കേരള ഫുട്ബാളിന് എന്തോ പ്രശ്നമുണ്ട്
text_fieldsകോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ടീമിൽ മലയാളി പങ്കാളിത്തം കുറഞ്ഞുവരുന്ന വേളയിലാണ് മുൻ അന്താരാഷ്ട്ര സ്ട്രൈക്കർ രാമൻ വിജയൻ ഗോകുലം കേരള എഫ്.സി വനിത ടീമിന്റെ മുഖ്യ പരിശീലകനായി എത്തുന്നത്. സമ്മർദ ഘട്ടത്തിലെ ഗോളടി മികവുകൊണ്ട് ഇന്ത്യൻ ഫുട്ബാളിലെ ഗോൾഡൻ ബോയ് എന്ന ഖ്യാതിക്കുടമയായ രാമൻ, കേരള ഫുട്ബാളിന്റെ പ്രതാപം തിരിച്ചുപിടിക്കാൻ തന്നാലാവത് ചെയ്യാനുള്ള നിശ്ചയദാർഢ്യത്തിലാണ്. അദ്ദേഹം 'മാധ്യമ'ത്തിന് നൽകിയ അഭിമുഖം.
? ഇന്ത്യൻ ഫുട്ബാൾ പിന്നോട്ട് പോകുന്നെന്നത് ആക്ഷേപം മാത്രമാണോ
-പിന്നോട്ടു പോകുന്നെന്ന് ഞാൻ പറയില്ല. പറയാനും പാടില്ല. വിചാരിച്ചതുപോലെ മുന്നോട്ടുപോകുന്നില്ല എന്നു വേണമെങ്കിൽ പറയാം. ഇന്ന് ഒരുപാട് അവസരങ്ങളുണ്ട്. ഐ.എസ്.എൽ വന്നു. ക്രമേണ അത് മുന്നേറുന്നുണ്ട്. പക്ഷേ, പ്രധാന മത്സരങ്ങളിൽ വേണ്ടത്ര പെർഫോം ചെയ്യാൻ പറ്റുന്നില്ല. അത് വലിയ പ്രശ്നമാണ്. പക്ഷേ, അത് മാറും. റാങ്കിങ്ങിലെ താഴ്ച ഏറ്റവും വലിയ ഭീഷണിയുടെ ഘട്ടത്തിലാണ്. അതിനെ അതിജീവിക്കും.
? വനിത ഫുട്ബാളിന്റെ സ്ഥിതി
-ഇന്ത്യൻ വനിത ഫുട്ബാൾ വളരെ നന്നായി പോകുകയാണ്. വനിത ലീഗ് വലിയൊരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഒരുപാട് പെൺകുട്ടികൾ ഫുട്ബാളിലേക്കെത്തി. അവർക്ക് വലിയ ആത്മവിശ്വാസം കിട്ടി. ജോലി ലക്ഷ്യം വെച്ചുള്ള ഒരു പ്ലാറ്റ്ഫോമിലെത്തി. പ്രഫഷൻ എന്ന നിലയിൽ ഫുട്ബാളിനെ വനിതകൾ കാണാൻ തുടങ്ങി. രക്ഷിതാക്കളും പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. കളിക്കാരെ പോലെ വനിത കാണികളുടെയും പെരുപ്പം വലുതായിക്കൊണ്ടിരിക്കുന്നു. അതൊരു നല്ല ലക്ഷണമാണ്. മികവുറ്റ വനിത ഫുട്ബാൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട അതേ വേലിയേറ്റം. രാജ്യത്ത് വൻ മുന്നേറ്റമുണ്ടാക്കും, പെരുമ സ്വാഭാവികമായും ലോകത്തിൽ അലയടിക്കും.
? ഐ.എസ്.എൽ നിർത്തിവെച്ചല്ലോ
-അതൊരു സ്ഥിരമായ നിർത്തിവെക്കലല്ലല്ലോ. ഒരു സ്പോൺസറെ ലഭിക്കുന്നതോടെ, തീരുന്ന പ്രശ്നമല്ലേയുള്ളൂ. ഐ.എസ്.എല്ലിനെ കേന്ദ്രീകരിച്ച് ഇന്ത്യൻ ഫുട്ബാളിൽ ഒരുപാട് കാര്യങ്ങൾ നിൽക്കുകയല്ലേ. അതുകൊണ്ട് അതെങ്ങനെ നിന്നുപോകും? എങ്ങനെയെങ്കിലും അത് മുന്നോട്ടുപോകുക തന്നെ ചെയ്യും. പോംവഴി കണ്ടെത്തും. ആശങ്ക വേണ്ട.
? വനിത ലോകകപ്പിൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ടോ
-അന്താരാഷ്ട്രതലത്തിൽ നാം ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. ദേശീയ ഫുട്ബാളിലായിരുന്നു ശ്രദ്ധ. അതിലപ്പുറമുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ലോകകപ്പ് സാധ്യത കാണുന്നുണ്ട്.
