ഒളിമ്പ്യൻ സമർ 'ബദ്റു' ബാനർജി ഓർമയായി
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിന്റെ സുവർണ കാലത്തെ താരം സമർ ബദ്റു ബാനർജി (92) അന്തരിച്ചു. ഇന്ത്യ ഒളിമ്പിക്സിൽ ആദ്യമായി നാലാം സ്ഥാനം കരസ്ഥമാക്കിയ മെൽബണിൽ നായകനായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
അടുപ്പക്കാർക്കും ആരാധകർക്കുമിടയിൽ ബദ്റു ദാ എന്നറിയപ്പെട്ടിരുന്ന സമർ ബാനർജി മോഹൻ ബഗാന്റെ ഇതിഹാസ താരങ്ങളിലൊരാളാണ്. മെൽബൺ ഒളിമ്പിക്സിലെ നായകത്വമാണ് സമർ ബാനർജിയുടെ പ്രശസ്തിയുയർത്തിയത്. വിഖ്യാത കോച്ച് സയ്യിദ് അബ്ദുറഹീം പരിശീലിപ്പിച്ച ടീമിൽ പി.കെ. ബാനർജി, നെവിൽ ഡിസൂസ, കിട്ടു കൃഷ്ണസ്വാമി, മലയാളി താരം അബ്ദുറഹ്മാൻ (ഒളിമ്പ്യൻ റഹ്മാൻ) എന്നിവരൊക്കെയുണ്ടായിരുന്നുവെങ്കിലും നായകനാവാൻ ഭാഗ്യമുണ്ടായത് സമർ ബാനർജിക്കായിരുന്നു.
ആദ്യ കളിയിൽ വാക്കോവർ ലഭിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ഡിസൂസയുടെ ഹാട്രിക് മികവിൽ ആസ്ട്രേലിയയെ 4-2ന് തോൽപിച്ച് സെമിയിലെത്തി. അവസാന നാലിലെ പോരിൽ യുഗോസ്‍ലാവ്യയോട് 4-1ന് തോറ്റെങ്കിലും നാലാം സ്ഥാനം കരസ്ഥമാക്കാൻ ബദ്റു ദായുടെ ടീമിനായി. ഇന്ത്യൻ ഫുട്ബാളിലെ ഏറ്റവും മികച്ച നേട്ടമായി ഇന്നും അത് നിലനിൽക്കുന്നു.
1930 ജനുവരി 30ന് ഹൗറക്കടുയ്യ ബാലിയിൽ ജനിച്ച സമർ 18ാം വയസ്സിൽ ബാലി പ്രോട്ടീവ ക്ലബിലൂടെയാണ് കളി തുടങ്ങിയത്. പിന്നീട് ബംഗാൾ നാഗ്പൂർ റെയിൽവേക്കും പന്തുതട്ടിയശേഷം 1952ലാണ് മോഹൻ ബഗാനിലെത്തുന്നത്. എട്ടു സീസണുകളിൽ പച്ചയും മെറൂണും ജഴ്സിയണിഞ്ഞ സമർ അതുവഴി ഇന്ത്യൻ ടീമിലേക്കും നായകസ്ഥാനത്തേക്കും ഉയർന്നു.
ബംഗാളിനായി കളിക്കാരനായി രണ്ടു വട്ടവും കോച്ചായി ഒരു തവണയും സന്തോഷ് ട്രോഫിയും നേടിയിട്ടുണ്ട് ബദ്റു ദാ. പി.കെ. ബാനർജി, ചുനി ഗോസ്വാമി, സുഭാഷ് ഭൗമിക്, സുരജിത് സെൻ ഗുപ്ത തുടങ്ങിയവരുടെ പിന്നാലെ സമർ ബാനർജിയും യാത്രയായതോടെ ഇന്ത്യൻ ഫുട്ബാളിന് കനത്ത നഷ്ടമാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

