പി.എസ്.ജിക്ക് കനത്ത തിരിച്ചടി; എംബാപ്പെക്ക് 636 കോടി നൽകാൻ ഫ്രഞ്ച് കോടതി ഉത്തരവ്
text_fieldsപാരിസ്: സൂപ്പർതാരം കിലിയൻ എംബാപ്പെയുമായുള്ള ശമ്പള കുടിശ്ശിക തർക്കത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് കനത്ത തിരിച്ചടി. പി.എസ്.ജി റയൽ താരത്തിന് 636 കോടി രൂപ നൽകണമെന്ന് ഫ്രഞ്ച് ലേബർ കോടതി ഉത്തരവിട്ടു.
ക്ലബിൽനിന്ന് അർഹതപ്പെട്ട ശമ്പളവും ബോണസും ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംബാപ്പെ കോടതിയിൽ പരാതി നൽകിയത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കു ചേക്കേറിയതിനു പിന്നാലെയാണ് ഇരുപത്തിയാറുകാരൻ എംബാപെ, 26 കോടി യൂറോ (ഏകദേശം 2670 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയത്. താരത്തിനെതിരെ പി.എസ്.ജിയും പരാതി നൽകിയിരുന്നു. കരാർ കാലാവധി കഴിഞ്ഞ് ‘ഫ്രീ ഏജന്റ്’ എന്ന നിലയിൽ ക്ലബ് മാറിയതിനാൽ ട്രാൻസ്ഫർ ഫീ ലഭിച്ചില്ലെന്നും ഈയിനത്തിൽ എംബാപ്പെ തങ്ങൾക്ക് 44 കോടി യൂറോ (ഏകദേശം 4518 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നുമാണ് പി.എസ്.ജി വാദിച്ചത്.
സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ എംബാപ്പെക്ക് 6346 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്നും ട്രാൻസ്ഫറിന്റെ ഭാഗമായി ഏകദേശം 2700 കോടി രൂപ ട്രാൻസ്ഫർ ഫീസായി ക്ലബിനു ലഭിക്കുമായിരുന്നെന്നും പി.എസ്.ജി ചൂണ്ടിക്കാട്ടി. ഈ ഓഫർ എംബപെ നിരസിച്ചു. കൂടാതെ, കരാർ പുതുക്കാനുള്ള വാഗ്ദാനവും താരം നിരസിച്ചതായും കോടതിയിൽ പി.എസ്.ജി ബോധിപ്പിച്ചു. ഈ വാദങ്ങളെല്ലാം തള്ളിയാണ് കോടതി 636 കോടി താരത്തിന് നൽകാൻ ഉത്തരവിട്ടത്. എംബാപ്പെ ആവശ്യപ്പെട്ട തുകയേക്കാൾ കുറഞ്ഞ നഷ്ടപരിഹാരമാണ് കോടതി വിധിച്ചത്. 2017 മുതൽ 2024 വരെ ഏഴു സീസണുകളിൽ പി.എസ്.ജിക്കായി പന്തുതട്ടിയ താരം 308 മത്സരങ്ങളിൽനിന്ന് 256 ഗോളുകൾ നേടിയിട്ടുണ്ട്. 15 കിരീട നേട്ടങ്ങളിലും പങ്കാളിയായി.
മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് 2024 ജൂണിൽ ഫ്രീ ട്രാൻസ്ഫറിൽ താരം റയലിലേക്ക് പോകുന്നത്. എംബാപ്പെയുടെ കൂടുമാറ്റം വലിയ സാമ്പത്തിക നഷ്ടം വരുത്തിയതായി അന്നു മുതൽ പി.എസ്.ജി ഉന്നയിക്കുന്നുണ്ട്. 2017ൽ 1,363.99 കോടി രൂപ കൊടുത്താണ് എ.എസ് മൊണാക്കോയിൽനിന്ന് എംബാപ്പെയെ പി.എസ്.ജി ക്ലബിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

