ഫുട്ബാളിനെ കൊള്ളയടിച്ചു; സെനഗാളിനും ഐവറി കോസ്റ്റിനും നീതി ലഭിച്ചില്ല -ദ്രോഗ്ബെ
text_fieldsടെക്സാസ്: ലോകകപ്പിൽ ആഫ്രിക്കൻ ടീമുകളുടെ പുറത്താവലിന് വഴിവെച്ച പെനാൽറ്റി വിവാദത്തിൽ പ്രതികരിച്ച് ഐവറി കോസ്റ്റ് മുൻ ഇതിഹാസ താരം ദിദിയർ ദ്രോഗ്ബ. റഫറിയുടെ തെറ്റായ തീരുമാനങ്ങളും, വി.എ.ആറിലെ പിഴവുകളും അപമാനകരമായെന്ന് ദ്രോഗ്ബ തുറന്നടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഐവറി കോസ്റ്റ്-നോർവേ, സെനഗാൾ-ബെൽജിയം മത്സരങ്ങളിലെ തെറ്റായ തീരുമാനങ്ങളെയാണ് മുൻ ചെൽസി സൂപ്പർതാരം കൂടിയായ ദ്രോഗ്ബ കടുത്ത ഭാഷയിൽ വിമർശിച്ചത്.
റൗണ്ട് ഓഫ് 32ൽ നോർവേ-ഐവറി കോസ്റ്റ് മത്സരത്തിനിടെ മുന്നേറ്റ നിര താരം നികോളസ് പെപെയെ ഫൗൾ ചെയ്തതിന് അർഹമായ പെനാൽറ്റി ലഭിക്കാത്തത് റഫറിയിങ്ങിലെ പരാജയമാണെന്ന് കഴിഞ്ഞ ദിവസം ദ്രോഗ്ബ കുറ്റപ്പെടുത്തിയിരുന്നു. കളിയുടെ രണ്ടാം പകുതിയിലായിരുന്നു നോർവീജിയൻ ബോക്സിനുള്ളിൽ പെപെയെ അപകടകരമാംവിധം ടാക്കിൾ ചെയ്ത് വീഴ്ത്തിയത്. ഫൗളിനെതിരെ സഹതാരങ്ങൾ അപ്പീൽ നടത്തിയെങ്കിലും പെനാൽറ്റി വിധിക്കാനോ, വി.എ.ആർ പരിശോധന നടത്താനോ റഫറി തയാറായില്ല. ‘പെപെക്കെതിരായ ഫൗൾ പെനാൽറ്റി വിളിക്കാത്തത് അപമാനകരമാണ്. വി.എ.ആർ പിന്നെയെന്തിനാണ്’ -എക്സ് പേജിലൂടെ ദ്രോഗ്ബെ ചോദിച്ചു. മത്സരത്തിൽ 86ാം മിനിറ്റിൽ എർലിങ് ഹാലൻഡ് നേടിയ ഗോളിലൂടെ നോർവേ 2-1ന് ജയിച്ച് പ്രീക്വാർട്ടറിൽ കടക്കുകയായിരുന്നു.
ഐവറി കോസ്റ്റിന്റെ പുറത്താവലിന് വഴിവെച്ച സംഭവത്തിന്റെ വെടിയും പുകയും അടങ്ങും മുമ്പാണ് സെനഗാൾ-ബെൽജിയം മത്സരവും വിവാദത്തിലായത്. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ കളിയുടെ 125ാം മിനിറ്റിൽ റഫറി വിധിച്ച പെനാൽറ്റി ഗോളിലൂടെ സെനഗാൾ പുറത്താവുകയായിരുന്നു. ഇതിനെയും ദ്രോഗ്ബെ രൂക്ഷമായി വിമർശിച്ചു. സെനഗാളിനെതിരായ തെറ്റായ വിധി ഹൃദയഭേദകമെന്നായിരുന്നു താരത്തിന്റെ പരാമർശം. ‘‘വെറുമൊരു ടീമിന്റെ പുറത്താവലല്ല. ഒരു രാജ്യത്തിന്റെ തന്നെ ഹൃദയം തകരുന്ന നിമിഷമാണ്. അവരുടെ സ്വപ്നങ്ങളും കഠിനാധ്വാനവും വർഷങ്ങളുടെ കാത്തിരിപ്പുമാണ് തകർത്തത്. വി.എ.ആർ ഫുട്ബാളിന്റെ സംരക്ഷണത്തിനല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ഫുട്ബാളിന്റെ സംരക്ഷണത്തിന് വി.എ.ആർ ഉണ്ടെന്ന് എന്നോട് പറയരുത്. സാങ്കേതികവിദ്യയിൽ രാജ്യം മുഴുവൻ കൊള്ളയടിക്കപ്പെട്ടുവെങ്കിൽ, അത് എന്താണ് സംരക്ഷിക്കുന്നത്?’’ -ദ്രോഗ്ബെ രോഷത്തോടെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