? എന്തുകൊണ്ടാണ് ഇന്ത്യൻ ടീം കോച്ചുമാർക്ക് നിരന്തരമായ സ്ഥാനചലനം
-ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള പ്രതിഭാസമാണത്. കോച്ചുമാർ മാറിമാറി വരുന്നുണ്ട്. പക്ഷേ, നമുക്കൊരു സ്ഥിരം പരിഹാരം കിട്ടുന്നില്ല. ദേശീയ ടീമിനായി കിട്ടുന്ന കളിക്കാർക്ക് അധികം സമയം കിട്ടുന്നില്ല. മനോലോ മാർക്വേസ് നല്ല കോച്ചായിരുന്നു. ഇന്ത്യയിൽ വന്ന മികച്ച ഐ.എസ്.എൽ കോച്ചുമാരിലൊരാളാണ്. ഇന്ത്യൻ കളിക്കാരെ ഒരുപാട് മെച്ചെപ്പടുത്തി. ഇന്ത്യന് സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പരിശീലകനായിരുന്നു. അദ്ദേഹത്തിനു കീഴിൽ ക്ലബിനു കളിച്ചവരെല്ലാം നന്നായി മെച്ചപ്പെട്ടിട്ടുണ്ട്.
പക്ഷേ, ഇന്ത്യൻ കോച്ചുമാർക്ക് കളിക്കാരെ മുഴുവൻസമയം കിട്ടുന്നില്ല. കിട്ടുന്ന സമയം വളരെ കുറവാണ്. പരിമിതമായ സമയത്തിൽ എല്ലാം ചെയ്യണം. എല്ലാ കോച്ചുമാരുടെയും ഗതി ഇതാണ്. ആരു കോച്ചായി വന്നാലും ഈ പ്രശ്നം തുടരുകതന്നെ ചെയ്യും. മറ്റ് പല രാജ്യങ്ങളിലും അങ്ങനെയല്ല. അർജന്റീനയോ, സ്പെയിനോ, ഫ്രാൻസോ, ഇറ്റലിയോ ടീം അങ്ങനെയല്ല. ഉയർന്ന ലീഗുകളിൽ ടീം കളിക്കുന്നു. കോച്ചുമാരുടെ തന്ത്രങ്ങളും ടീമിന്റെ പ്രകടനവും എല്ലാം സെറ്റാകുകയാണ്. അതേ ടീം രാജ്യത്തിനായി കളിക്കുന്നു. ഇവിടെ അങ്ങനെയല്ല. വലിയ പോരായ്മയാണ്. ഇന്ത്യൻ സാഹചര്യത്തിൽ കോച്ചുമാർക്ക് വലിയ മാറ്റം കൊണ്ടുവരാനാകില്ല, വലിയ സമയം കിട്ടാത്തിടത്തോളം.
? കേരളത്തെ എങ്ങനെ കാണുന്നു
-ജീവിതത്തിലെ ഏറ്റവും വലിയ ഒരേടാണ്. കേരളത്തിലെ അനുഭവങ്ങൾ കരിയറിൽ വലുതാണ്. കളിയും കാണികളെയും എല്ലാം തന്നെ ആസ്വദിച്ച നാടാണ്. വിജയേട്ടനും (ഐ.എം വിജയൻ) ജോപോളും (ജോപോൾ അഞ്ചേരി) എല്ലാം ഫുട്ബാളിനെ ഹൃദയംകൊണ്ട് കളിച്ചവരാണ്. അവർെക്കാപ്പം ഏറെകാലമാണ് ഇൗ മണ്ണിലൂടെ കടന്നുപോയത്. 1997ൽ കൊച്ചിയിൽ നടന്ന നെഹ്റു കപ്പ് ഫുട്ബാൾ കാലഘട്ടം എന്നത്തെയും ഓർമയാണ്. ഒരുപാട് കാണികൾ. ഇപ്പോഴും കാണികൾക്ക് ആവേശം കുറഞ്ഞിട്ടില്ല. പക്ഷേ, പഴയപോലെ പ്രതിഭയുള്ള കളിക്കാർക്ക് കുറവുണ്ടെന്ന് തോന്നുന്നുണ്ട്. എന്താണെന്നറിയില്ല. ഗ്രാസ് റൂട്ടിൽ എന്തോ പ്രശ്നമുണ്ടോയെന്നറിയില്ല. ഒരു കാര്യം ഉറപ്പാണ്, തൊണ്ണൂറുകളിലോ രണ്ടായിരങ്ങളിലോ വളർന്നുവന്ന തലമുറയിലെ കളിക്കാരെ ഇപ്പോൾ കാണുന്നില്ല. ഏതോ രീതിയിൽ ഒരു പിന്നോട്ടുവലി ഉണ്ട്.
? പുതിയ നിയോഗം
-ഗോകുലത്തിനെ കരുത്തുറ്റതാക്കി ദേശീയ ടീമിലേക്ക് നാലോ അഞ്ചോ അംഗങ്ങളെ എത്തിക്കുക. ഗോകുലത്തിന്റെ യൂത്ത് ഡെവലപ്മെന്റ് എന്നത് കേരളത്തിന്റെ കൂടി വളർച്ചയാക്കി കളിക്കാരെ വാർത്തെടുക്കുക. ഗോകുലം ലക്ഷ്യം വെക്കുന്നതും അതാണെന്ന് മനസ്സിലാക്കുന്നു. ആഗസ്റ്റ് ആദ്യ ആഴ്ച എത്തിയ ഉടൻ ട്രയൽസ് ആരംഭിക്കും. കേരളം, തമിഴ്നാട്, മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങളെ ഉൾപ്പെടുത്തിയാണ് ട്രയൽസ്. നന്നായി കളിച്ചു വളർന്നുവരുന്ന മറ്റ് സംസ്ഥാനങ്ങളിലെ യും താരങ്ങൾക്ക് അവസരം കൊടുക്കും. നല്ല ടീമിനെ വാർത്തെടുക്കണം. തങ്ങളുടെ കഴിവുകളും അതിലപ്പുറവും കളിക്കാർക്ക് നൽകാനാണ് ഒരു കോച്ച് ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

