Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇറ്റലിക്ക് യോഗമില്ല!...

ഇറ്റലിക്ക് യോഗമില്ല! അസൂറികളില്ലാതെ വീണ്ടുമൊരു ലോകകപ്പ്; പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയയോട് തോറ്റു

text_fields
bookmark_border
ഇറ്റലിക്ക് യോഗമില്ല! അസൂറികളില്ലാതെ വീണ്ടുമൊരു ലോകകപ്പ്; പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയയോട് തോറ്റു
cancel

സെനിക്ക (ബോസ്നിയ): വിശ്വപോരാട്ടത്തിന്‍റെ കളിക്കളങ്ങളെ അടക്കിഭരിച്ച അസൂറിപ്പട തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത്. യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ-ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെടെയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങൾ ചിതറിയത്.

നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോൾ വീതം നേടി ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. 4-1 എന്ന സ്കോറിനായിരുന്നു മുൻ ലോക ചാമ്പ്യന്മാരുടെ തോൽവി. 2018ലെ റഷ്യന്‍ ലോകകപ്പിലും 2022ലെ ഖത്തർ ലോകകപ്പിലും ഇറ്റലി യോഗ്യത നേടിയിരുന്നില്ല. നാല് തവണ ലോകകപ്പ് നേടിയ ടീം തുടർച്ചയായി മൂന്ന് തവണ യോഗ്യത നേടാനാകാതെ പുറത്തായതിന്‍റെ ഞെട്ടലിലാണ് ഫുട്ബാൾ ലോകം. 1934, 1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകകപ്പ് ജേതാക്കളായിട്ടുള്ളത്. 2006ൽ ലോക ജേതാക്കളായ ശേഷം ഇറ്റലിക്ക് ശനിദശയാണ്. 2020 യൂറോ കപ്പിൽ ജേതാക്കളായത് മാത്രമാണ് ആശ്വാസം. ബോസ്നിയ രണ്ടാം തവണയാണ് ലോകകപ്പ് കളിക്കാനെത്തുന്നത്. 2014ലാണ് ആദ്യമായി ലോകകപ്പ് കളിക്കുന്നത്.

മത്സരത്തിന്‍റെ 41ാം മിനിറ്റിൽ ബാസ്റ്റോണി ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. പകുതിയിലധികം സമയവും പത്തുപേരുമായി പൊരുതിനിന്ന ഇറ്റലി, അധിക സമയത്തും പിടിച്ചുനിന്നു. എന്നാൽ, ഷൂട്ടൗട്ടിൽ ഒരു തവണ മാത്രമാണ് ലക്ഷ്യം കാണാനായത്. ബോസ്നിയക്കായി കിക്കെടുത്ത നാലു താരങ്ങളും പന്ത് വലയിലാക്കി. 15ാം മിനിറ്റിൽ തന്നെ മൊയ്സെ കീനിലൂടെ ഇറ്റലി ലീഡെടുത്തത് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. 79ാം മിനിറ്റിൽ ഹാരിസ് ടബക്കോവിച്ചിലൂടെ ബോസ്നിയ മത്സരത്തിൽ ഒപ്പമെത്തുകയായിരുന്നു. അമർ ദേദിക്കിന്റെ ക്രോസിൽനിന്ന് എദിൻ ഷേക്കോ ഹെഡ്ഡ് ചെയ്ത പന്ത് ജിയാൻലൂയി ഡൊണ്ണരുമ്മ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്ത് ഹാരിസ് വലയിലാക്കി.

നിശ്ചിത സമയത്ത് സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് കടന്നു. അവിടെയും സമനിലക്കളി തുടർന്നു. ഷൂട്ടൗട്ടിൽ ആതിഥേയരായ ബോസ്നിയ മികവ് പുലർത്തി. കിക്കെടുത്ത ബെൻജമിൻ താഹിരോവിച്, ടബക്കോവിച്, കെരിം അലൈബ്ഗോവിച്, എസ്മിർ ബൈറക്ടാരേവിച് എന്നിവരെല്ലാം ലക്ഷ്യം കണ്ടു. ഇറ്റലിക്കായി സാൻട്രോ ടൊണാലിക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. പിയോ എസ്പോസിറ്റോ, ബ്രയൻ ക്രിസ്റ്റാന്റെ എന്നിവർ അവസരം നഷ്ടപ്പെടുത്തി. ബോസ്നിയയും 40 വയസ്സുള്ള ക്യാപ്റ്റൻ എദിൻ ഷെക്കോയും രണ്ടാം തവണയാണ് ലോകകപ്പ് കളിക്കാനെത്തുന്നത്.

കാനഡ, ഖത്തർ, സ്വിറ്റ്സർലൻഡ് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ബോസ്നിയ. പങ്കെടുത്ത ആദ്യ ലോകകപ്പ് തന്നെ കിരീടം നേടിയായിരുന്നു ഇറ്റലി തുടങ്ങിയത്. 1934 ലെ രണ്ടാം ലോകകപ്പില്‍ തന്നെ കിരീടം നേടി. ആവര്‍ത്തനം പോലെ 1938 ലെ ലോകകപ്പിലും ഇറ്റലി ചാമ്പ്യന്‍മാരായി. 1958 ല്‍ ലോകകപ്പിന് യോഗ്യതനേടാതെ പുറത്തായതൊഴിച്ചാല്‍ മിക്ക ലോകകപ്പിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. 1982 ല്‍ ജേതാക്കളായ ടീം 1970,1994 വര്‍ഷങ്ങളില്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പ് നേടാനായില്ല. 2006ല്‍ ഇറ്റലി തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കി. പിന്നീടാണ് ഇറ്റലിയുട ശനിദശ തുടങ്ങുന്നത്. 2010, 2014 ലോകകപ്പുകളില്‍ ഗ്രൂപ്പ് സ്റ്റേജുകളില്‍ തന്നെ പുറത്തായിരുന്നു.

മറ്റു പ്ലേ ഓഫ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെൻമാർക്കിനെ 3-1ന് വീഴ്ത്തി ചെക്കിയയും കൊസോവയെ 1-0ത്തിന് മറികടന്ന് തുർക്കിയയും പോളണ്ടിനെ 3-2ന് വീഴ്ത്തി സ്വീഡനും ലോകകപ്പ് ഉറപ്പിച്ചു. ഇന്‍റർ കോൺഫെഡറേഷൻ പ്ലേ ഓഫ് ഫൈനലിൽ ജമൈക്കയെ 1-0ത്തിന് വീഴ്ത്തി കോംഗോയും ലോകകപ്പ് കളിക്കാനെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World Cup 2026Italy Football team
News Summary - Four-time world champions Italy failed to qualify for a third World Cup
Next Story