ടതായും മെയിലില്‍ പറയുന്നു. "എല്ലാത്തിനും ഒരു സമയമുണ്ട് എന്നതാണ് ആശയം. സ്‌പോർട്‌സ് ചെയ്യാനുള്ള സമയം, ഒരാളുടെ മതം ആചരിക്കാനുള്ള സമയം" ഫെഡറേഷനിലെ ഫെഡറൽ റഫറി കമ്മീഷൻ തലവൻ എറിക് ബോർഗിനി പറഞ്ഞു.
മുസ്‍ലിം കളിക്കാരുടെ മതപരമായ ആവശ്യത്തെ നിരസിച്ച ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനെ അപലപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. റമദാനിൽ നോമ്പ് തുറക്കാനുള്ള ഇടവേളകൾ നിരോധിക്കാനുള്ള ഫ്രഞ്ച് എഫ്എയുടെ തീരുമാനത്തിൽ ഫ്രാൻസ് താരവും ആസ്റ്റൺ വില്ല ലെഫ്റ്റ് ബാക്കുമായ ലൂക്കാസ് ഡിഗ്നെ വിമർശനവുമായി മുന്നോട്ട് വന്നു. വർഷം 2023 ആയെന്ന് ഓർമപ്പെടുത്തി മുഖം പൊത്തി പിടിക്കുന്ന ഇമോജിയാണ് താരം പങ്ക് വെച്ചത്. ലീഗ് വൺ ടീമായ ‘നൈസ്’ പരിശീലകൻ ദിദിയെ ഡിഗാർഡും ഇതിനെതിരെ പ്രതികരിച്ചു. "ഇംഗ്ലീഷുകാർ ഇതിനെക്കുറിച്ച് നമ്മളേക്കാൾ കൂടുതൽ തുറന്ന മനസ്സുള്ളവരാണ്, അവർ എപ്പോഴും അങ്ങനെയായിരുന്നു " ഡിഗാർഡ് പറഞ്ഞു. 2023ലും ഇത്തരം വിവേചനങ്ങൾക്കെതിരെ രംഗത്തിറങ്ങേണ്ടിവരുന്നത് വേദനാജനകമാണെന്ന് ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്‍ലിം വർഷിപ്പ് പ്രസിഡന്റ് മുഹമ്മദ് മൂസവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

