ഫാസിലക്ക് നാലു ഗോൾ; ഒഡിഷയെ 5-0 ത്തിന് തകർത്ത് ഗോകുലം വീണ്ടും മുന്നിൽ
text_fieldsഗോൾ നേടിയ ഫാസില ഇക് വാപുത് സഹതാരങ്ങളുമായി ആഹ്ലാദം പങ്കിടുന്നു
ഭുവനേശ്വർ: ഇന്ത്യൻ വനിത ലീഗിൽ വൻ ജയവുമായി വീണ്ടും പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി ഗോകുലം കേരള എഫ്.സി. എതിരില്ലാത്ത അഞ്ചു ഗോളിന് സ്പോർട്സ് ഒഡിഷയെയാണ് തോൽപിച്ചത്.
നാലു ഗോളും യുഗാണ്ടൻ താരം ഫാസില ഇക് വാപുതിന്റെ വകയായിരുന്നു. ജയത്തോടെ ഗോകുലത്തിന് 10 മത്സരങ്ങളിൽ 23 പോയന്റായി. രണ്ടാം സ്ഥാനക്കാരായ ഒഡിഷ എഫ്.സി ഒമ്പതു കളികളിൽ 22 പോയന്റുമായി തൊട്ടുപിന്നിലുണ്ട്.
കാപിറ്റൽ ഫുട്ബാൾ അരീനയിൽ നടന്ന സ്പോർട്സ് ഒഡിഷക്കെതിരായ കളിയുടെ മൂന്നാം മിനിറ്റിൽത്തന്നെ സന്ധ്യ രംഗനാഥനിലൂടെ ഗോകുലം മുന്നിലെത്തിയിരുന്നു. നാലാം മിനിറ്റിൽ ഫാസിലയും അക്കൗണ്ട് തുറന്നു. 44ാം മിനിറ്റിലായിരുന്നു താരത്തിന്റെ രണ്ടാം ഗോൾ.
മത്സരത്തിൽ ഗോകുലം ജയമുറപ്പിക്കെ 83, 84, 85 മിനിറ്റുകളിൽ തുടർച്ചയായി ഫാസില സ്പോർട്സ് ഒഡിഷയുടെ വലയിൽ നിറയൊഴിച്ചു. ഗോകുലത്തിന് രണ്ടു മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഒഡിഷ എഫ്.സിക്ക് ഇനി മൂന്നെണ്ണമുള്ളതിനാൽ സമനിലപോലും ഗോകുലത്തിന്റെ കിരീടസാധ്യതകളെ ബാധിക്കും.

