അർജന്റീനയിൽ ഫുട്ബാൾ സമരം; കളിമുടക്കി ക്ലബുകൾ
text_fieldsപ്രതീകാത്മക ചിത്രം
ബ്വേനസ് എയ്റിസ്: അർജന്റീനയിൽ കളിമുടക്ക് സമരവുമായി ഫുട്ബാൾ ക്ലബുകൾ. അർജന്റീന ഫുട്ബാൾ അസോസിയേഷൻ മേധാവി ക്ലോഡിയോ ടാപിയക്കെതിരായ കോടതി നടപടിക്ക് പിന്നാലെയാണ് ഐക്യദാർഢ്യവുമായി ക്ലബുകൾ രംഗത്തെത്തിയത്. ഫണ്ട് വെട്ടിപ്പ് കേസിൽ ടാപിയ മാർച്ച് അഞ്ചിന് കോടതിയിലെത്തി മൊഴി നൽകണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.
സർക്കാറിനു കീഴിലെ കസ്റ്റംസ് റവന്യൂ ആൻഡ് കൺട്രോൾ ഏജൻസി നൽകിയ പരാതി പ്രകാരമായിരുന്നു ടാപിയക്ക് സമൻസ്. സാമൂഹിക സുരക്ഷ സംഭാവന ഇനത്തിൽ ലഭിച്ച 1.3 കോടി ഡോളർ അടച്ചില്ലെന്നാരോപിച്ചായിരുന്നു പരാതി. ടാപിയോക്കുപുറമെ അസോസിയേഷൻ ട്രഷറർ പാേബ്ലാ ടൊവിഗിനോ, ജനറൽ സെക്രട്ടറി ക്രിസ്റ്റ്യൻ മലസ്പിന, ഡയറക്ടർ ഗുസ്താവോ ലോറൻസോ എന്നിവരും മൊഴി നൽകണം. ടാപിയോക്ക് യാത്രാവിലക്കും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് യാത്രാ ഇളവ് അനുവദിച്ചിട്ടുണ്ട്.
കോടതി ഇടപെടലിനുപിന്നാലെ മാർച്ച് അഞ്ചിനും എട്ടിനുമിടയിലെ എല്ലാ മത്സരങ്ങളും നിർത്തിവെക്കുകയാണെന്ന് പ്രഫഷനൽ ലീഗ് എക്സിക്യൂട്ടിവ് കമ്മിറ്റി പ്രഖ്യാപിച്ചു. അസോസിയേഷനെതിരെ നേരത്തെ കള്ളപ്പണ കേസും എടുത്തിരുന്നു. ഇതേത്തുടർന്ന് ഓഫിസിൽ റെയ്ഡും നടന്നു. തീവ്രവലതുപക്ഷ നേതാവായ പ്രസിഡന്റ് യാവിയർ മിലീയുടെ നീക്കങ്ങളാണ് ഇതിന് പിന്നില്ലെന്നാണ് അസോസിയേഷൻ പരാതി. രാജ്യത്തെ ഫുട്ബാൾ ക്ലബുകൾ സ്പോർട്സ് കമ്പനികളാക്കണമെന്നാണ് മിലീയുടെ ആവശ്യം. എന്നാൽ, നിലവിലെ അസോസിയേഷൻ നിയമം ഇത് അനുവദിക്കുന്നില്ല. തൊഴിൽ മേഖലയിലും മിലീയുടെ പരിഷ്കരണങ്ങൾക്കെതിരെ സമരം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

