മുൻ ഇന്ത്യൻ ഫുട്ബാൾ താരം എ. ശ്രീനിവാസൻ അന്തരിച്ചു
text_fieldsതളിപ്പറമ്പ് (കണ്ണൂർ): മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ നാലിലെ കമാണ്ടന്റും മുൻ ഇന്ത്യൻ ഫുട്ബാൾ താരവുമായിരുന്ന എ. ശ്രീനിവാസൻ (53) അന്തരിച്ചു. കണ്ണൂർ അത്താഴകുന്ന് സ്വദേശിയാണ്. അസുഖ ബാധിതനായ അദ്ദേഹം ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
കേരള ഫുട്ബാളിലെ എക്കാലത്തെയും സ്റ്റാർ സ്ട്രൈക്കർ ആയിരുന്നു. പത്തൊമ്പതാം വയസ്സിൽ ഏഷ്യൻ ജൂനിയർ ഫുട്ബാൾ ടീമിൽ ഇന്ത്യക്കുവേണ്ടി ബൂട്ടണിഞ്ഞു. 1986, 87, 88 വർഷങ്ങളിൽ ഡൽഹിയിൽ നടന്ന സുബ്രദോ കപ്പ് ഫുട്ബാളിൽ തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ ടീമിന് വേണ്ടി ജഴ്സിയണിഞ്ഞു.
1988ൽ പാലക്കാട് നടന്ന ജൂനിയർ ദേശീയ ഫുട്ബാൾ മാച്ചിലും 89ൽ ഷില്ലോംഗിൽ അണ്ടർ 19 ദേശീയ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലും കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 1989ൽ എഫ്.എ.സി.ടി ടീമിൽ ഇടംപിടിച്ചു. 1990ൽ കോഴിക്കോട് നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ (യോഗ്യതാ റൗണ്ടിൽ) ഇന്ത്യൻ ടീമിന്റെ കുപ്പായമണിഞ്ഞ് മാലിക്കെതിരെ വിജയഗോൾ നേടി. 1990 നവംബർ മൂന്ന് മുതൽ 15 വരെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്ബാൾ ചാമ്പ്യൻസ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ വടക്കൻ കൊറിയ, ഖത്തർ, ഇന്ത്യോനേഷ്യ ടീമുകളുമായി നടന്ന മത്സരങ്ങളിൽ ഇന്ത്യക്കായി മുഴുവൻസമയ കളിക്കാരനായി തിളങ്ങി.
1991ൽ കോയമ്പത്തൂരിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരള ടീം അംഗംമായി. 1992ൽ എഫ്.എ.സി.ടിയിൽനിന്ന് രാജിവെച്ച് കേരള പൊലീസ് ഫുട്ബാൾ ടീമിൽ ഇടംപിടിച്ചു. 1992ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. 92ൽ ലക്നൗ ദേശീയ പൊലീസ് ഗെയിംസിൽ മൂന്നാം സ്ഥാനത്ത് വന്ന കേരള പൊലീസിനുവേണ്ടി നിരവധി ഗോളുകൾ നേടാനും സാധിച്ചിരുന്നു. 95ൽ കോഴിക്കോട് നടന്ന സിസേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യയിലെ പ്രശസ്ത ഫുട്ബാൾ ക്ലബ്ബായ കൽക്കത്ത മുഹമ്മദൻസ് സ്പോട്ടിംങ്ങിനെതിരെ ശ്രീനിവാസൻ ഹാട്രിക്ക് നേടി പൊലീസ് ടീമിന് ഉജ്ജ്വലവിജയം നേടിക്കൊടുത്തു. പത്തു വർഷം കേരള പൊലീസിന്റെ ജഴ്സിയണിഞ്ഞു.
വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ മാങ്ങാട്ട് പറമ്പ് കെ.എ.പി ബറ്റാലിയൻ ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. 11ഓടെ കൊറ്റാളിയിലെ വീട്ടിൽ എത്തിച്ച് കൊറ്റാളി ക്ഷേത്രത്തിന് സമീപമുള്ള സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. അരിങ്ങളയൻ വീട്ടിൽ ഗോപാലന്റെയും കമലയുടെയും മകനാണ്. ഭാര്യ: ബീന (സീനിയർ ഫാർമസിസ്റ്റ്, പറശ്ശിനിക്കടവ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ). മക്കൾ: വിഷ്ണു ശ്രീനിവാസ് (കൊച്ചിയിൽ മറൈൻ എൻജിനീയറിങ് വിദ്യാർഥി), അമീഷ ശ്രീനിവാസൻ (രണ്ടാം വർഷ ഫോറൻസിക് സയൻസ് വിദ്യാർഥിനി, ക്രിസ്തു ജയന്തി കോളജ്, ബംഗളുരു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

