ഫുട്ബാൾ താരം എം. ബാബുരാജ് അന്തരിച്ചു
text_fieldsപയ്യന്നൂർ: കേരള പോലിസിന്റെ പ്രതാപകാലത്ത് ടീമിലെ നിർണായക സാന്നിധ്യമായിരുന്ന വിങ് ബാക്ക് പയ്യന്നൂർ അന്നൂരിലെ എം. ബാബുരാജ് (60) നിര്യാതനായി. കേരള പൊലീസ് റിട്ട. അസി. കമാൻഡൻറന്റായ ബാബുരാജ് മുൻ സന്തോഷ് ട്രോഫി താരവും പയ്യന്നൂർ കോളജ് ഫുട്ബാൾ ടീം ക്യാപ്റ്റനുമായിരുന്നു. പയ്യന്നൂർ കോളജ് ടീമിലൂടെയാണ് കാൽപന്തുകളിയിൽ സജീവമായത്. 1986ൽ ഹവിൽദാറായി നിയമനം ലഭിച്ചതോടെ പൊലീസ് ടീമിൽ സജീവമായി.
യു. ഷറഫലി, വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, ലിസ്റ്റൺ, ഹബീബ് റഹ്മാൻ തുടങ്ങിയ വമ്പൻ താരനിരയടങ്ങിയ പൊലീസ് ടീമിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച പ്രതിഭയായിരുന്നു ബാബുരാജ്. ഇന്ത്യയിലും വിദേശത്തും നിരവധി ടൂർണമെൻറുകളിൽ കളിച്ചു. കൊല്ലത്ത് നടന്ന സന്തോഷ് ട്രോഫിയിലും കേരള പൊലീസ് ചാമ്പ്യന്മാരായ 1990, 91 ഫെഡറേഷൻ കപ്പുകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ബാബുരാജ് ഫുട്ബാൾ ആരാധകരുടെ പ്രിയതാരമായി. കണ്ണൂരിൽ നടന്ന ശ്രീനാരായണ കപ്പ് ടൂർണമെന്റിൽ കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിനെതിരെയുള്ള കളിയിൽ ഗോൾ നേടിയിരുന്നു.
2008ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. പിതാവ്: പരേതനായ നാരായണൻ. മാതാവ്: എം. നാരായണി. ഭാര്യ: യു. പുഷ്പ. മക്കൾ: എം. സുജിൻ രാജ്, എം. സുബിൻ രാജ്. മരുമകൾ: പ്രഗതി സുജിൻ രാജ്. സഹോദരങ്ങൾ: എം. അനിൽ കുമാർ (റിട്ട. ഹവിൽദാർ), അനിതകുമാരി, പരേതനായ വേണുഗോപാൽ. സംസ്‍കാരം ഞായറാഴ്ച രാവിലെ 10ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

