സെവിയ്യ (സ്പെയിൻ): യുവേഫ യൂറോപ ലീഗ് കിരീടം ജർമൻ ക്ലബ് എയ്ൻട്രാറ്റ് ഫ്രാങ്ക്ഫർട്ടിന്. കലാശക്കളിയിൽ സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4നാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ കളി അധിക സമയത്തേക്ക് നീണ്ടെങ്കിലും ഇരു ടീമിനും ഗോളടിക്കാനായില്ല. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ ഭാഗ്യം ഫ്രാങ്ക്ഫർട്ടിനൊപ്പം നിന്നു. 1980ൽ യുവേഫ ജേതാക്കളായ ശേഷമുള്ള ഫ്രാങ്ക്ഫർട്ടിന്റെ പ്രധാന കിരീട നേട്ടമാണിത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ നൈജീരിയക്കാരനായ ജോ അരിബൊ നേടിയ ഗോളിലൂടെ റേഞ്ചേഴ്സ് മുന്നിലെത്തിയെങ്കിലും ഫിലിപ്പ് കോസ്റ്റിക്കിന്റെ മനോഹര ക്രോസിലൂടെ വലകുലുക്കി കൊളംബിയക്കാരനായ റാഫേൽ സാന്റോസ് ബോർ ഫ്രാങ്ക്ഫർട്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. തുടർന്ന് ഗോൾ നേടാനുള്ള ഇരു ടീമിന്റെയും ശ്രമം പരാജയപ്പെട്ടതോടെയാണ് കളി അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്. യൂറോപ്പ ലീഗ് വിജയത്തോടെ ഫ്രാങ്ക്ഫർട്ടിന് ചാമ്പ്യൻസ് ലീഗ് ടിക്കറ്റും ലഭിച്ചു.