'മറഡോണയുടെ വിയർപ്പുമണം പോവരുത്; അച്ഛൻ ഷർട്ട് കഴുകാതെ വെക്കണേ'
text_fields2012 ഒക്ടോബർ 24ന് കണ്ണൂർ സ്റ്റേഡിയത്തിൽ സംഭവിച്ചതോർക്കുമ്പോൾ ഇപ്പോഴും ഉള്ളിലൊരു കുളിരാണ്. സ്വപ്നലോകത്തായിരുന്നെന്നുവരേ തോന്നും. ഡീഗോ മറഡോണയെ ഫുട്ബാളിലെ ദൈവമായാണ് ഞാൻ കണക്കാക്കുന്നത്. അങ്ങനെയൊരാളെ അടുത്തു കാണുക, കൂടെ പന്തു തട്ടുക, പിന്നെ കെട്ടിപ്പിടിക്കുക. എൻറത്ര ഹാപ്പിയായിട്ടൊരാളും അന്നവിടെനിന്ന് മടങ്ങിയിട്ടുണ്ടാവില്ല. അയ്യോ! ബോബി ചെമ്മണൂർ മൂന്നു കോടി മുടക്കിയത് ജ്വല്ലറി ഉദ്ഘാടനത്തിനോ, അതോ എനിക്കു വേണ്ടിയോ എന്നു വരെ തോന്നിപ്പോയിട്ടുണ്ട്.
ലോകകപ്പ് ടി.വിയിൽ കാണുന്ന നാൾ തൊട്ട് ഉള്ളിൽ കൊണ്ടുനടക്കുന്ന മോഹം. മറഡോണയെ ഒന്ന് കാണണം, പറ്റിയാലൊന്ന് തൊടണം. 2002 ലെ ജപ്പാൻ-കൊറിയ ലോകകപ്പിനു പോയപ്പോൾ ചില്ലുകൂട്ടിന് പുറത്തുനിന്ന് പെലെയെ നോക്കിയിട്ടുണ്ട്. പക്ഷേ, മറഡോണയെ കണ്ടിട്ടില്ലായിരുന്നു. അദ്ദേഹം കണ്ണൂരിൽ വന്നപ്പോൾ പരിപാടിയുടെ തലേന്നു തന്നെ ഞങ്ങൾ അവിടെയെത്തി. ഞാനും ഷറഫ് സാറും (ഷറഫലി) ജോപോളും കുടുംബസമേതം. ആസിഫ് സഹീറുമുണ്ടായിരുന്നു കൂടെ. മറഡോണയെ പരിചയപ്പെടാനും ഫോട്ടോയെടുക്കാനുമെല്ലാം പ്ലാൻ ചെയ്ത് ഞങ്ങൾ ഹോട്ടലിലെത്തി. പക്ഷേ, പുള്ളിക്കാരൻ പിടിതന്നില്ല. വേറേതോ മൂഡിലായിരുന്നു. ശരിക്ക് കാണാൻപോലും പറ്റിയില്ല. നട്ടപ്പാതിരാക്കും ഹോട്ടലിന് പുറത്ത് ആരാധകരുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ. ഞങ്ങൾ ഗാലറിയിലായിരുന്നു. താഴെയതാ മറഡോണ ആട്ടവും പാട്ടുമായി തകർക്കുന്നു, കേക്ക് മുറിക്കുന്നു, ആരാധകർക്കിടയിലേക്ക് പന്തടിക്കുന്നു. എനിക്ക് ഇരിക്കപ്പൊറുതിയില്ലാണ്ടായി. ആൾക്കൂട്ടത്തിനിടയിലൂടെ പതുക്കെ ഞാൻ ഇറങ്ങിനടന്നു. സ്റ്റേഡിയത്തിനകത്തേക്ക് ഈച്ചയെപ്പോലും കടത്തിവിടാണ്ട് പൊലീസുകാർ നിൽപാണ്. രണ്ടും കൽപിച്ച് ഞാൻ ചെന്നു. എന്നെ അകത്തേക്ക് വിടണമെന്നു പറഞ്ഞു മുഴുമിപ്പിച്ചില്ല. 'സാറ് പൊക്കോളൂ'ന്നും പറഞ്ഞ് അവർ കയറ്റിവിട്ടു. നേരെ രഞ്ജിനി ഹരിദാസിെൻറയടുക്കൽ കാര്യം അവതരിപ്പിച്ചു. അവർ ട്രാൻസ്ലേറ്ററോട് എന്തോ മന്ത്രിക്കുന്നതു കണ്ടു. പിന്നെ നടന്നതാണ് എല്ലാരും ടി.വിയിൽ കണ്ടത്. അല്ലാതെ മുൻകൂട്ടി പ്ലാൻ ചെയ്തതൊന്നുമല്ല.
കിട്ടിയ ചാൻസിൽ കളി തുടങ്ങി. പുള്ളിക്ക് നല്ല ഹരം. അതിനേക്കാൾ എനിക്കും. ലോട്ടറിയടിച്ച ഫീലിങ്ങായിരുന്നു അപ്പോൾ. കളിക്കുശേഷം മറഡോണ എന്നെ കെട്ടിപ്പിടിച്ചു. ഇതും പറഞ്ഞാണ് ആരാധകർ എന്നെ വളഞ്ഞത്. അവർക്ക് മറഡോണയുടെ വിയർപ്പ് മണമെങ്കിലും കിട്ടണം. ഞാൻ ശരിക്കും പെട്ടു. ആൾക്കാരുടെ പിടിവലിയിൽ എെൻറ ഷർട്ടും കീറി. എെൻറ മോൻ ആരോമൽ അന്ന് പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. അച്ഛൻ ഷർട്ട് കഴുകാതെ വെക്കണേന്ന്. മറഡോണയുടെ വിയർപ്പ് മണം പോവാതിരിക്കാനാന്ന്. ഞാനും മറഡോണയുമുള്ള ഫോട്ടോ ഉടൻ തന്നെ ഒരു ചങ്ങാതി ഫ്രെയിം ചെയ്ത് എനിക്ക് കൊണ്ടുവന്നു തന്നിരുന്നു. അതൊരു നിധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
